|    Nov 15 Thu, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഴിമതിയുടെ പേരില്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി തിരിച്ചെടുത്തു: കെ എം ഷാജി

Published : 9th November 2018 | Posted By: kasim kzm

കോഴിക്കോട്: അഴിമതിയുടെ പേരില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് തിരിച്ചെടുത്തു എന്ന ആരോപണവുമായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ. അഴിമതി കാരണം സര്‍ക്കാര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തതായി രേഖകള്‍ സഹിതമാണ് കെ എം ഷാജി വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
146 അഴിമതിക്കേസുകളില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് പി രാമകൃഷ്ണനെയാണ് മന്ത്രി തിരിച്ചെടുത്തത്. തണ്ണീര്‍ത്തട നിയമം തകിടംമറിക്കുന്ന രൂപത്തില്‍ വന്‍ അഴിമതിയാണ് ഇയാള്‍ നടത്തിയത്. പഞ്ചായത്തിലെ അതീവ ലോലപ്രദേശങ്ങള്‍ മണ്ണിട്ടു നികത്തുന്നതിന് വന്‍ മാഫിയക്കു കൂട്ടുനിന്നതായി തെളിയിക്കപ്പെട്ടതാണ് പുറത്താക്കാന്‍ കാരണം.
2018 ജൂണ്‍ എട്ടിനാണ് ഇയാളെ പിരിച്ചുവിട്ടത്. എന്നാല്‍ മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ജൂണ്‍ 18നു തന്നെ ഇയാളെ തിരിച്ചെടുക്കുകയായിരുന്നു. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ടു രംഗത്തിറങ്ങിയത്. പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലായിരുന്നു ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്നത്. തണ്ണീര്‍ത്തട നിയമം ലംഘിച്ചതിനാണ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് കെ എം ഷാജി വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചത്. കെ ടി ജലീല്‍ മാന്യതയുടെ വേഷം ധരിച്ച ബ്ലാക്ക് ജീനിയസാണെന്നും കെ എം ഷാജി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss