|    Feb 26 Sun, 2017 2:00 pm
FLASH NEWS

അഴിമതിക്കെതിരേ വിജിലന്റാവുമോ?

Published : 6th November 2016 | Posted By: SMR

slug-poltics-haneefaഐക്യകേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമായിട്ട് വര്‍ഷം അറുപതായി. വജ്രകേരളമെന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇങ്ങനെ ഇമ്പമുള്ള പേരിട്ട് പലവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നമുക്ക് മിടുക്ക് പണ്ടേയുള്ളതാണല്ലോ. 1957ല്‍ വന്ന ഇഎംഎസ് മന്ത്രിസഭ മുതല്‍ എല്ലാം ശരിയാക്കുമെന്നു വാഗ്ദാനം നല്‍കിയെത്തിയ പിണറായി വിജയന്‍ വരെയുള്ള ഐക്യകേരളത്തിലെ ഭരണാധികാരികള്‍ക്കു പക്ഷേ, പറിച്ചുകളയാന്‍ പറ്റാത്ത സാമൂഹിക വിപത്തായി നിലനില്‍ക്കുകയാണ് അഴിമതിയും സ്വജനപക്ഷപാതവും. ഏറിയും കുറഞ്ഞും രഹസ്യമായും പരസ്യമായും താഴേത്തട്ടു മുതല്‍ ഉന്നതസ്ഥാനീയര്‍ വരെ അഴിമതിയെന്ന ചക്കരക്കുടത്തില്‍ കൈയിട്ടു നുണഞ്ഞുവരുന്നവരാണെന്ന് കേരള രാഷ്ട്രീയത്തില്‍ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു.
അഴിമതിക്കാരെന്നു വിളിപ്പേരു വരുന്നത് ചിന്തിക്കാന്‍ പോലും നമ്മുടെ നേതാക്കള്‍ക്ക് ആവുമായിരുന്നില്ല ഒരു കാലത്ത്. അഴിമതിയാരോപണം കേള്‍ക്കേണ്ട താമസം രാജിവച്ചൊഴിയാന്‍ അവര്‍ക്കൊന്നും മടിയേതുമുണ്ടായിരുന്നില്ല. ഇന്ന് അത്തരം നാണക്കേടൊക്കെ എവിടെയോ മുളച്ച ആല്‍മരം മറയ്ക്കുമെന്ന മനോവിചാരത്തിലാണ് നേതാക്കളും ഉദ്യോഗസ്ഥരും. അതുകൊണ്ടാണ് നിയമം നിയമത്തിന്റെ വഴിക്കു പോവുമെന്നും മനസ്സാക്ഷിയെ മറന്നു താനൊന്നും ചെയ്തിട്ടില്ലെന്നുമൊക്കെ വച്ചുകാച്ചി പരിണതപ്രജ്ഞരായ നേതാക്കള്‍ പോലും ചാനലുകള്‍ക്കു മുമ്പില്‍ സ്വയം പരിഹാസ്യരാവുന്നത്. ഇക്കുറി താന്‍ മോഷ്ടിക്കും, മറുകുറി നിനക്കുള്ളതാണെന്ന അലിഖിതവും തെറ്റായതുമായ കീഴ്‌വഴക്കങ്ങളാണ് അഴിമതിയെ വടവൃക്ഷം കണക്കെ വളര്‍ത്തിയതെന്നത് നിസ്സംശയം പറയാം. നാളിതുവരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പലതും കേസായി. കോടതിയിലുമെത്തി. പലരും രാജിവച്ചു. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു; പുറത്താക്കി. പത്രങ്ങളില്‍ വെണ്ടക്കാ തലക്കെട്ടും ചാനലുകളില്‍ പ്രൈംടൈമുമായി. പക്ഷേ, എന്തുണ്ടായി? ഒരു കേസില്‍ പോലും ആരും ജയിലിലെത്തിയില്ല. ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ള കാരാഗൃഹത്തിലായതാണ് ഏക അപവാദം. എന്നിട്ടും ബാലകൃഷ്ണപ്പിള്ള ജനങ്ങളെ വെറുതെ വിട്ടില്ല. അദ്ദേഹം ‘ഹമ്പട ഞാനേ’യെന്ന ആത്മകഥയെഴുതി ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ പരിഹസിച്ചു. പിന്നീട് ‘പ്രിസണര്‍ 5990’ എന്ന പേരില്‍ പുസ്തകമിറക്കി തന്റെ ജയില്‍വാസത്തെ ന്യായീകരിച്ചു. മുന്നണിരാഷ്ട്രീയത്തിന്റെ കൊടുക്കല്‍വാങ്ങലിന്റെ ബലത്തില്‍ അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കും മുമ്പേ ജയിലിന്റെ വാതില്‍ മലര്‍ക്കെ തുറന്നുകിട്ടുകയും ചെയ്തു.
ഇന്നിപ്പോള്‍, അഴിമതി തുടച്ചുനീക്കുമെന്ന് വമ്പുപറഞ്ഞ് അധികാരത്തിലെത്തിയവരാണ് നാട് ഭരിക്കുന്നത്. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നു പറഞ്ഞതുപോലെ, അധികാരമേറ്റ ആദ്യനാളുകളില്‍ മുഖ്യമന്ത്രി പറഞ്ഞുനടന്നതും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതും അഴിമതിയെക്കുറിച്ചാണ്. പറഞ്ഞ നാക്ക് ഉള്ളിലിടും മുമ്പേ വലംകൈയായി നടന്ന സഹപ്രവര്‍ത്തകന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന കാഴ്ചയാണ് കേരളം കണ്ടത്. ഭരിക്കാനും പാര്‍ട്ടിനേതൃസ്ഥാനത്തിരിക്കാനും പൊതുജീവിതം നടത്താനുമൊക്കെ പാര്‍ട്ടി പെരുമാറ്റച്ചട്ടമുള്ള കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അവസ്ഥ ഇതാണെങ്കില്‍ അത്തരം അസ്‌ക്യതകളൊന്നുമില്ലാത്തവരുടെ കാര്യം പറയേണ്ടതില്ലല്ലോ.
പക്ഷേ, ഇതിനൊക്കെ ഒരു മാറ്റമുണ്ടാകണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അത് എല്‍ഡിഎഫ് സര്‍ക്കാരിനും ബോധ്യമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി വിഷയമാക്കിയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെന്നതിനാല്‍ പ്രത്യേകിച്ചും. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി അവരോധിച്ചതും ഇടതു സര്‍ക്കാരിന്റെ ഈ നിലപാടിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇനി, വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 174 അഴിമതിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് കൈക്കൂലിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. സര്‍ക്കാര്‍ സര്‍വീസിലെ 47 ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസ് നേരിടുന്നുണ്ടെന്നാണ് വിവരാവകാശ പ്രകാരമുള്ള കണക്ക്.
അഴിമതിക്കാരെ തൊടുമ്പോള്‍ പൊള്ളുന്നത് പലര്‍ക്കാണ് എന്നതാണ് കഴിഞ്ഞയാഴ്ചകളില്‍ നാം കണ്ടത്. ഭരണം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നേരെ അഴിമതിയുടെ ചാട്ടുളി നീളേണ്ട താമസം അനുരണനങ്ങള്‍ പലഭാഗത്തുനിന്നുമാണ് എത്തിയത്. രാഷ്ട്രീയനേതാക്കളും മാധ്യമങ്ങള്‍ പോലും കളത്തിലിറങ്ങി കളിക്കുന്ന അവസ്ഥ. അതുകൊണ്ടാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ കെ എം എബ്രഹാമിനും ടോം ജോസിനുമെതിരായ നീക്കം ശക്തമായപ്പോള്‍, മറുപുറത്ത് ജേക്കബ് തോമസിനെതിരായുള്ള റിപോര്‍ട്ടുകള്‍ യഥാസമയം ചില മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകൊണ്ടിരുന്നത്. ധനവകുപ്പിന്റെ പരിശോധനാ റിപോര്‍ട്ടും അഡ്വക്കറ്റ് ജനറലിന്റെ റിപോര്‍ട്ടും പുറത്തായതിനു പിന്നാലെ, കര്‍ണാടക കുടക് ജില്ലയിലെ ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള വസ്തുവിന്റെ വിശദവിവരങ്ങള്‍ വരെ വെളിപ്പെട്ടു. അഴിമതിക്കാരെ കൂച്ചുവിലങ്ങിടാന്‍ പാഞ്ഞുനടക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെ കളങ്കിതനാണെന്ന് വരുത്തീത്തീര്‍ക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയാത്ത സംഭവവികാസങ്ങള്‍.
ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കി സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തി കാര്യം കാണാനും ചില ലോബികള്‍ ശ്രമിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ ചീഫ് സെക്രട്ടറിക്ക് പലഭാഗത്തുനിന്ന് പരാതി പോയി. ഗൗരവമേറിയ കേസുകള്‍ പോലും അന്വേഷിക്കാന്‍ സമയക്കുറവും ഉദ്യോഗസ്ഥക്കുറവും ചൂണ്ടിക്കാട്ടി മടി കാണിക്കുന്ന സിബിഐക്ക് പക്ഷേ, ജേക്കബ് തോമസിനെതിരേ ഉയര്‍ന്ന സര്‍വീസ് ചട്ടലംഘനമെന്ന ആരോപണം അന്വേഷിക്കാന്‍ അത്യുല്‍സാഹം.
സര്‍ക്കാര്‍ ഖജനാവിന് നേരിട്ടു സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്നതു മാത്രമല്ല അഴിമതിയെന്ന് ഇപ്പോള്‍ സാധാരണക്കാരനും മനസ്സിലാക്കിത്തുടങ്ങിയെന്നതാണ് ഇക്കാലത്തിനിടയ്ക്കുണ്ടായ ഗുണപരമായ മാറ്റം. കനത്ത ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍, തനിക്കു സജ്ജമാക്കിയിട്ടിരിക്കുന്ന ഓഫിസിലെത്തി, പിന്നെ ചായ കുടിക്കാനെന്ന മട്ടില്‍ പുറത്തുപോയി സൊള്ളുന്നതും അഴിമതിയുടെ ഗണത്തില്‍പ്പെടുത്തണം.
ഭരിക്കുന്നത് ഉദ്യോഗസ്ഥരാണ് എന്നൊരു പ്രചാരണമുണ്ട്. കാര്യപ്രാപ്തിയും ഭരണപരിചയവുമില്ലാത്ത മന്ത്രിമാരുടെ വകുപ്പിലാണ് ഉദ്യോഗസ്ഥരുടെ തേരോട്ടം നടക്കുക. ഇവിടങ്ങളിലാണ് വഴിവിട്ട നീക്കങ്ങളും അഴിമതിയും നടക്കാന്‍ സാധ്യതയും കൂടുന്നത്. സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസ് വരെ നീളുന്ന അഴിമതിയുടെ കണ്ണികള്‍ അറുക്കാന്‍ ഒരു ഉദ്യോഗസ്ഥനെക്കൊണ്ടു മാത്രം സാധിക്കുന്ന കാര്യമല്ല. രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും പൊതുസമൂഹവും ആകെ കണ്ണിചേര്‍ന്നാല്‍ മാത്രമേ ഇത്തരം സാമൂഹിക-സാമ്പത്തിക ദുരന്തത്തെ മറികടക്കാനാവൂ. അതിന് പൗരസമൂഹത്തെ വിജിലന്റാക്കുകയേ നിവൃത്തിയുള്ളൂ. അഴിമതിയെ കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലാക്കി, തങ്ങളുടെ നേതാവിന്റെ കൈയിട്ടുവാരലിനെ കിട്ടാവുന്ന എല്ലാ ആയുധങ്ങളും ഉപയോഗിച്ച് സംരക്ഷിച്ചുനിര്‍ത്തുകയും എതിരാളികള്‍ പിടിക്കപ്പെടുമ്പോള്‍ ആദര്‍ശത്തിന്റെ സുഖക്കേട് പുറത്തെടുക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ വലിയ റോളൊന്നുമുണ്ടാവില്ല. കാലം മാറിയെന്നും അഴിമതിപ്പണം കൊണ്ട് മാധ്യമങ്ങളുടെയോ അന്വേഷണ ഉദ്യോഗസ്ഥരുടെയോ വായ മൂടിയാലും കാര്യമില്ലെന്നും തൂണിലും തുരുമ്പിലും സാമൂഹികമാധ്യമങ്ങളുടെ കണ്ണുണ്ടെന്നുമുള്ള യാഥാര്‍ഥ്യം ഉദ്യോഗസ്ഥരും ഭരണാധികാരികളും മനസ്സിലാക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day