|    Oct 19 Fri, 2018 6:35 pm
FLASH NEWS

അഴിമതിയാരോപണം: ബാങ്ക് പ്ര സിഡന്റുമാര്‍ക്ക് കെപിസിസി നോട്ടീസ്

Published : 30th August 2016 | Posted By: SMR

കല്‍പ്പറ്റ: നിയമനങ്ങള്‍ അഴിമതിയില്‍ മുങ്ങിയെന്ന പരാതികളില്‍ ജില്ലയില്‍ രണ്ടു സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനും ഡിസിസി മുന്‍ പ്രസിഡന്റുമായ പ്രഫ. കെ പി തോമസ്, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും ഡിസിസി മുന്‍ ഖജാഞ്ചിയുമായ കെ കെ ഗോപിനാഥ് എന്നിവര്‍ക്കാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശാനുസരണം ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു നോട്ടീസ് അയച്ചത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള രണ്ടു ബാങ്കുകളിലും 2012 മുതല്‍ നടന്ന നിയമനങ്ങളില്‍ വന്‍ അഴിമതിയാരോപിച്ച് പാര്‍ട്ടി ബന്ധമുള്ള സഹകാരികളുടെ നിരവധി പരാതികള്‍ കെപിസിസി പ്രസിഡന്റിന് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തിയ സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ മരിയാപുരം ശ്രീകുമാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പ്രസിഡന്റുമാര്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ നോട്ടീസ്. പരാതികള്‍ അന്വേഷിക്കുന്നതിന് മരിയാപുരം ശ്രീകുമാര്‍ അടുത്തിടെ കല്‍പ്പറ്റയില്‍ നടത്തിയ സിറ്റിങില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം 34 പേര്‍ രേഖാമൂലവും 40 ഓളം പേര്‍ വാക്കാലും തെളിവ് നല്‍കിയിരുന്നു.
ബാങ്കുകളില്‍ നടന്ന നിയമനങ്ങള്‍ സുതാര്യമല്ലെന്നും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം ലഭ്യമാക്കാന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചതായി ബാങ്ക് പ്രസിഡന്റുമാര്‍ക്കുള്ള നോട്ടീസുകളില്‍ പറയുന്നു. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം മറുപടിയില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസുകളില്‍. കെപിസിസി ഓഫിസില്‍ നിന്നു ആഗസ്ത് 23നാണ് ഇവ അയച്ചത്. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ വിവിധ തസ്തികകളില്‍ 2007നും 2012നും ഇടയില്‍ എട്ടും 2012നും 2016നും ഇടയില്‍ 22ഉം നിയമനങ്ങളാണ് നടന്നത്. 2012ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനു ശേഷം 28 നിയമനങ്ങള്‍ നടന്നു.
സഹകാരികളില്‍ ചിലരുടെ പരാതികളില്‍ സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലും കാര്‍ഷിക ഗ്രാമവികസന ബാങ്കിലും നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയെങ്കിലും ഭരണസമിതികള്‍ക്കെതിരേ നടപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് സഹകാരികള്‍ കെപിസിസി പ്രസിഡന്റിനെ സമീപിച്ചത്.
രണ്ടു ബാങ്കുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞും വന്‍തുക കോഴവാങ്ങിയും ഭരണസമിതികള്‍ നടത്തിയ നിയമനങ്ങളാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടിയും മുന്നണിയും മൂക്കുകുത്തിയതിനു കാരണമെന്നും സഹകാരികളുടെ പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് മുഖേനയുള്ള നിയമനങ്ങള്‍ അട്ടിമറിച്ച അര്‍ബന്‍ ബാങ്ക് ഭരണസമിതി പ്യൂണ്‍ തസ്തികയിലുള്ളവര്‍ക്ക് ക്രമവിരുദ്ധമായി ഉദ്യോഗക്കയറ്റം നല്‍കി ആവശ്യത്തിലധികം പേരെ സബ് സ്റ്റാഫ് വിഭാഗത്തില്‍ നിയമിച്ചിരുന്നു. സഹകരണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ബാങ്കില്‍ ഒരു ജൂനിയര്‍ ക്ലാര്‍ക്കിനും രണ്ടു പ്യൂണ്‍മാര്‍ക്കും 2010-13 കാലയളവില്‍ നിയമനം നല്‍കി. ബാങ്കില്‍ പ്യൂണ്‍ തസ്തികകളില്‍ നിയമനത്തിനു 2010 നവംബര്‍ 11ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 2011 നവംബര്‍ 10 വരെയായായിരുന്നു ഇതിനു സാധുത. എന്നാല്‍, ഭരണസമിതി നിയമാനുസൃത അനുമതിയില്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് നിയമനങ്ങള്‍ നടത്തി. ഈ ക്രമക്കേടിന് 2007-12, 2012-17 കാലയളവുകളിലെ ഭരണസമിതികള്‍ ഉത്തരവാദികളാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും ബാങ്ക് പ്രസിഡന്റിന്റെ കസേര ഇളകാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രോഷാകുലരാക്കിയിരുന്നു. കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ സബ് സ്റ്റാഫ് വിഭാഗത്തില്‍ അറ്റന്‍ഡര്‍, റെക്കോഡ് കീപ്പര്‍, ഡ്രൈവര്‍, പ്യൂണ്‍, വാച്ച്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ നിയമനത്തിന്  അപേക്ഷ ക്ഷണിച്ച് 2014 ജനുവരി 19ന് ബാങ്ക് രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.
തുടര്‍ന്ന് ആയിരത്തോളം പേര്‍ അപേക്ഷിച്ചു. ഇവരില്‍ ഭൂരിപക്ഷവും ബാങ്കില്‍ നിയമനം നടന്നതിനു ശേഷമാണ് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും കഴിഞ്ഞതും റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതും അറിഞ്ഞത്. വിവിധ തസ്തികകളില്‍ നിയമനത്തിന് 2014 ഏപ്രില്‍ 12ന് എഴുത്തുപരീക്ഷയും 2015 മെയ് 28ന് കൂടിക്കാഴ്ചയും നടത്തി ജൂണ്‍ 22ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതായാണ് ബാങ്ക് രേഖകളില്‍. ഈ ബാങ്കില്‍ നിയമനങ്ങളുടെ മറവില്‍ നടന്ന കള്ളക്കളികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss