അഴിമതിക്കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി വി എസ് ജയകുമാറിന് സസ്പെന്ഷന്
Published : 8th March 2018 | Posted By: kasim kzm
പത്തനംതിട്ട: ശബരിമലയില്‍ പാത്രം വാങ്ങിയതുമായി ബന്ധപ്പെട് 1.87 കോടി രൂപയുടെ അഴിമതി നടത്തിയതായുള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി എസ് ജയകുമാറിനെ സസ്പെന്‍ഡ് ചെയ്തു. മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനാണ് കേസില്‍ ഒന്നാം പ്രതിയായ വി എസ് ജയകുമാര്‍. ദേവസ്വം വിജിലന്‍സ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വി എസ് ജയകുമാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ 2015 ഒക്ടോബര്‍ 12ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപോര്‍ട്ടിലാണ് പാത്രം വാങ്ങലുമായി ബന്ധപ്പെട്ട് 1,87,28,789 രൂപയുടെ ക്രമക്കേട് നടന്നെന്ന് വ്യക്തമാക്കുന്നത്.
വി എസ് ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്നപ്പോള്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് റിപോര്‍ട്ട്. വിശദ അന്വേഷണത്തിന് തിരുവാഭരണം കമ്മീഷണറെ നിയോഗിച്ചുകൊണ്ട് 2016 ജനുവരി 19ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന് കമ്മീഷണര്‍ മാര്‍ച്ച് എട്ടിന് ശബരിമലയില്‍ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. എന്നാല്‍ തുടര്‍ അന്വേഷണത്തിന് ആവശ്യപ്പെട്ട സ്റ്റോക്ക് ബുക്കുകളും ഫയലുകളും അടക്കമുള്ള രേഖകള്‍ നല്‍കാതെ എക്സി. ഓഫിസര്‍ ആയിരുന്ന ആര് രവിശങ്കര്‍ നിസ്സഹകരിച്ചതോടെ അന്വേഷണം വഴിമുട്ടി. 2016 ഡിസംബര്‍ 12ന് വൈകീട്ട് നാലിനു മാത്രമാണ് രേഖകള്‍ കമ്മീഷണര്‍ മുമ്പാകെ എത്തുന്നത്. എന്നാല്‍ പിറ്റേന്ന് രാവിലെതന്നെ രേഖകള്‍ തിരികെനല്കാന് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ മാത്രം നീണ്ട പരിശോധനയിലും ക്രമക്കേട് വ്യക്തമായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.