|    Jan 21 Sat, 2017 5:49 am
FLASH NEWS

അഴീക്കോട്ടെ സ്ഥാനാര്‍ഥിത്വം: മനംതുറക്കാതെ എം വി നികേഷ്‌കുമാര്‍

Published : 27th February 2016 | Posted By: SMR

കണ്ണൂര്‍: യുഡിഎഫില്‍ നിന്ന് അഴീക്കോട് മണ്ഡലം തിരിച്ചുപിടിക്കാന്‍ രണ്ടുംകല്‍പ്പിച്ച് എല്‍ഡിഎഫ്. എന്നാല്‍, സ്ഥാനാര്‍ഥിയാരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം അവര്‍ക്ക് നല്‍കാനുമാവുന്നില്ല. സിഎംപി നേതാവും മുന്‍മന്ത്രിയുമായിരുന്ന എം വി രാഘവന്റെ മകനും പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ് കുമാറിന്റെ പേര് ഉയരുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് എന്തെങ്കിലും വെളിപ്പെടുത്താനോ പ്രതികരിക്കാനോ എം വി നികേഷ്‌കുമാര്‍ തയ്യാറായില്ല.
മല്‍സരിക്കുന്നുണ്ടോ?, എല്‍ഡിഎഫ് സമീപിച്ചിരുന്നോ, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എപ്പോള്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന ചോദ്യങ്ങള്‍ക്കെല്ലാം ‘എയ് ഒന്നുമില്ലെന്നേ’ എന്ന ഒറ്റമറുപടി മാത്രമാണ് എം വി നികേഷ്‌കുമാറില്‍ നിന്നുണ്ടായത്. എം വി രാഘവന്റെ നിര്യാണത്തോടെ പിളര്‍പ്പ് പൂര്‍ണമായ സിഎംപിയില്‍ അരവിന്ദാക്ഷന്‍ വിഭാഗത്തോടാണ് മമതയെന്ന് എം വി നികേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എം വി രാഘവന്റെ മരണത്തിന ശേഷം കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പമെത്തി നികേഷ് തന്റെ രാഷ്ട്രീയപ്രവേശനം വിളംബരം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മല്‍സരരംഗത്ത് നികേഷെത്തിയാല്‍ അത് വലിയ അദ്ഭുതമൊന്നുമാവുകയുമില്ല. കണ്ണൂരില്‍ യുഡിഎഫിനു വേണ്ടി ലീഗ് മല്‍സരക്കുന്ന ഏക മണ്ഡലമാണ് അഴിക്കോട്.
കഴിഞ്ഞ തവണ തലനാരിഴയ്ക്കാണ് കെ എം ഷാജി സിപിഎമ്മിലെ എം പ്രകാശന്‍മാസ്റ്ററെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയത്. സംസ്ഥാനത്തെ തന്നെ കുറഞ്ഞ ഭൂരിപക്ഷമായിരുന്നു കെ എം ഷാജിയുടെത്. അതുകൊണ്ടു തന്നെ ഇക്കുറി ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൈയ്യിലൊതുക്കാമെന്നാണ് എല്‍ഡിഎഫ് കണക്ക്കൂട്ടല്‍. യുഡിഎഫില്‍ നിന്ന് കെ എം ഷാജി തന്നെ മല്‍സരരംഗത്തിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കെ എം ഷാജിക്കെതിരേ എം വി നികേഷ്‌കുമാര്‍ അല്ലെങ്കില്‍ കല്ല്യാശ്ശേരി എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ ടി വി രാജേഷ് എന്നിവരെ മല്‍സരിപ്പിക്കനാണ് എല്‍ഡിഎഫില്‍ ആലോചന നടക്കുന്നത്.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മണ്ഡലത്തില്‍ നിന്ന് ഇക്കുറി വിജയിക്കുക പ്രയാസമാണെന്ന് കെ എം ഷാജിയും യുഡിഎഫും കണക്ക്കൂട്ടുന്നു. അതുകൊണ്ടു തന്നെ യുഡിഎഫിന് പുറത്ത് ബിജെപി-ആര്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ചില നീക്കങ്ങള്‍ ഷാജി നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. നിയമസഭയില്‍ ആര്‍എസ്എസ്സിന് വേണ്ടി വാദിച്ചതും ആര്‍എസ്എസ് ചാനലായ ജനത്തില്‍ അഭിമുഖം നല്‍കി വിവാദപ്രസ്താവനകള്‍ക്ക് തുനിഞ്ഞതൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.— എല്‍ഡിഎഫ്-യുഡിഎഫിന് പുറമെ എസ്ഡിപിഐയ്ക്ക് നിര്‍ണായക വോട്ട് മണ്ഡലത്തിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക