|    Oct 16 Tue, 2018 3:17 pm
FLASH NEWS

അഴീക്കല്‍ പോര്‍ട്ട്: മണല്‍വില വര്‍ധിപ്പിച്ചു

Published : 29th January 2017 | Posted By: fsq

 

കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ടില്‍നിന്ന് ഡ്രഡ്ജ് ചെയ്തുവില്‍ക്കുന്ന മണലിന്റെ വിലയില്‍ 10 ശതമാനം വര്‍ധന. നിരക്കുവര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. നിലവില്‍ ഡ്രഡ്ജ് ചെയ്ത ഒരുടണ്‍ മണലിന് 1353 രൂപയാണ് സഹകരണ സംഘങ്ങള്‍ ഈടാക്കുന്നത്. പുതിയ തീരുമാനപ്രകാരം ഇത് 1488 രൂപയായി ഉയരും. എന്നാല്‍, മണല്‍ കഴുകി അരിക്കുന്നതിനുള്ള വിലയില്‍ മാറ്റമില്ല. ഇതു ടണ്ണിന് 200 രൂപയായി തുടരും. മാന്വല്‍ ഡ്രഡ്ജ് ചെയ്ത് മണല്‍ വില്‍പ്പന നടത്തുന്നതിനുള്ള സഹകരണ സംഘങ്ങളുടെ ടെന്‍ഡര്‍ അനുമതി കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഇതിനാല്‍ മാര്‍ച്ച് 31 വരെയുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. അതേസമയം, അഴീക്കല്‍ പോര്‍ട്ടില്‍ വര്‍ഷങ്ങളായി മാന്വല്‍ ഡ്രഡ്ജിങ് നടത്തുന്ന സഹകരണസംഘങ്ങള്‍ തുറമുഖ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധത്തിലാണ്. 21 സംഘങ്ങളില്‍ രണ്ടുസംഘം ഇതിനകം ഡ്രഡ്ജ് നിര്‍ത്തി. ഈ മേഖല കുത്തകകള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമാണ് പോര്‍ട്ട് അധികൃതരുടെ തലതിരിഞ്ഞ നടപടികളെന്നാണ് കേരള പോര്‍ട്ട് മാന്വല്‍ ഡ്രഡ്ജിങ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആരോപണം. സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട്് സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരേ പുകമറ സൃഷ്ടിക്കുകയാണെന്ന് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം വി കുഞ്ഞിരാമന്‍ പറഞ്ഞു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും നടപടിയില്ല. നിലവില്‍ ഒരുടണ്‍ മണലിന് 91 രൂപ അധികം കൊടുക്കേണ്ടി വരികയാണെന്ന് കോണ്‍ഗ്രസ് നിയന്ത്രിത സഹകരണ സംഘത്തിന്റെ ഭാരവാഹി സത്യന്‍ നരവൂര്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് ഡ്രഡ്ജിങ് ഫീസ് 30 രൂപയില്‍നിന്നു 508 രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ആഗസ്ത് വരെ നാലുകോടി എട്ടുലക്ഷം രൂപയാണ് ഡ്രഡ്ജിങ് ഇനത്തില്‍ സര്‍ക്കാരിന് മാസംതോറും ലഭിച്ചിരുന്ന വരുമാനം. എന്നാല്‍, ചില സൊസൈറ്റികള്‍ പിന്‍മാറിയതോടെ വരുമാനം ഒന്നര കോടിയായി ഇടിഞ്ഞു. ഗ്ലോബല്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തെ അഴീക്കലില്‍ മണലെടുക്കാന്‍ നിയോഗിക്കാനുള്ള നീക്കം സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഏഴുവര്‍ഷം മുമ്പ് 10 രൂപയില്‍ താഴെയായിരുന്നു ഒരടി മണലിന്റെ വില. ടണ്ണിന് 30 രൂപ ഡ്രഡ്ജിങ് ഫീസും 10 രൂപ റോയല്‍റ്റിയും 10 രൂപ വെഹിക്കിള്‍ പാസും ഉണ്ടായിരുന്ന സ്ഥാനത്ത് യഥാക്രമം 462, 40, 220 എന്നിങ്ങനെയാണു നിരക്ക്. രജിസ്‌ട്രേഷന്‍ ഫീസ് 11000 രൂപയും ജെട്ടി ലൈസന്‍സ് ഫീസ് 11000 രൂപയായും ഉയര്‍ത്തി. ചീന രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപ, മണല്‍വാരുന്ന ചീനയ്ക്ക് 1100 രൂപ, 5 ശതമാനം വാറ്റ്, രണ്ടുശതമാനം അഡ്വാന്‍സ് ടാക്‌സ്, പോര്‍ട്ട് ജീവനക്കാര്‍ക്ക് ഓവര്‍ടൈം ലൈസന്‍സ് എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss