|    May 28 Sun, 2017 12:08 pm
FLASH NEWS

അഴിമതി സര്‍ക്കാരിനേക്കാള്‍ നല്ലത് ഏകാധിപത്യം; പട്ടാള അട്ടിമറി ആവശ്യപ്പെട്ട് പാകിസ്താനില്‍ പോസ്റ്ററുകള്‍

Published : 13th July 2016 | Posted By: SMR

raheel-sharifഇസ്‌ലാമാബാദ്: പാകിസ്താനില്‍ സൈനിക മേധാവി ഭരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലും മറ്റു പ്രധാന പട്ടണങ്ങളിലുമാണ് സൈനിക അട്ടിമറി ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പതിച്ചത്. പാകിസ്താന്റെ 69 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലേറെ കാലവും പട്ടാളമാണ് ഭരിച്ചിരുന്നത്. രാജ്യത്തിന്റെ വിദേശ, സൈനിക മേഖലകളില്‍ സൈന്യത്തിന് ശക്തമായ നിയന്ത്രണമാണുള്ളത്.
പാകിസ്താന്റെ സൈനിക മേധാവി ഭരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളില്‍ മൂവ് ഓണ്‍ പാകിസ്താന്‍ എന്ന അറിയപ്പെടാത്ത സംഘടനയുടെ പേരാണുള്ളത്. പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ശരീഫിന്റെ വലിയ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
അഴിമതി സര്‍ക്കാരിനേക്കാള്‍ ഏകാധിപത്യമാണ് നല്ലതെന്ന് മൂവ് ഓണ്‍ പാകിസ്താന്റെ സംഘാടകന്‍ അലി ഹഷ്മി എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. റഹീല്‍ ശരീഫ് തീവ്രവാദത്തോടും അഴിമതിയോടും പുലര്‍ത്തിയ ശക്തമായ നിലപാട് ഇനി വരുന്ന സൈനിക മേധാവിക്കു പുലര്‍ത്താന്‍ സാധിക്കുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ സൈനികമേധാവിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു.
പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് സൈന്യവും സര്‍ക്കാരും പ്രതികരണം നടത്തിയിട്ടില്ല.
എന്നാല്‍, രാജ്യത്ത് രാഷ്ട്രീയഭീഷണിയുള്ളതായി താന്‍ കരുതുന്നില്ലെന്നും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകളുടെ പിന്നില്‍ കൃത്യമായ സംഘടനയില്ലെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഹസന്‍ അസ്‌കാരി പ്രതികരിച്ചു. പോസ്റ്ററുകള്‍ നീക്കം ചെയ്‌തെങ്കിലും കൂടുതല്‍ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതായാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day