|    Jan 23 Mon, 2017 10:46 pm

അഴിമതിക്കാര്‍ക്ക് അഭയം നല്‍കില്ല: മന്ത്രി

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: അഴിമതിക്കാരെ വച്ചുപൊറുപ്പിക്കുന്ന നയമല്ല സര്‍ക്കാരിന്റേതെന്നും രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാറുകാരുടെ കൂട്ടുകെട്ടാണ് അഴിമതിയുടെ പ്രധാന കാരണമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പൊതുമരാമത്തുവകുപ്പിലെ എന്‍ജിനീയര്‍മാര്‍ക്കായി യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി നടത്തിയ ശേഷം സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ അഭയം പ്രാപിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ആരും അഭയം നല്‍കില്ല. ആരും ഭരണഘടനയ്ക്കു മുകളിലല്ലെന്നു മനസ്സിലാക്കണം.
കഴിഞ്ഞ 45 ദിവസമായി പൊതുമരാമത്ത് വകുപ്പില്‍ അഴിമതി ഉണ്ടായിട്ടില്ലെന്ന കാര്യം സന്തോഷം നല്‍കുന്നതാണ്. ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചാല്‍ വകുപ്പ് നിഷ്‌ക്രിയമാണെന്ന പരാതി ഒഴിവാക്കാനാവും. നിര്‍മാണമേഖല കുറ്റമറ്റതാക്കാനുള്ള സമഗ്രനടപടികള്‍ സ്വീകരിക്കും. കൃത്യമായ മേല്‍നോട്ടത്തിന്റെ അഭാവമാണ് അഴിമതിക്കു കാരണം. മഴയത്ത് റോഡ് നിര്‍മാണവും ടാറിങും നടത്തുന്ന സമ്പ്രദായത്തിന് അവസാനമുണ്ടാവണം. നിര്‍മാണം ആരംഭിക്കുന്നതുമുതല്‍ തന്നെ മേല്‍നോട്ടവും പരിപാലനവും തുടങ്ങണം.
12,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്. അക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. പുതിയ ലോകം, പുതിയ നിര്‍മാണമെന്ന ആശയം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക