|    Apr 19 Thu, 2018 10:51 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

അഴിമതിയില്ലാതെ അഞ്ചുവര്‍ഷം ഭരണത്തില്‍

Published : 8th January 2017 | Posted By: fsq

ഇന്ദ്രപ്രസ്ഥം
യുപിയിലെ പിളര്‍പ്പ് സമാജ്‌വാദി പാര്‍ട്ടിയുടെ അന്ത്യകൂദാശയ്ക്ക് കാരണമാവുമോ? കരുത്തനായ മുലായം ഇല്ലാതെ എന്ത് സമാജ്‌വാദി പാര്‍ട്ടി എന്ന് നാട്ടുകാര്‍ ചോദിക്കും. മുലായവും പാര്‍ട്ടിയും തമ്മില്‍ അങ്ങനെയൊരു ബന്ധമാണ് ഇത്രയുംകാലം ഉണ്ടായിരുന്നത്. പക്ഷേ, പലരും പറയുന്നത് മുലായം ഇല്ലെങ്കിലും അഖിലേഷ് യാദവ് എന്ന പുത്രന് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ കഴിയും എന്നാണ്. അഞ്ചു കൊല്ലം മുഖ്യമന്ത്രിപദത്തിലിരുന്നുവെങ്കിലും അഖിലേഷ് യാദവ് അഴിമതിക്കാരനാണെന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല. ഭരണത്തെ സംബന്ധിച്ച് പരാതികള്‍ പലതും നേരത്തേ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ക്രമസമാധാനപാലനരംഗത്ത് അഖിലേഷ് പതറി എന്ന അഭിപ്രായം അനുകൂലിക്കുന്നവര്‍ക്കുപോലുമുണ്ട്. വര്‍ഗീയകലാപങ്ങള്‍ പലതും സമീപകാലത്ത് നടന്നു. കലാപങ്ങളിലെ ഇരകള്‍ക്ക് നാടുവിട്ട് ഓടേണ്ടിവന്നു. ഓടിപ്പോയവര്‍ക്ക് അഭയവും ആശ്രയവും നല്‍കുന്നതിലും അവരെ തിരിച്ചു സ്വന്തം വീടുകളിലേക്ക് എത്തിക്കുന്നതിലും സംസ്ഥാന ഭരണകൂടത്തിനു വേണ്ടവിധം വിജയിക്കാന്‍ കഴിഞ്ഞില്ല. മുസഫര്‍നഗര്‍ കലാപം മാത്രമല്ല ഇത്തരമൊരു അന്തരീക്ഷം ഉണ്ടാക്കാന്‍ ഇടയാക്കിയത്. ദാദ്രിയില്‍ അഖ്്‌ലാഖ് എന്ന സാധു മുസല്‍മാന്റെ വീട്ടില്‍ ഇരച്ചുകയറി സംഘപരിവാരം അദ്ദേഹത്തെ അടിച്ചുകൊന്നു. അദ്ദേഹത്തിന്റെ മൂത്തമകന്‍ ഇന്ത്യന്‍ വ്യോമസേനയിലെ അംഗമാണ്. രാജ്യമെങ്ങും ആ അരുംകൊലയ്ക്ക് എതിരായ പ്രക്ഷോഭം ഇരമ്പി. എന്നിട്ടും കുടുംബം ഗ്രാമം വിട്ടു ഡല്‍ഹിയിലേക്ക് ആത്മരക്ഷാര്‍ഥം ഓടിപ്പോവേണ്ട സാഹചര്യമാണ് ഉണ്ടായത്. അത്തരം സംഭവങ്ങള്‍ അഖിലേഷിന്റെ ഭരണത്തിന് വലിയ ക്ഷീണമുണ്ടാക്കി എന്നു തീര്‍ച്ച. ജനങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം നല്‍കി. പക്ഷേ, അതിനുശേഷമുള്ള രണ്ടരവര്‍ഷങ്ങള്‍ക്കിടയില്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ യുവാവായ അഖിലേഷ് വിജയിച്ചിട്ടുണ്ട് എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളില്‍നിന്നു കാണാന്‍ കഴിയുന്നത്. മഹാഭാരതത്തില്‍ പാണ്ഡവരെ ചൂതിന് ക്ഷണിച്ച് കള്ളച്ചൂതില്‍ അവരെ തോല്‍പിച്ച് രാജ്യം കൈയടക്കാന്‍ കച്ചകെട്ടിയ ശകുനിയുടെ ആധുനിക വേഷമായ അമര്‍സിങിനെ കെട്ടുകെട്ടിക്കുന്നതില്‍ അഖിലേഷ് വിജയിച്ചു എന്നാണു തോന്നുന്നത്. ടിയാനെ ശകുനിമാമ എന്നാണ് അഖിലേഷ് വിളിക്കുന്നത്. അച്ഛന്റെ സ്വന്തം ആളാണ്. പക്ഷേ, അച്ഛനെയും മകനെയും തമ്മില്‍ തെറ്റിച്ച് കാര്യങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ ഒതുക്കുന്നതും ശകുനിമാമ തന്നെ.മകന്‍ അച്ഛനേക്കാള്‍ ജനപ്രീതിയും പാര്‍ട്ടി പിന്തുണയും നേടിയിരിക്കുന്നു എന്നതു സത്യം. എംഎല്‍എമാരില്‍ മഹാഭൂരിപക്ഷവും മുഖ്യമന്ത്രിയായ അഖിലേഷിന്റെ കൂടെയാണ്. ഇന്നത്തെ നിലയില്‍ മുലായമിന് പാര്‍ട്ടി തിരിച്ചുപിടിക്കുക എന്നത് എളുപ്പമല്ല. എന്നുവച്ചാല്‍ മകന്റെ ഔദാര്യമില്ലാതെ ഇനി ആ പഴയ പടക്കുതിരയ്ക്കു മുന്നോട്ടു കുതിക്കാനാവില്ല. അമര്‍സിങും സംഘവും കൂടെയുണ്ടെങ്കില്‍ ഒരങ്കംകൂടിയാവാം എന്ന് മുലായം കരുതിയിട്ടുണ്ടാവണം. അതിനാല്‍ ശകുനിയെ തളയ്ക്കുക എന്ന തന്ത്രത്തിനാണ് അഖിലേഷ് പ്രാധാന്യം നല്‍കിയത്. ലണ്ടനില്‍ നിന്ന് ലഖ്‌നോവില്‍ എത്തിച്ചേര്‍ന്ന അമര്‍സിങിന് കിട്ടിയ സ്വീകരണം അത്ര സന്തോഷജനകമായിരുന്നില്ല. അധികം വൈകാതെ അമര്‍സിങിനെ രാജ്യസഭയിലെ പദവിയില്‍നിന്നടക്കം തുരത്താനുള്ള പരിപാടികളാണു നടക്കുന്നത് എന്നു കേള്‍ക്കുന്നു. അതിനാലാവണം അമര്‍സിങ് സെന്റിമെന്റല്‍ ഡയലോഗുകള്‍ അടിച്ച് ദുരന്തനായകവേഷം എടുക്കാനുള്ള പരിപാടിയുമായി ഇറങ്ങിത്തിരിച്ചത്. അഖിലേഷ് നാലു വയസ്സുള്ള കുട്ടിയായിരുന്നപ്പോള്‍ കുളിപ്പിച്ചതും സ്‌കൂളില്‍ കൊണ്ടുപോയതും അടക്കമുള്ള കഥകളാണ് പുള്ളിക്കാരന്‍ പറയുന്നത്. ശകുനിയുടെ പുറത്തുകയറി ആന കളിച്ചതായി ഏതായാലും അവകാശവാദം ഉന്നയിച്ചിട്ടില്ല. പക്ഷേ, അതൊക്കെ ചെലവാകുന്ന കാലം കഴിഞ്ഞു. യുപിയിലെ ജനം ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട ഭരണമാണ്. അഴിമതി അലങ്കാരമായി കൊണ്ടുനടന്ന പഴയ തലമുറയിലെ നേതാക്കളോട് പുതുതലമുറയ്ക്ക് പുച്ഛമാണ്. അവരുടെ ജാതിമത ഡയലോഗുകള്‍ക്ക് ഇപ്പോഴും പിന്തുണക്കാര്‍ ഉണ്ടെങ്കിലും വെറും ജാതിയും പറഞ്ഞ് അധികാരത്തില്‍ കയറി അഴിമതി മാത്രം ഭരണനേട്ടമാക്കി മാറ്റിയ നിരവധി നേതാക്കള്‍ അരങ്ങുതകര്‍ക്കുന്ന നാടാണ് യുപി. അധികാരത്തിന്റെ ശീതളച്ഛായയില്‍ ഇരുന്നിട്ടും അഴിമതിനാറ്റമില്ലാത്ത കൈയുമായി ഒരു യുവമുഖ്യമന്ത്രി ജനങ്ങളോട് പിന്തുണ ചോദിക്കുമ്പോള്‍ പ്രതികരണം അനുകൂലമായേക്കും എന്ന ചിത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.                   ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss