|    Jun 18 Mon, 2018 11:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതിക്കൂടാരമായി മഹാരാഷ്ട്ര ബിജെപി സര്‍ക്കാര്‍; മുന്‍ സര്‍ക്കാരിനെ കടത്തിവെട്ടി ഫഡ്‌നാവിസ്

Published : 29th July 2016 | Posted By: SMR

devendra fadnavis

മുഹമ്മദ് പടന്ന

മുംബൈ: രാജ്യത്ത് അഴിമതിയില്‍ കുതിച്ചോടുകയാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്ന പ്രധാനമന്ത്രിയുടെ തന്നെ പാര്‍ട്ടി ഭരിക്കുന്ന ഇവിടെ 16ഓളം മന്ത്രിമാരാണ് അഴിമതി ആരോപണങ്ങളിലും കേസിലും പെട്ടിരിക്കുന്നത്.
2014ല്‍ അധികാരത്തിലേറിയതിനു ശേഷം ഗുരുതരമായ ആരോപണം നേരിട്ട് (ദാവൂദ് ഫോണ്‍ സംഭാഷണം) ഏക്‌നാഥ് ഖഡ്‌സെ രാജിവച്ചു. പങ്കജ മുണ്ടെ, ഗിരീഷ് ബാപ്പട്ട്, ഗിരീഷ് മഹാജന്‍, വിനോദ് താവ്‌ഡെ, ദീപക് സാവന്ത്, വിഷ്ണു സവര, ചന്ദ്രശേഖര്‍ ബാവന്‍കുലെ, ദിവാകര്‍ റാവുത്, പ്രകാശ് മെഹ്ത, പാണ്ടുരംഗ് ഫണ്ട്കാര്‍, രഞ്ജിത് പാട്ടീല്‍, രവീന്ദ്ര വായ്കര്‍, രവീന്ദ്ര ചവാന്‍, ഗുലാബ് റാവു പാട്ടീല്‍ എന്നീ മന്ത്രിമാരാണ് അഴിമതിക്കേസുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി പങ്കജ് മുണ്ടെക്കെതിരേ പോഷകാഹാര വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പുതിയ ഒരു അന്വേഷണത്തിന് അഹ്മദാബാദ് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷം 206 കോടി രൂപയുടെ ചിക്കി കുംഭകോണവും മുണ്ടെയുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
സവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ഗിരീഷ് ബാപ്പട്ടിനെതിരേ മുംബൈ ഗ്രാഹക് പഞ്ചായത്ത് ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവായി. ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്റെ പേരില്‍ സമ്മര്‍ദ്ദത്തിലൂടെ പാവപ്പെട്ട ദലിതന്റെ അഞ്ച് ഏക്കര്‍ ഭൂമി ഒരുലക്ഷത്തി പതിനൊന്നായിരം രൂപയ്ക്ക് സ്വന്തമാക്കി പഞ്ചസാര ഫാക്ടറി പണിതു എന്നാണ് കേസ്.
വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ-അവാര്‍ഡ് സാമഗ്രികള്‍ വാങ്ങിയ വകയില്‍ 191 കോടി രൂപ വെട്ടിച്ചു എന്ന ആരോപണം നേരിടുന്നു. വ്യാജ ഡിഗ്രി ആരോപണം നേരത്തെ തന്നെ താവ്‌ഡെയുടെ പേരില്‍ ഉണ്ട്. ആരോഗ്യമന്ത്രി ദീപക് സാവന്ത്- 297 കോടി രൂപയുടെ മരുന്ന് കുംഭകോണം, മന്ത്രി വിഷ്ണു സാവര-ടെണ്ടര്‍ ക്ഷണിക്കാതെ മഴക്കോട്ട് ഇറക്കുമതി.
ഊര്‍ജമന്ത്രി ചന്ദ്രശേഖര്‍ ബാവങ്കലെ-ഉയര്‍ന്ന വിലയില്‍ സോളാര്‍ പമ്പ് സെറ്റ് ഇറക്കുമതി, ഗതാഗത വകുപ്പ് മന്ത്രി ദിവാകര്‍ റാവുതെ-എംഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വെന്റിങ് മെഷീന്‍ വാങ്ങിയ വകയില്‍ 30 കോടിയുടെ വെട്ടിപ്പ് (ലോകായുക്ത അന്വേഷിക്കുന്നു). ഭവന വകുപ്പ് മന്ത്രി പ്രകാശ് മേത്ത-ചേരിവികസന പദ്ധതി പ്രകാരം 22 കെട്ടിടങ്ങള്‍ നല്‍കിയ വകയില്‍ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണം നേരിടുന്നു.
കൃഷിവകുപ്പ് മന്ത്രി പാണ്ടുരംഗ് ഫണ്ട്കര്‍- മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കില്‍ മരിച്ച കര്‍ഷകന്റെ പേരില്‍ ചട്ടവിരുദ്ധമായി വായ്പ അനുവദിപ്പിച്ച കേസ്, ടൂറിസം മന്ത്രി ജയകുമാര്‍ റാവല്‍- ഡിആര്‍സി ബാങ്കില്‍ 36 കോടിയുടെ വെട്ടിപ്പ് അന്വേഷണം നേരിടുന്നു. തൊഴില്‍ മന്ത്രി സമ്പാജി പാട്ടീല്‍ നിലങ്കേക്കര്‍- ബേങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 50 കോടിയുടെ ലോണ്‍ തട്ടിപ്പ്, ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍- കര്‍ഷകന്റെ പേരില്‍ ഭൂമി തട്ടിപ്പ്, ആഭ്യന്തര സഹമന്ത്രി രവീന്ദ്ര വായ്കര്‍-ട്രസ്റ്റിന്റെ പേരിലുള്ള 20 ഏക്കര്‍ ഭൂമി വെട്ടിപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര ചവാന്‍ നിലവില്‍ 12ഓളം ക്രിമിനല്‍ കേസില്‍ പ്രതിയാണ് സഹകരണ വകുപ്പ് മന്ത്രി ഗുലാബ് റാവു പാട്ടീല്‍-സ്‌കൂളിന്റെ ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തില്‍ കഴിയുന്നു. ഇവയൊക്കെയാണ് ഫഡ്‌നാവിസ് മന്ത്രിസഭയുടെ അഴിമതി മുഖങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss