|    Jun 18 Mon, 2018 9:14 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അഴിമതിപ്പുലിയുടെ പുറത്ത്

Published : 13th October 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

അഴിമതിക്കെതിരായ നിലപാടില്‍ വിഎസിന്റെ കഴിഞ്ഞ ഗവണ്മെന്റും പിണറായി വിജയന്റെ പുതിയ ഗവണ്മെന്റും തമ്മില്‍ എന്തു വ്യത്യാസമാണ്? യഥാര്‍ഥത്തില്‍ അതൊരു പാചകക്കാരിയും പൊതുമേഖലാ സ്ഥാപന എംഡിയും തമ്മിലുള്ള വ്യത്യാസമാണെന്നു നാം കാണുന്നു.
അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമായി ജനങ്ങള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിയ വിഎസിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു കണ്ണൂരില്‍ നിന്നുള്ള പി കെ ശ്രീമതി. പുത്രഭാര്യയെ പാചകക്കാരിയായി ശ്രീമതി പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചതായിരുന്നു അന്നുയര്‍ന്ന ആരോപണം. യുഡിഎഫ് ഗവണ്മെന്റിനെതിരേ അഴിമതിവിരുദ്ധ പോരാട്ടം നടത്തി അധികാരത്തില്‍ വന്ന പിണറായി മന്ത്രിസഭയില്‍ പി കെ ശ്രീമതി എംപിയുടെ പുത്രന്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായാണ് നിയമിക്കപ്പെട്ടത്. നിയമനം മാധ്യമങ്ങളില്‍ വിമര്‍ശന കൊടുങ്കാറ്റായപ്പോള്‍ അതു റദ്ദാക്കിയത് മറ്റൊരു കാര്യം.
വ്യക്തികളുടെ നിയമനവും തസ്തികയുടെ വലുപ്പച്ചെറുപ്പവുമല്ല അഴിമതിപ്രശ്‌നം. പൊതുമേഖലാ സ്ഥാപനങ്ങളെ ഭരിക്കുന്ന ഇ പി ജയരാജന്‍ എന്ന വ്യവസായമന്ത്രി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. യോഗ്യതയുടെ അടിസ്ഥാനത്തിലാകാം കുശിനിക്കാരനു പകരം ഭാര്യാസഹോദരിയുടെ പുത്രനെ എംഡി പദവിയില്‍ നിയമിച്ചത്.  എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിക്കുന്ന ഒരു ഗവണ്മെന്റില്‍ അങ്ങനെയൊരു നിയമനം നടന്നുകൂടാ. മന്ത്രിമാരുടെ ബന്ധുക്കളുടെ നിയമനങ്ങള്‍ അവരുടെ സത്യപ്രതിജ്ഞയുടെ ലംഘനവും രാഷ്ട്രീയ അഴിമതിയുമാണ്.
ഇക്കാര്യം വ്യക്തമാകാന്‍ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായ ഇഎംഎസിന്റെ നയപ്രഖ്യാപനം ഓര്‍ത്താല്‍ മതി. മന്ത്രിമാരുടെ ബന്ധുക്കള്‍, സ്‌നേഹിതന്മാര്‍, അടുപ്പക്കാര്‍ തുടങ്ങിയവര്‍ വിചാരിച്ചാല്‍ കാര്യങ്ങള്‍ നടക്കുമെന്നത് അഴിമതിവിരുദ്ധമായ ഭരണം സൃഷ്ടിക്കുന്നതിനു മുന്നിലെ ഏറ്റവും വലിയ തടസ്സമാണെന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാട്.
എല്‍ഡിഎഫ് ഗവണ്മെന്റിന്റെ നൂറു ദിവസം വിലയിരുത്തിയ ഒരു പ്രമുഖ പത്രം അഴിമതിയോട് സന്ധിയില്ലെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് എടുത്തുപറഞ്ഞത്. മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരേ കേസെടുത്തതു മുതല്‍ സെക്രട്ടേറിയറ്റില്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്നതിനെതിരേയുള്ള നടപടികള്‍ വരെ ഇതിന് ഉദാഹരണമായി പത്രം നിരത്തി. കേരളത്തില്‍ ആദ്യമായി വിജിലന്‍സ് നടത്തുന്ന ഈ നീക്കങ്ങള്‍ സര്‍ക്കാരിനു കൈയടി നേടിക്കൊടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍, പുതിയ ഭരണത്തിന്റെ മടകളില്‍ നിന്നു പിന്നീട് പുറത്തുവരാന്‍ തുടങ്ങിയത് പല തരത്തിലുള്ള അഴിമതികളുടെ വിവരങ്ങളാണ്. കൃത്യം 36 ദിവസം കൂടി കടന്നുപോയപ്പോള്‍ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദമായി. പി കെ ശ്രീമതിയുടെ മകനാണ് കക്ഷിയെന്നു ചൂണ്ടിക്കാട്ടി ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും രംഗത്തുവന്നു. മണിക്കൂറുകള്‍ക്കകം ഉത്തരവ് റദ്ദാക്കേണ്ടിവന്നു.
നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്നും അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചതിനു തൊട്ടുപിറകെയാണ് അതു സംഭവിച്ചത്. അതുവരെയും മന്ത്രി ഇ പി ജയരാജന്‍ വാദിച്ചത്, പല പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും തന്റെ ബന്ധുക്കള്‍ ഉണ്ടാകുമെന്നും പരാതി കിട്ടിയാല്‍ നോക്കാമെന്നുമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം നിലപാടെടുത്തു.
തീര്‍ന്നില്ല, വ്യവസായമന്ത്രി ജയരാജന്റെ സഹോദരഭാര്യയെയും വകുപ്പിനു കീഴിലെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചു. ഇതൊരു രാഷ്ട്രീയ അളിയന്മാരുടെ പ്രശ്‌നമല്ലെന്നു പുറത്തുവന്നേടത്തോളം നിയമനങ്ങള്‍ തെളിയിക്കുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റടക്കം സിപിഎമ്മിന്റെ പല പ്രമുഖ നേതാക്കളുടെയും മക്കളെ വിവിധ സ്ഥാപനത്തില്‍ വ്യവസായമന്ത്രി ഉന്നതപദവികളില്‍ നിയമിച്ചു.
പുതിയ ഗവണ്മെന്റുകള്‍ വരുമ്പോള്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് ആളുകളെ മാറ്റുന്നത് പതിവാണ്. പക്ഷേ, ഇതെല്ലാം നിയമനം സംബന്ധിച്ച സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നതാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്നിരുന്നത്- ചില്ലറ അപവാദങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിലും.
യോഗ്യതയുടെ പേരില്‍ നടക്കേണ്ട താക്കോല്‍സ്ഥാന നിയമനങ്ങള്‍ ഇത്തവണ വ്യക്തിനിഷ്ഠ താല്‍പര്യങ്ങളുടെയും തീരുമാനങ്ങളുടെയും ഭാഗമായാണ് നടന്നതെന്നതാണ് വ്യത്യാസം.  മുമ്പൊന്നുമില്ലാത്തവിധം ഉപദേശകരെയും പ്രത്യേക സെക്രട്ടറിമാരെയും വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്ത് ഇത്തവണ നിയമിച്ച് തുടക്കമിട്ടത് മുഖ്യമന്ത്രി. വിവാദമുയര്‍ത്തിയ അഴിമതിക്കേസുകളില്‍ കുപ്രസിദ്ധ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കി. നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്നു എന്നു വിമര്‍ശിക്കപ്പെടുന്ന വിദേശത്തുള്ള ഒരാളെ സാമ്പത്തിക ഉപദേഷ്ടാവാക്കി.
ഇപ്പോള്‍ വ്യവസായമന്ത്രി നടത്തിയ നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് കൈമലര്‍ത്തേണ്ടിവന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനെതിരേ ആരോപണങ്ങളും അഴിമതിക്കേസും വന്നപ്പോള്‍ അദ്ദേഹത്തെ വളഞ്ഞുനിന്നു പ്രതിരോധിച്ചവര്‍ക്കെല്ലാം അധികാരസ്ഥാനങ്ങളും പദവികളും. ‘ദീപസ്തംഭം മഹാശ്ചര്യ’മെന്നു പറഞ്ഞ്  ഇടിപിടി ഇപ്പോഴും തുടരുകയാണ്.
ഇടതുമുന്നണി ഗവണ്മെന്റിന്റെ നിയമനനയം എന്താണ് എന്നതാണ് യഥാര്‍ഥ പ്രശ്‌നം.  സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച് ഇടതുമുന്നണിയില്‍ കൂടി ചര്‍ച്ച ചെയ്ത് ഉരുത്തിരിയേണ്ടതാണ് ആ നയം. പിന്നീട് അതിന്റെ ലക്ഷ്മണരേഖ ആരും ലംഘിച്ചുകൂടാ.  പുതിയ ഗവണ്മെന്റിനെ മുന്‍ ഗവണ്മെന്റില്‍ നിന്നു വ്യത്യസ്തമായ ദിശയില്‍ ജനപക്ഷത്തുനിന്ന് നാനാ മേഖലകളില്‍ ചലിപ്പിക്കണം. അതിനു നേതൃത്വം നല്‍കാന്‍ പ്രാപ്തരായവരെയാണ് കണ്ടെത്തുകയാണ് മുമ്പ് ചെയ്തുപോന്നിരുന്നത്.  പാര്‍ട്ടിയുടെ വിവിധ തലങ്ങളിലും വര്‍ഗബഹുജന സംഘടനകളുടെ തലപ്പത്തും അക്കാദമിക-ശാസ്ത്ര-സാങ്കേതിക മേഖലകളിലും സമര്‍പ്പിതമായ സേവനം നടത്തുന്നവരെ കൊണ്ടുവരുക എന്നതാണ് കീഴ്‌വഴക്കം.
അതിന് അതീതമായി മുഖ്യമന്ത്രിക്കോ വ്യവസായമന്ത്രിക്കോ സ്വന്തം നയവുമായി മുന്നോട്ടുപോകാമോ എന്നതാണ് എല്‍ഡിഎഫ് നേതൃത്വം പരിശോധിക്കേണ്ടത്. ഭരണവ്യവസ്ഥയ്ക്കകത്തു നിലനില്‍ക്കുന്ന അഴിമതികളും നെറികേടുകളും അവസാനിപ്പിച്ചല്ലാതെ പുതിയ ഗവണ്മെന്റിനു സദ്ഭരണം സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന് 1957ലെ നയപ്രഖ്യാപനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.  അതു സാധ്യമാകാന്‍ മൂന്നു നിര്‍ദേശങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ ഇഎംഎസ് സമര്‍പ്പിച്ചു:
ഒന്ന്: മന്ത്രിമാര്‍ മുതല്‍ വില്ലേജ്തല ഉദ്യോഗസ്ഥര്‍ വരെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായി ചെയ്യുന്ന പ്രവൃത്തികള്‍ അപ്പപ്പോള്‍ തുറന്നുകാണിച്ചു നടപടിയെടുക്കാന്‍ സഹായിക്കണം. കൈക്കൂലി, സ്വജനപക്ഷപാതം എന്നിവയ്‌ക്കെതിരായി ബഹുജന സംഘടനകളും ന്യായം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവരും ശബ്ദമുയര്‍ത്തണം. ഇതിനു യോജിച്ച തരത്തില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനരീതി മാറ്റാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടുവരണം.
രണ്ട്: ഭരണയന്ത്രവും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയും ചുവപ്പുനാട നടപടിക്രമങ്ങളും ചില പ്രത്യേക ജനവിഭാഗങ്ങള്‍ അധികാരസ്ഥാപനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതും ഇല്ലാതാക്കണം.
മൂന്ന്: മന്ത്രിമാരുടെ ബന്ധുക്കള്‍, സ്‌നേഹിതന്മാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കൊണ്ട് കാര്യങ്ങള്‍ നടത്തിക്കാമെന്ന അവസ്ഥ ഇല്ലാതാക്കണം.
ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്ന ഉടനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്തുനിന്നു പ്രമുഖ ദേശീയ കായികതാരം അഞ്ജു ബോബി ജോര്‍ജ് ആരോപണം ഉന്നയിച്ച് രാജിവെക്കുകയുണ്ടായി.  ഒരു പ്രത്യേക വ്യക്തിയെ തന്റെ സ്ഥാനത്ത് നിയോഗിക്കാന്‍ വകുപ്പുമന്ത്രി ലക്ഷ്യമിട്ടാണ് തന്നെ രാജിവെപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് അവര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോട്ടറി നടത്തി അഴിമതി നടത്തിയ ഒരു വ്യക്തിയെയാണ് തനിക്കു പകരം കൊണ്ടുവരുന്നതെന്നും വ്യക്തമാക്കി.
അതുതന്നെ പിന്നെ സംഭവിച്ചു. ലോട്ടറി അഴിമതിക്കേസില്‍ മാത്രമല്ല, ഐസ്‌ക്രീം പാര്‍ലര്‍ കേസിലും പ്രതിയായ ഒരാളെ ആ പദവിയില്‍ കായികവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ഇ പി ജയരാജന്‍ നിയമിച്ചു. അഞ്ജു ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കപ്പുറം പ്രസക്തമായ മറ്റൊരു സത്യമുണ്ട്. എണ്‍പതുകളില്‍ സംസ്ഥാന യുവജന സംഘടനയില്‍ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ മന്ത്രിയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും എന്നതാണത്. മുള്ളുകൊണ്ട് മുള്ളെടുക്കുമെന്നു പറയാറുണ്ട്. അഴിമതി കൊണ്ട് അഴിമതി ഇല്ലാതാക്കാമെന്നാണോ നമ്മുടെ ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള നയം?

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss