|    Apr 26 Thu, 2018 10:43 pm
FLASH NEWS
Home   >  Editpage  >  Editorial  >  

അഴിമതിയില്‍ ഇന്ത്യ മുന്നില്‍ തന്നെ

Published : 28th June 2016 | Posted By: SMR

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഭരണത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ അഴിമതിയാരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍, ഭരണകൂടത്തിലെ അഴിമതി താരതമ്യേന കുറവാണെങ്കിലും രാജ്യത്തെ പൊതുമണ്ഡലത്തിലെ അഴിമതിയില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നാണു സമീപകാല പഠനങ്ങള്‍ കാണിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് സ്വകാര്യമേഖലയുടെ അനുഭവങ്ങള്‍ പരിശോധിച്ച ഒരു അന്താരാഷ്ട്ര പഠനം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള അഴിമതി വര്‍ധിക്കുകയാണെന്നാണ്.
പ്രശസ്തമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റും ക്രോള്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനവും ചേര്‍ന്നാണ് അഴിമതി സംബന്ധിച്ച പഠനം നടത്തിയത്. സ്വകാര്യമേഖലയിലെ കമ്പനികളില്‍ നടത്തിയ പഠനത്തില്‍ കണ്ടത് 2013-14 വര്‍ഷത്തില്‍ 69 ശതമാനം കമ്പനികളും അഴിമതി സംബന്ധിച്ച പരാതി ഉന്നയിച്ചെങ്കില്‍ 2015-16ല്‍ അത് 80 ശതമാനമായി വര്‍ധിച്ചെന്നാണ്. ലോകത്ത് വിവിധ രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ അഴിമതിരംഗത്ത് ഇന്ത്യയെ കവച്ചുവയ്ക്കുന്നവരായി രണ്ടു പ്രദേശങ്ങളെ മാത്രമാണു കണ്ടെത്തിയത്. ലാറ്റിനമേരിക്കയിലെ കൊളംബിയയില്‍ 83 ശതമാനം കമ്പനികളും സബ് സഹാറ പ്രദേശത്തെ കമ്പനികളില്‍ 84 ശതമാനവും അഴിമതി സംബന്ധിച്ച പരാതികള്‍ ഉന്നയിച്ചു.
ആഗോളരംഗത്ത് പുതിയൊരു വ്യാപാരക്കുതിപ്പിനും ദേശീയരംഗത്ത് പുതിയ നിക്ഷേപങ്ങള്‍ക്കായും ഇന്ത്യ ശ്രമിക്കുന്ന വേളയിലാണ് രാജ്യത്തെ ബിസിനസ് കാലാവസ്ഥ സംബന്ധിച്ച ഈ നിഷേധാത്മകമായ ചിത്രം പുറത്തുവരുന്നത്. നേരെ ചൊവ്വെ ബിസിനസ് നടത്തിക്കൊണ്ടുപോവുക വിഷമമാണ് എന്നുവന്നാല്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് അധികം കമ്പനികളൊന്നും തയ്യാറായെന്നു വരില്ല. അതിനാല്‍ അന്താരാഷ്ട്രരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടിയിരിക്കുന്നു.
അതില്‍ പ്രധാനം തട്ടിപ്പിനു വിധേയരാവുന്നവര്‍ക്കു നിയമപരമായ പരിരക്ഷ ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുകയെന്നതു തന്നെയാണ്. അതാണ് ഇന്ത്യയിലെ ഏറ്റവും ശോചനീയമായ രംഗവും. കോടതികളില്‍ കേസുമായി പോവുന്നത് ആത്മഹത്യാപരമാണെന്നു മിക്ക കമ്പനികളും ചൂണ്ടിക്കാണിക്കുന്നു. കാരണം, കേസുകള്‍ നിരന്തരമായി നീട്ടിക്കൊണ്ടുപോവും. തീരുമാനമെടുക്കുന്നതില്‍ വളരെയേറെ കാലതാമസം വരും. അങ്ങനെ വരുമ്പോള്‍ ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നത് വളരെ പ്രയാസമാവും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ വികസനത്തിന് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് ഭരണരംഗത്തും പൊതുസമൂഹത്തിലും നിലനില്‍ക്കുന്ന അഴിമതിയും അതിനെ നേരിടുന്നതിലുള്ള അലംഭാവ മനോഭാവവും തന്നെയാണ്. ഇടപാടുകള്‍ സുതാര്യമാക്കാനും കരാറുകള്‍ സമയബന്ധിതമായി നടപ്പാക്കാനും നിയമവ്യവസ്ഥ കര്‍ശനവും ലളിതവുമാക്കാനുമുള്ള തീവ്രയത്‌നമാണ് അനിവാര്യമായിരിക്കുന്നത്. ഇത്തരം മേഖലകളില്‍ ശക്തമായ മുന്നേറ്റമില്ലാതെ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാന്‍ ആരു വിചാരിച്ചാലും സാധ്യമായെന്നു വരില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss