|    Dec 10 Mon, 2018 12:38 pm
FLASH NEWS

അഴിമതിക്കും ഉദ്യോഗസ്ഥ മേധാവിത്വത്തിനും അറുതിയില്ല

Published : 29th June 2018 | Posted By: kasim kzm

തൊടുപുഴ: പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സിപിഎം പ്രതിനിധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ മുനിസിപ്പല്‍ കൗണ്‍സിലില്‍ മുഴങ്ങിക്കേട്ടത് അഴിമതിയും ഉദ്യോഗസ്ഥ മേധാവിത്വവും സംബന്ധിച്ച പരാതികള്‍. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങളെല്ലാം അതിനെ ഒറ്റക്കെട്ടായി അംഗീകരിച്ചു. എന്നാല്‍ മുനിസിപ്പല്‍ ഓഫിസിലെ അഴിമതിയും കെടുകാര്യസ്ഥതയും എങ്ങനെ നിയന്ത്രിക്കുമെന്നതിനു മാത്രം വ്യക്തത വരുത്തിയില്ല.
ഇന്നലെ ചെയര്‍പേഴ്‌സന്‍ മിനി മധുവിന്റെ ആദ്യ കൗണ്‍സിലിലാണ് തെരുവുവിളക്കുകളില്‍ ഒളിപ്പിച്ച അഴിമതിക്കഥ പുറത്തുവന്നത്. കൗണ്‍സിലര്‍ രേണുകാ രാജശേഖരനാണ് തന്റെ വാര്‍ഡിലെ 40ഓളം വഴിവിളക്കുകളില്‍ ഒന്നു പോലും കത്തുന്നില്ലെന്നു പറഞ്ഞ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അവര്‍ പ്രസംഗിക്കുന്നതിനിടയില്‍ത്തന്നെ നിരവധി അംഗങ്ങള്‍ തെരുവുവിളക്ക് കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി തുറന്നുകാട്ടി. 24 ലക്ഷത്തിനാണ് മുനിസിപ്പല്‍ ഓഫിസിലെ തെരുവുവിളക്കുകളുടെ സ്ഥാപനവും പരിരക്ഷയും കരാര്‍ നല്‍കിയത്. കരാര്‍ നല്‍കി മൂന്നുമാസം കഴിയുമ്പോഴാണ് ഇദ്ദേഹം കളത്തിലിറങ്ങിയത്.
എന്നിട്ടും ഒരിടത്തും വഴിവിളക്കുകള്‍ പൂര്‍ണമായി മാറ്റിയില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍മാര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല, അംഗങ്ങളെ കബളിപ്പിക്കുകയാണ് തുടങ്ങിയ ഒട്ടേറെ ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു. എന്നിട്ടും ഇദ്ദേഹത്തിന് കരാര്‍ തുകയുടെ മൂന്നു ഗഡുക്കള്‍ നല്‍കിയെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ദിവസവും 12 മണിക്കൂറെങ്കിലും വഴിവിളക്കുകള്‍ കത്തിക്കുമെന്ന ഉറപ്പ് ഉള്‍പ്പടെയുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത കരാറുകാരന് എന്തടിസ്ഥാനത്തിലാണ് പേമെന്റ് നല്‍കിയതെന്ന് അംഗങ്ങള്‍ ചോദിച്ചു. ഇതോടെ ഇതു സംബന്ധിച്ച വിശദീകരണവുമായി മുനിസിപ്പല്‍ എഇഎത്തി. കരാര്‍ തുകയുടെ മൂന്നു ഗഡു നല്‍കിയതിന്റെ അടിസ്ഥാനമൊന്നും വിശദമാക്കിയില്ലെങ്കിലും എല്ലാ കൗണ്‍സിലര്‍മാര്‍മാരുടെയും സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍  മാത്രമേ അവസാന ഗഡു നല്‍കുവെന്ന ഉറപ്പ് അദ്ദേഹം നല്‍കി. അത് കാത്തിരുന്ന് കാണണമെന്ന അഭിപ്രായവും ഇതിനിടെ കൗണ്‍സിലില്‍ മുഴങ്ങി. കോലാനി തോട് ശുചീകരിക്കാത്തതിനാല്‍ കരാര്‍ തുക നല്‍കരുതെന്ന് കൗണ്‍സിലില്‍ എഴുതി നല്‍കിയിട്ടും പണം വാങ്ങി കോണ്‍ട്രാക്ടര്‍ പോയ കഥ ബാബു പരമേശ്വരന്‍ വിവരിച്ചു.ആ സംഭവത്തിനു ശേഷം ശുചീകരണം എന്ന വാക്കിനോടു പോലും അനിഷ്ടമായെന്ന് വാര്‍ഡ് കൗണ്‍സിലര്‍  ആര്‍ ഹരി സാക്ഷ്യം പറഞ്ഞു.
തോട് ശുചീകരണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും എന്തടിസ്ഥാനത്തിലാണ് കരാര്‍ തുക നല്‍കിയതെന്നും വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം കെ ഷാഹു ല്‍ഹമീദ് ചോദിച്ചു. ശുചീകരിച്ച ഇടങ്ങളുടെ കൃത്യമായ അളവുകള്‍ എടുത്തിരുന്നുവെന്നും അതിനു ശേഷമാണ് പേമെന്റ് നല്‍കിയതെന്നും എഇ വ്യക്തമാക്കി. അളവെടുക്കാന്‍ വന്നപ്പോള്‍ കൗണ്‍സിലര്‍മാരെ അറിയിക്കാത്തതെന്താണെന്ന ചോദ്യത്തിന് എഇയുടെ ചിരി മാത്രമായിരുന്നു മറുപടി. ഇത്തരത്തില്‍ ചുമ്മാ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അഴിമതിക്കും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയ്ക്കുമെതിരെ അതിശക്തമായ നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ആര്‍ ഹരി നിര്‍ദേശിച്ചെങ്കിലും ഇത് എത്രകേട്ടതാണെന്ന മട്ടിലായിരുന്നു മറ്റംഗങ്ങളുടെ ഭാവം.
ചെയര്‍പേഴ്‌സന്റെ കസേരയില്‍ ആരിരുന്നാലും ഒരു കാര്യവുമില്ലെന്ന അടക്കം പറച്ചിലും കേള്‍ക്കാനായി. ഗ്രാമസഭയില്‍ വരാമെന്നു പറഞ്ഞു കബളിപ്പിച്ചെന്ന പരാതിയുമായി കൃഷിഓഫിസര്‍ക്കെതിരെ  മറ്റൊരു കൗണ്‍സിലറും രംഗത്തുവന്നു. എന്നാല്‍ മനപ്പൂര്‍വമായിരുന്നില്ലെന്ന മറുപടിയുമായി കൃഷി ഓഫിസറും കൗണ്‍സിലില്‍ എത്തി. ഉച്ചകഴിഞ്ഞ് നടക്കുന്ന വിവിധ സ്റ്റിയറിങ് കമ്മിറ്റികളുടെ യോഗങ്ങള്‍ക്കു ശേഷം എല്ലാം ശരിയാക്കാമെന്ന ‘റൂളിങ്’ ചെയര്‍പേഴ്‌സന്റെ റൂളിങോടെ കൗണ്‍സില്‍ മറ്റ് അജണ്ടാ ഇനങ്ങളിലേക്ക് കടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss