|    Aug 16 Wed, 2017 10:43 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അഴിമതിക്കെതിരായ നിയമത്തിന് അമീറിന്റെ അംഗീകാരം

Published : 29th October 2016 | Posted By: SMR

ദോഹ: സ്‌റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സാമ്പത്തിക അധികാരവും നല്‍കുന്ന നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി. പൊതു പണം കൈകാര്യം ചെയ്യുന്നത് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്ന നിയമം മാസങ്ങള്‍ക്കു മുമ്പേ ശൂറ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. 2016ലെ 11ാം നമ്പര്‍ നിയമമായാണ് അമീര്‍ ഇതില്‍ ഒപ്പുവച്ചിരിക്കുന്നത്.
നിലവില്‍ ഓഡിറ്റ് ബ്യൂറോ അമീറിന് നേരിട്ട് റിപോര്‍ട്ട് ചെയ്യുന്നുണ്ട്. മന്ത്രാലയങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഫണ്ട് കാര്യമായി ലഭിക്കുന്ന സംഘടനകള്‍, വിദേശ ഏജന്‍സികളുമായി സര്‍ക്കാര്‍ നടത്തുന്ന സംയുക്ത പദ്ധതികള്‍ എന്നിവയുടെ ധനവിനിമയം പരിശോധിക്കുക എന്നതാണ് ഓഡിറ്റ് ബ്യൂറോയുടെ ചുമതല. 1995ലെ നാലാം നമ്പര്‍ നിയമപ്രകാരം ഓഡിറ്റ് ബ്യൂറോയ്ക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുള്ള അധികാരമേ ഉള്ളു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാവില്ല. പുതിയ നിയമപ്രകാരം ഓഡിറ്റ് ബ്യൂറോയ്ക്ക് അതീവ രഹസ്യ വിവരങ്ങള്‍ ഒഴിച്ചുള്ളവ പ്രസിദ്ധീകരിക്കാവുന്നതാണെന്ന് അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു.
നേരത്തേ സര്‍ക്കാരിന്റെ ധനം ദുര്‍വ്യയം ചെയ്യുന്നതായോ തട്ടിയെടുക്കുന്നതായോ കണ്ടെത്തിയാലും പൊതുജനങ്ങളുടെ മുന്നില്‍വയ്ക്കാന്‍ ഓഡിറ്റ് ബ്യൂറോയ്ക്ക് അധികാരമുണ്ടായിരുന്നില്ല. സുതാര്യത വര്‍ധിപ്പിക്കുകയും നിയമലംഘനത്തില്‍ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കുകയുമാണ് ലക്ഷ്യം.
ശൂറ കൗണ്‍സിലിന്റെ 45ാമത് സാധാരണ സമ്മേളനം നവംബര്‍ 1ന് ആരംഭിക്കാനും അമീര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ഖത്തറില്‍ ഒരു നിയമവും ശൂറ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ നടപ്പിലാക്കാനാവില്ല. നിലവില്‍ ശൂറ കൗണ്‍സിലിലെ 30 അംഗങ്ങളും അമീര്‍ നേരിട്ട് നിയമിച്ചവരാണ്. കൗണ്‍സിലിന്റെ കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടിക്കൊണ്ട് ഈ വര്‍ഷം അമീര്‍ ഉത്തരവിട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക