|    Mar 24 Fri, 2017 3:57 pm
FLASH NEWS

അഴിച്ചിട്ടും അഴിയാത്ത കുരുക്കുകള്‍

Published : 30th August 2016 | Posted By: SMR

കഴിഞ്ഞ ജൂണ്‍ 23ന് ബ്രിട്ടനിലെ പൗരാവലി യൂറോപ്യന്‍ യൂനിയനില്‍നിന്ന് ഇറങ്ങിപ്പോരാനുള്ള തീരുമാനം ജനഹിതപരിശോധനയിലൂടെ പ്രഖ്യാപിച്ചതാണ്. അത് ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ബ്രിട്ടിഷ് പൗണ്ടിന്റെ വിനിമയമൂല്യം കുത്തനെ ഇടിഞ്ഞു. ബ്രിട്ടന്റെ സാമ്പത്തികരംഗത്ത് തിരിച്ചടിയുടെയും മുരടിപ്പിന്റെയും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ തീരുമാനം തിരിച്ചടി വരുത്തിവച്ചെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും സുനാമിത്തിരപോലെയുള്ള ആഘാതമാണ് ഹിതപരിശോധനാഫലം ഉണ്ടാക്കിയത്. പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവച്ച് തെരേസാ മെയ് പ്രധാനമന്ത്രിയായി. ബ്രെക്‌സിറ്റിന്റെ ഏറ്റവും വലിയ വക്താവ് ബോറിസ് ജോണ്‍സണ്‍ വിദേശകാര്യമന്ത്രിയായി. ഹിതപരിശോധനാ തീരുമാനം നടപ്പാക്കും എന്നുതന്നെയാണ് പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചത്. പക്ഷേ, അത് അത്ര എളുപ്പമാവില്ലെന്ന് രണ്ടു മാസത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ലോക സമ്പദ്ഘടന എത്രമാത്രം പരസ്പരബന്ധിതമാണ് എന്നും ഓരോ ദേശരാഷ്ട്രങ്ങളും അയല്‍രാജ്യങ്ങളുമായി എത്രമാത്രം സങ്കീര്‍ണമായ നിലയില്‍ കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നതിനുമുള്ള തെളിവാണ് ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെയും യൂറോപ്പിന്റെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോരാനുള്ള നിയമപരമായ നടപടികള്‍ 2017നു മുമ്പ് സ്വീകരിക്കാന്‍ തയ്യാറല്ല എന്ന സമീപനമാണ് ഇപ്പോള്‍ ബ്രിട്ടന്‍ സ്വീകരിക്കുന്നത്. ബ്രിട്ടന്‍ എത്രയും വേഗം വിട്ടുപോരണം എന്ന് വാദിച്ച വിഭാഗങ്ങള്‍പോലും ഇന്ന് മാറിച്ചിന്തിക്കുന്നതായാണു കാണുന്നത്.
അതിനു കാരണം ആഗോള സമ്പദ്ഘടനയിലെ ഈ സങ്കീര്‍ണമായ പരസ്പരബന്ധങ്ങള്‍ തന്നെയാണ്. ഒരു രാജ്യത്തിനും അയല്‍ക്കാരെ അവഗണിച്ചു സ്വന്തം കാര്യം മാത്രം നോക്കി മുന്നേറാനാവില്ല. ബ്രിട്ടന്റെ കയറ്റുമതിയില്‍ വലിയപങ്കും ഇയുവിലെ അംഗരാജ്യങ്ങളിലേക്കാണു പോവുന്നത്. പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് ക്ഷിപ്രസാധ്യമല്ല.
അതേപോലെ ബ്രിട്ടന്റെ ഭാഗമായ ഉത്തര അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലന്‍ഡിലും സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നതായാണു കാണുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടു പോരുന്നത് തങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാവും എന്ന് അവര്‍ കണക്കുകൂട്ടുന്നു. അതേസമയം, ബ്രിട്ടനില്‍നിന്നു വിട്ടുപോരുകയെന്നത് അവര്‍ക്കും എളുപ്പമുള്ള കാര്യമല്ല. കാരണം, രണ്ടു പ്രദേശങ്ങളുടെയും കച്ചവടബന്ധങ്ങളില്‍ വലിയ പങ്ക് ബ്രിട്ടനുമായിട്ടാണ് എന്നതു തന്നെ.
ചുരുക്കത്തില്‍ തീവ്രവലതുപക്ഷ നയങ്ങളും വാദമുഖങ്ങളും ഉയര്‍ത്തി ജനങ്ങളെ ഭയചകിതരാക്കി മാറ്റുന്നതും അന്യര്‍ക്കെതിരേ വിരോധവും സംശയവും ഉണര്‍ത്തുന്നതും എളുപ്പമാണ്. ബ്രിട്ടനില്‍ വിട്ടുപോരല്‍ വാദക്കാരുടെ മുഖ്യ ആയുധവും ഇത്തരം പ്രചാരണമായിരുന്നു. പക്ഷേ, അത്തരം ഭ്രാന്തന്‍ വാദങ്ങളുടെ അനന്തരഫലം ഒറ്റപ്പെടലും സാമ്പത്തികമായ തകര്‍ച്ചയും പിന്നോട്ടടിയുമായിരിക്കും എന്ന് ഇപ്പോള്‍ ബ്രിട്ടന്‍ തിരിച്ചറിയുന്നുണ്ട്. ഇത്തരം രാഷ്ട്രീയ-സാമൂഹിക നയനിലപാടുകള്‍ പുലര്‍ത്തുന്ന കക്ഷികളും പ്രസ്ഥാനങ്ങളും ഈ അനുഭവങ്ങള്‍ പാഠമാക്കുന്നത് പ്രയോജനപ്രദമായിരിക്കും.

(Visited 97 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക