അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടി: ബാലകൃഷ്ണപ്പിള്ള
Published : 20th March 2016 | Posted By: SMR
കോട്ടയം: മുഴുവന്‍ അഴിമതിക്കും കൂട്ടുനില്‍ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് ബാലകൃഷ്ണപ്പിള്ള. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവ്യവസ്ഥയെ ദുഷിപ്പിക്കുന്ന സര്‍ക്കാരാണിത്. അസാധാരണമായി ഭൂമി പതിച്ച് നല്കുന്ന നടപടി മുമ്പൊരിക്കലും ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമാണ്. സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായിരിക്കുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തെളിവ് സഹിതം ഉമ്മന്‍ചാണ്ടിക്ക് താന്‍ നല്‍കിയിട്ടും വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കെപിസിസി പ്രസിഡന്റ് സര്‍ക്കാരിന്റെ കാര്യത്തില്‍ ഇടപെടുന്നത്. അഴിമതിയെക്കുറിച്ച് സുധീരന് പറഞ്ഞിട്ടുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എല്ലാ വകുപ്പുകളും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയത വളര്‍ത്തിയതില്‍ ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും പങ്കുണ്ട്. തിരഞ്ഞെടുപ്പിനു വേണ്ടി വ്യാപകമായി വര്‍ഗീയത വളര്‍ത്തുകയാണ്. രാഷ്ട്രീയ വഞ്ചനയാല്‍ കേരളത്തിലെ ജനങ്ങള്‍ ഉരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ല. പത്തനാപുരത്ത് ഗണേഷ് മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. അരമനയുടെ സഹായം പോലെയായിരിക്കും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ ഭാവി. കെ എം ജോര്‍ജിന്റെ കുതികാല് വെട്ടിയത് കെ എം മാണിയാണ്. കേരളാ കോണ്‍ഗ്രസ് ഐക്യത്തോടെ നിന്നാല്‍ ഭാവി ഉണ്ടാവുമെന്നും വെള്ളാപ്പള്ളിയോടൊപ്പം ചേര്‍ന്നാല്‍ ബിജെപിക്കു തന്നെയായിരിക്കും ദോഷമെന്നും ആര് ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.