|    Jan 22 Sun, 2017 5:13 am
FLASH NEWS

അഴിത്തല ജസീലയുടെ മരണം: അന്വേഷണം എങ്ങുമെത്തിയില്ല

Published : 1st September 2016 | Posted By: SMR

വടകര:  വടകര അഴിത്തലയിലെ അഴീക്കല്‍ ഹൈദറിന്റെ മകള്‍ ജസീലയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം എങ്ങുമെത്തിക്കാതെ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതായി പരാതി. ഇത് മൂലം ജസീല മരിച്ചത് എങ്ങിനെയാണെന്ന കാര്യത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ജൂലായ് 14ന് പാലക്കാട്ട് വച്ചാണ് ജസീല അപകടത്തില്‍ പെടുന്നത്.
അപകട സമയത്ത് അഴിത്തലയില്‍ തന്നെയുള്ള ഒരു യുവാവും ജസീലയുടെ കൂടെയുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലായത്. എന്നാല്‍ അപകടത്തില്‍ യുവാവിനും, കൂടെയുണ്ടായിരുന്ന ജസീലയുടെ മകനും ഒന്നും സംഭവിച്ചിട്ടില്ല. ഇതാണ് സംശയത്തിലേക്ക് നാട്ടുകാരെ നയിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിഐ, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സംബന്ധിച്ച ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് വന്നതോടെ ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടു വരുമെന്നുള്ള ഉറപ്പ് എസ്പി ആക്ഷന്‍ കമ്മിറ്റിയോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും സംഭവത്തിന്റെ ചുരുളഴിയാതെ നില്‍ക്കുന്നത് വീട്ടുകാരെയും, നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് കുട്ടികളുടെ മാതാവാണ് ജസില.
മറ്റൊരു വീട്ടില്‍ ജോലിക്ക് പോയിരുന്ന സമയത്താണ് ജസീലയും യുവാവും കൂടി പാലക്കാടേക്ക് സ്ഥലംവിട്ടത്. രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോസൊക്കെ പിന്നീട് പ്രചരിച്ചെങ്കിലും ജസീല മരണപ്പെട്ടതെങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് നാട്ടുകാരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും ആവശ്യം. പോലിസ് അന്വേഷണത്തില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ വിവിധ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സമരപരിപരാടികള്‍ ആലോചിക്കുന്നതിനായി അടുത്ത ദിവസം തന്നെ യോഗം വിളിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക