|    Nov 22 Wed, 2017 9:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അല്‍ നുസ്‌റ ഫ്രണ്ടിന്റെ പുതിയ പേര് ജബാത് ഫത്ഹ് അല്‍ ശാം

Published : 30th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ നുസ്‌റ ഫ്രണ്ട് എന്ന സായുധവിഭാഗം അല്‍ഖാഇദയുമായി വേര്‍പിരിയുന്നു. അല്‍ നുസ്‌റ ഫ്രണ്ടിന്റെ മുന്‍ നേതാവ് അബു മുഹമ്മദ് അല്‍ ജോലാനി ഇക്കാര്യം സ്ഥിരീകരിക്കുന്നതായുള്ള വീഡിയോ ദൃശ്യം അല്‍ജസീറ ചാനല്‍ പുറത്തുവിട്ടു. സംഘടനയുടെ പേരുമാറ്റുന്നതായും ദൃശ്യത്തിലുണ്ട്. ജബ്ഹത് ഫതഹ് അല്‍ ശാം എന്നാണ് പുതിയ പേര്.
അല്‍ നുസ്‌റ ഫ്രണ്ട് എന്ന പേരിനു കീഴിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും തങ്ങള്‍ നിര്‍ത്തിവയ്ക്കുന്നു. പുതിയ പേരിലായിരിക്കും ഇനി പ്രവര്‍ത്തനം. ഇനി മുതല്‍ സംഘടനയ്ക്ക് ബാഹ്യസംഘടനകളുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ല- ജോലാനി പറഞ്ഞു. വിഭജിച്ചുപോവാന്‍ അല്‍ നുസ്‌റ ഫ്രണ്ടിന് അല്‍ഖാഇദ നേതാവ് അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ദൃശ്യം പുറത്തുവന്നത്. സിറിയന്‍ സര്‍ക്കാരിനെതിരേയും മറ്റു വിമത സംഘടനകള്‍ക്കെതിരേയുമുള്ള പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു. അല്‍നുസ്‌റ ഫ്രണ്ട് ആദ്യമായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് സിറിയയിലും ഹലബിലും നടത്തിയ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്.
2012ലായിരുന്നു ഇത്. പരിശീലനം ലഭിച്ച അല്‍ നുസ്‌റ ഫ്രണ്ട് ഭടന്മാര്‍ പിന്നീട് സുരക്ഷാ സൈന്യത്തിനും മറ്റു സായുധസംഘങ്ങള്‍ക്കുമെതിരായി നിരവധി ആക്രമണങ്ങളാണ് രാജ്യത്തു നടത്തിയത്. സംഘടനയ്‌ക്കെതിരേ യുഎന്‍ രക്ഷാസമിതിയുടെ ഉപരോധം നിലനില്‍ക്കുന്നുണ്ട്. റഷ്യയും യുഎസും സംഘടനയെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. അതേസമയം, സംഘടന ഇപ്പോഴും വളര്‍ച്ച പ്രാപിച്ചിട്ടില്ലെന്നും അല്‍ഖാഇദയില്‍ നിന്നുള്ള വിഭജനം ദോഷം ചെയ്യുമെന്നും സിറിയയിലെ വിമതസംഘടനകളുടെ കൂട്ടായ്മയായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി വക്താവ് ഫറാഹ് അല്‍ അതാസി പറഞ്ഞു.
അല്‍ഖാഇദയുമായുള്ള ബന്ധം വേര്‍പെടുത്തിയതായി അല്‍ നുസ്‌റ ഫ്രണ്ട് പ്രഖ്യാപിച്ചെങ്കിലും അവരോടുള്ള നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കി. നയങ്ങളും പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നിലപാട് സ്വീകരിക്കുക. സിറിയയില്‍ അല്‍ നുസ്‌റ ഫ്രണ്ടിനെ യുഎസും റഷ്യയും ലക്ഷ്യം വെയ്ക്കുമെന്ന് യുഎസ് വിദേശകാര്യ വക്താവും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക