|    Jan 17 Tue, 2017 10:32 am
FLASH NEWS

അഴിമതി അനുവദിക്കില്ല; റോഡ് തകര്‍ന്നാല്‍ കരാറുകാരന്‍ ഉത്തരവാദി: മുഖ്യമന്ത്രി

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: നിശ്ചിത കാലയളവിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ ഇനി കരാറുകാരന്‍ ഉത്തരവാദിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകോടി രൂപ ചെലവില്‍ നെടുമങ്ങാട് നിര്‍മിച്ച മുനിസിപ്പല്‍ പാര്‍ക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.  വികസനപദ്ധതികള്‍ ജനങ്ങളിലേക്കെത്താത്തതിനു പ്രധാനകാരണം അഴിമതിയാണ്. കരാറുകാരന്‍ പണി കഴിഞ്ഞുപോവുന്നതിനുമുമ്പ് തന്നെ റോഡിന്റെ സ്ഥിതി അവതാളത്തിലാവും.
ഇത്തരം അഴിമതി വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന പണത്തിന് ഈ ദുരവസ്ഥ ഉണ്ടായിക്കൂടാ. കഷ്ടപ്പെട്ട് പണം കണ്ടെത്തി അത് വികസനത്തിനായി ഉപയോഗിക്കുമ്പോള്‍ ഒരു തലത്തിലും അഴിമതി അനുവദിക്കാനാവില്ല. അതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. റോഡ് അനുവദിച്ചാല്‍ നിശ്ചിത കാലത്തേക്ക് അറ്റകുറ്റ പണികള്‍ അടക്കമുള്ള ഉത്തരാവാദിത്തം കരാറുകാരനായിരിക്കും. സോഷ്യല്‍ ഓഡിറ്റ് പോലുള്ള സംവിധാനം ഇതിനായി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന വികസനകാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. അവ ഓരോന്നായി നടപ്പാക്കിവരികയാണ്. മൂന്നുമാസമെന്നത് വളരെ ചെറിയ കാലയളവാണ്.
ജനങ്ങള്‍ക്കു മുന്നില്‍ നല്‍കിയ ഉറപ്പില്‍ ഒന്നുപോലും വൃഥാവിലായി പോവില്ല. അതു നിറവേറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നെടുമങ്ങാടിന്റെ വികസനത്തിന് പ്രതിസന്ധിയായിരുന്നത് വീതികുറഞ്ഞ റോഡുകളും ഗതാഗതകുരുക്കുമാണ്. 100 കാറുകളും 150ലേറെ ബൈക്കുകളും പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിങ് കേന്ദ്രം തിരക്കേറിയ നഗരത്തിന് ആശ്വാസമാവും. പഴകുറ്റിയില്‍ തുടങ്ങി കച്ചേരി ജങ്ഷന്‍ മാര്‍ക്കറ്റ് വഴി നഗരം ചുറ്റിവരുന്ന റോഡുകൂടി യാഥാര്‍ഥ്യമാവുന്നതോടെ നെടുമങ്ങാടിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്നും ഇതിനായി 50 കോടി രൂപ അനുവദിച്ചതായും പിണറായി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  നെടുമങ്ങാട് നഗരസഭ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ ഡോ എ സമ്പത്ത് എം.പി പ്രകാശനം ചെയ്തു. നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, നഗരസഭാ സെക്രട്ടറി എസ് ജഹാംഗീര്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക