|    Oct 18 Wed, 2017 2:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഴിയൂരില്‍ വന്‍ വിദേശമദ്യവേട്ട; 630 കുപ്പി മദ്യവും കാറും സഹിതം യുവാവ് പിടിയില്‍

Published : 10th July 2016 | Posted By: SMR

വടകര: അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ വിദേശ മദ്യവേട്ട. മാഹിയില്‍ നിന്നു തൃശൂരിലേക്ക് കടത്തുകയായിരുന്ന 630 കുപ്പി വിദേശ മദ്യവും കാറും സഹിതം യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കാറിലുണ്ടായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി കിച്ചൂര്‍ വില്ലേജിലെ തളിയില്‍ തോട്ടുമുച്ചീക്കല്‍ വീട്ടില്‍ റിയാസാണ് (38) കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ എക്‌സൈസിന്റെ പിടിയിലായത്.
കെഎല്‍ 08 എ ടി 4358 നമ്പര്‍ ടാറ്റ ഇന്‍ഡിക്ക കാറിലാണ് ഇയാള്‍ മദ്യം കടത്തിയത്. വാഹനത്തിന്റെ സീറ്റുകളിലും താഴേയുമായി 35 കെയ്‌സുകളിലായി 315 ലിറ്റര്‍ മദ്യമാണ് 630 കുപ്പികളിലായി അടുക്കിവച്ചിരുന്നത്. പിടികൂടിയ മദ്യത്തിന് മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തില്‍ റിയാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം എക്‌സൈസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. മദ്യം തൃശൂരിലേക്കാണ് കൊണ്ടുപോവുന്നതെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും കോഴിക്കോട് നഗരത്തിലെയും മലപ്പുറത്തെയും പ്രധാന കേന്ദ്രങ്ങളും ഇതില്‍പ്പെടുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
ഇയാള്‍ മുമ്പ് ട്രെയിനില്‍ ചെറിയ തോതില്‍ മദ്യം കടത്തിയിരുന്നു. പിന്നീട് വലിയ രീതിയിലുള്ള മദ്യക്കടത്ത് നടത്തുകയായിരുന്നു. ഇതിനായി ഇയാള്‍ 1,30,000 മുടക്കിയാണ് ഈ കാറ് വാങ്ങിയത്. ഇത് ഇയാളുടെ ആദ്യത്തെ വലിയ മദ്യകടത്താണെന്നു പ്രതി പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ മനോഹരന്‍, പ്രിവന്റീവ് ഓഫിസര്‍ രമേശ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാഗേശ്ബാബു, ജലാലുദ്ദീന്‍, പ്രിയരഞ്ജന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ഈ അടുത്ത കാലത്തായി നടന്ന വിദേശ മദ്യവേട്ടയില്‍ ഏറ്റവും വലുതാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക