|    Jul 20 Thu, 2017 10:14 pm
FLASH NEWS
Home   >  Kerala   >  

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

Published : 21st September 2016 | Posted By: Navas Ali kn

jacob-thomas

തിരുവനന്തപുരം: പോലിസ് സ്‌റ്റേഷനിലെ മാതൃകയില്‍ സംസ്ഥാനത്തെ വിജിലന്‍സ് ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മിക്കുന്നതിന് വിജിലന്‍സ് പദ്ധതിയിടുന്നു. അഴിമതിക്കേസ് ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണിത്. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി ഇതുസംബന്ധിച്ച നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചു. സംഘടിതകുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ പോലിസ് സ്‌റ്റേഷനുകളില്‍ അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കുന്നതുപോലെ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടവരെയും കണക്കാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ക്കെതിരേ സ്വീകരിക്കേണ്ട കടുത്ത ശിക്ഷകളെ സംബന്ധിച്ച നിര്‍ദേശങ്ങളും കത്തിലുണ്ട്. മാതൃകാവിജിലന്‍സായി സംസ്ഥാന വിജിലന്‍സിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ക്രിയേറ്റീവ് വിജിലന്‍സ് പദ്ധതിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.
ജില്ലാ ഓഫിസുകളെ കൂടാതെ നാല് റേഞ്ചുകളിലും മൂന്ന് സ്‌പെഷ്യല്‍ സെല്ലുകളിലും ലോക്കപ്പുകള്‍ നിര്‍മിക്കാനാണ് ശുപാര്‍ശ. ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം 14 ജില്ലകളിലെയും വിജിലന്‍സ് ഓഫിസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ രൂപരേഖയും ലോക്കപ്പുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ ചെലവുകളും അടക്കം എസ്റ്റിമേറ്റും തയ്യാറാക്കി. സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമെ ലോക്കപ്പുകള്‍ നിര്‍മിക്കാന്‍ കഴിയൂ. അഴിമതിക്കേസുകളില്‍പ്പെടുന്നവരെ പ്രതിചേര്‍ക്കുമെങ്കിലും അറസ്റ്റുചെയ്യാതെ കുറ്റപത്രം സമര്‍പ്പിക്കുകയാണ് വിജിലന്‍സ് നിലവില്‍ ചെയ്യ്യുന്നത്. കൈക്കൂലിക്കേസില്‍പ്പെടുന്നവരെ മാത്രമാണ് വിജിലന്‍സ് ഇപ്പോള്‍ അറസ്റ്റുചെയ്യുന്നത്. വിജിലന്‍സിന് ചോദ്യംചെയ്യുന്നതിനും മറ്റും പ്രത്യേക സംവിധാനമില്ലാത്തത് പലകേസുകളിലും അന്വേഷണപുരോഗതിയെ തടസപ്പെടുത്തുന്നുണ്ട്. ലോക്കപ്പ് സംവിധാനം നിലവില്‍ വരുന്നതോടെ അനധികൃതസ്വത്തുസമ്പാദന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ അറസ്റ്റുചെയ്യാനും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കാനും കഴിയുമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക