|    Jul 19 Thu, 2018 5:57 am
FLASH NEWS

അഴിയൂര്‍- മാഹി ബൈപാസ് : ‘നഷ്ടപരിഹാരം നല്‍കുന്നതില്‍ മുഖ്യമന്ത്രി ഇടപെടണം’

Published : 12th September 2017 | Posted By: fsq

 

വടകര: നാമമാത്രമായ തുക നല്‍കി അഴിയൂര്‍-മാഹി ബൈപാസിലെ ഭൂവുടമകളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ 40 വര്‍ഷമായി അഴിയൂര്‍ മുതല്‍ കക്കടവ് വരെയുള്ള 80 കുടുംബങ്ങളാണ് ബൈപാസിനായ് അക്വയര്‍ ചെയ്ത സ്ഥലത്ത് താമസിച്ചുവരുന്നത്. നിര്‍ദിഷ്ട തലശ്ശേരി മാഹി ബൈപാസിന്റെ അഴിയൂര്‍ ഭാഗത്തെ സ്ഥലം നഷ്ടപ്പെടുന്നവരോട് റവന്യൂ വകുപ്പും, ദേശീയപാതാ അതോറിറ്റിയും കാണിക്കുന്ന അവഗണന ഒഴിവാക്കണമെന്ന് ബൈപാസ് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പാക്കാന്‍ ശ്രമിക്കാതെ നാമമാത്ര തുക നല്‍കി ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ റോഡിന് വേണ്ടി 40 വര്‍ഷമായി അളന്ന് തിട്ടപ്പെടുത്തിയ സ്വത്തുക്കള്‍ മാത്രമല്ല, അവിടങ്ങളില്‍ ജീവിതം തകര്‍ന്നടിഞ്ഞ കുറേ കുടുംബങ്ങളാണ് ഉള്ളത്. ക്രയവിക്രയം ചെയ്യാനോ, പണയപ്പെടുത്താനോ, പുതുക്കിപണിയാനോ കഴിയാത്ത വീടുകളും സ്വത്തുക്കളുമാണ് അഴിയൂര്‍ ബൈപാസ് പ്രദേശത്ത് മരവിപ്പിച്ച് നിര്‍ത്തിയത്. 2013ല്‍ പ്രശ്‌നം പരിഹരിച്ച് കിട്ടുമെന്ന് ആശിപ്പിച്ച് ഭൂമിയുടെ എല്ലാ രേഖകളും സമര്‍പ്പിച്ചു. എന്നാല്‍ ഒരു പരിഹാരവും കണ്ടില്ല. ഇപ്പോള്‍ വീണ്ടും എല്ലാ േരഖകളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഏറെ പ്രയാസപ്പെട്ടാണ് വീണ്ടും രേഖകള്‍ തയ്യാറാക്കിയത്. ലാന്റ് അക്വിസിഷന്‍ ഓഫിസ് സര്‍വേ പ്രകാരം തയ്യാറാക്കിയ നഷ്ടപരിഹാര തുക സംബന്ധിച്ച് ദേശീയപാത അതോറിറ്റി അംഗീകരിക്കാതെ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പാതയ്ക്ക് വേണ്ടി അക്വയര്‍ ചെയ്ത പല വീടുകളും നിലംപൊത്തിയ നിലയിലാണ്. അഴിയൂര്‍ ഭാഗത്തെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഭൂവുടമകള്‍ പ്രതിഷേധത്തിനായി ഒത്തുചേര്‍ന്നത്. പ്രസിഡന്റ് കെഎസ് നായര്‍ അധ്യക്ഷത വഹിച്ചു. ഗോപി കൃഷ്ണന്‍, ആയിഷ ഉമ്മര്‍, ടിഎസ് ജയകൃഷ്ണന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss