|    Mar 25 Sat, 2017 1:37 am
FLASH NEWS

അഴിമതിയും പോലിസിങും ഒരുമിച്ചു കൊണ്ടുപോവാമെന്ന് ആരും കരുതേണ്ട

Published : 10th July 2016 | Posted By: sdq

കൊച്ചി: കേരളാ പോലിസില്‍ അഴിമതിയും പോലിസിങും ഒരുമിച്ചു കൊണ്ടുപോവാമെന്ന് ആരും കരുതേണ്ടെന്നും അത്തരക്കാര്‍ ആരായാലും കര്‍ശന നിയമനടപടിക്കു വിധേയരാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ പോലിസ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസ് സേനയില്‍ ചിലര്‍ വഴിവിട്ടു സഞ്ചരിക്കുന്നുണ്ട്. സ്വന്തം സ്വാര്‍ഥതയും അവിഹിത ഇടപാടുകളും നടത്തുന്നവര്‍ പോലിസ് സേനയ്ക്കാകെ അപമാനമുണ്ടാക്കുകയാണ്.
പോലിസ് സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലിസ് ജനപക്ഷമല്ല ശത്രുപക്ഷമാണെന്ന് ജനം കരുതും. പോലിസ് സേനയ്ക്ക് ആയുധങ്ങളുടെ കരുത്തല്ല ആവശ്യം. മറിച്ച് വിശ്വാസ്യതയും ശാസ്ത്രീയതയും ഒരുമിച്ചുണ്ടാക്കുന്ന കരുത്താണു പ്രധാനം. അഭ്യസ്തവിദ്യരായ കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ പാകത്തില്‍ സേനയില്‍ മാറ്റമുണ്ടാവണം. പെരുമാറ്റത്തിലടക്കം പോലിസ് സേനയ്ക്കു നല്‍കുന്ന പരിശീലനം കാലോചിതമായി പരിഷ്‌കരിക്കും. സൈബര്‍ യുഗത്തില്‍ സൈബര്‍ കേസുകള്‍ ധാരാളം ഉണ്ടാവുന്നതിനാല്‍ സാങ്കേതിക സൗകര്യവും നല്ലവണ്ണം കൂട്ടേണ്ടതുണ്ട്. പുതിയ കാലം ആവശ്യപ്പെടുന്ന തരത്തില്‍ സേനയെ നവീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും കേസുകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നത് ലാഘവബുദ്ധിയോടെ നോക്കിക്കാണരുത്. അത്തരം കേസുകളില്‍ മുഖംനോക്കാതെ നടപടിയുണ്ടാവണം.
സേനയില്‍ അര്‍ഹതപ്പെട്ട അവസരം ആര്‍ക്കും നഷ്ടമാവില്ല. ഉചിതമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാവും. മികച്ച പ്രവര്‍ത്തനം വ്യക്തിപരമായാലും സേനയെന്ന നിലയിലായാലും പരിഗണിക്കപ്പെടാതെ പോവില്ല. സര്‍ക്കാരിന്റെ ജനകീയ പദ്ധതികളില്‍ സഹകരിക്കാനും പോലിസ് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് പോലിസ് എന്നത് അടിച്ചമര്‍ത്താനുള്ള ഉപാധി എന്ന നിലയ്ക്കായിരുന്നു കണ്ടിരുന്നത്. ഇന്നത് സാമൂഹിക സുരക്ഷയ്ക്കുള്ള സംവിധാനമായി മാറിയിട്ടുണ്ട്. അത്തരമൊരു മാറ്റത്തിന് ജനകീയ സര്‍ക്കാരുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ മന്ത്രിസഭ നടപ്പാക്കിയ കാര്യങ്ങള്‍ പോലിസിനെ ജനപക്ഷത്താക്കുന്നതില്‍ വഹിച്ച പങ്കു നിസാരമല്ല.
ജനങ്ങള്‍ സാമൂഹിക ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പോലിസിനെയാണ്. പോലിസ് സംവിധാനത്തി ല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയാണത്. ആ അടിത്തറ തകരാന്‍ അനുവദിക്കരുത്. എന്നാ ല്‍, ഇന്നും പോലിസ് സേനയെക്കുറിച്ച് ജനങ്ങള്‍ ഭയംകലര്‍ന്ന ഒരു അകല്‍ച്ച കാത്തുസൂക്ഷിക്കുന്നുണ്ട്. അതു മാറ്റണം. സേന ജനങ്ങള്‍ക്കൊപ്പമാണെന്ന ചിന്ത വളര്‍ത്തിയെടുക്കണം. ജനമൈത്രി പോലിസ് പോലുള്ള സംവിധാനങ്ങള്‍ ആ നിലയ്ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളോടു പ്രതിബദ്ധതയുള്ള പോലിസ് സംവിധാനമാണ് ജനം പ്രതീക്ഷിക്കുന്നത്. ഇതെങ്ങനെ നടപ്പാക്കണമെന്ന് അറിയാവുന്നവരാണ് നമ്മുടെ പോലിസ്. പ്രശ്‌നങ്ങളില്‍ സമയോചിതമായ ഇടപെടലാണ് ജനം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലിസ് എങ്ങനെ ആവരുതെന്നും ആവണമെന്നുമുള്ള രണ്ട് ഉദാഹരണങ്ങള്‍ ജിഷ വധക്കേസില്‍ നാം കണ്ടുകഴിഞ്ഞു. ജിഷയുടെ കൊലപാതകത്തില്‍ പ്രാഥമികമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ കാണിച്ച അലംഭാവവും മൃതദേഹം കത്തിച്ചുകളഞ്ഞതിലും കൂടി സമൂഹത്തില്‍ വലിയ അവമതിപ്പിന് ഇടയാക്കി. രണ്ടാമത്തെ ഉദാഹരണവും ആ കേസില്‍ തന്നെയുണ്ട്. ഒരുപാട് തെളിവുകള്‍ നഷ്ടമായെങ്കിലും കിട്ടിയ തെളിവുപയോഗിച്ച് ശാസ്ത്രീയമായി കുറ്റമറ്റ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും ഇതേ പോലിസ് തന്നെയാണ്.
പോലിസിനെക്കുറിച്ചുള്ള മറ്റൊരു പരാതി നല്ല രീതിയില്‍ പെരുമാറുന്നില്ലെന്നാണ്. സംഘടന നല്‍കിയ നിവേദനത്തില്‍ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് താഴേത്തട്ടിലുള്ളവരോടുള്ള മോശം പെരുമാറ്റം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള മോശം പെരുമാറ്റം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിലേക്കും അവസാനം അത് ജനങ്ങളിലേക്കും പോവുന്നുവെന്നു കാണാന്‍ പ്രയാസമില്ല. കുറ്റവാളികളോടെന്ന പോലെയുള്ള പെരുമാറ്റം ജനങ്ങളോടു പാടില്ല. ഏറ്റവും മര്യാദയോടെയുള്ള പെരുമാറ്റം പ്രധാനമാണ്. അങ്ങനെയുണ്ടായാല്‍ ജനങ്ങളാവും പോലിസിന്റെ ഏറ്റവും വലിയ സംരക്ഷകരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ പ്രതികൂലമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പോലിസ്. നല്ല പെരുമാറ്റത്തിന് നല്ല അന്തരീക്ഷവും വേണം. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലിസിന്റെത് ജോലിയല്ല സേവനമാണെന്ന് ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പോലിസിലെ അഴിമതിക്കാര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ തുടങ്ങാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് എന്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഐജി എസ് ശ്രീജിത്ത്, സിറ്റി പോലിസ് ചീഫ് എം പി ദിനേശ്, അസോസിയേഷന്‍ സെക്രട്ടറി പി ബി പ്രശോഭ്, ജോയിന്റ് സെക്രട്ടറി കെ എല്‍ രാധാകൃഷ്ണന്‍ സംസാരിച്ചു.

(Visited 105 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക