|    Jul 25 Tue, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അല്‍ അഖ്‌സ അങ്കണത്തില്‍ ഏറ്റുമുട്ടല്‍ : മൂന്നു ഫലസ്തീനികളും രണ്ടു പോലിസുകാരും കൊല്ലപ്പെട്ടു

Published : 15th July 2017 | Posted By: fsq

 

ജറുസലോം: മസ്ജിദുല്‍ അഖ്‌സ അങ്കണത്തിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഫലസ്തീനി പൗരന്‍മാരും രണ്ടു ഇസ്രായേല്‍ പോലിസുകാരും കൊല്ലപ്പെട്ടു. ജറുസലേമില്‍ ലിയോണ്‍ ഗോറ്റില്‍ ഇസ്രായേല്‍ പോലിസുകാര്‍ക്കു നേരെ മൂന്നു ഫലസ്തീന്‍ യുവാക്കള്‍ വെടിയുതിര്‍ത്തതോടെയാണു സംഭവങ്ങളുടെ തുടക്കമെന്ന് ഇസ്രായേല്‍ പോലിസ് അറിയിച്ചു. പോലിസിനു നേരെ വെടിയുതിര്‍ത്ത ഫലസ്തീന്‍ യുവാക്കള്‍ മസ്ജിദുല്‍ അഖ്‌സ അങ്കണത്തിലേക്ക് ഓടിക്കയറുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കളും രണ്ടു പോലിസുകാരും കൊല്ലപ്പെടുകയുമായിരുന്നെന്നാണ് റിപോര്‍ട്ട്്. വെടിവയ്പില്‍ ഒരു പോലിസുകാരനു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.സംഭത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പോലിസ് അഖ്‌സ പള്ളി അടച്ചതായും വെള്ളിയാഴ്ച പ്രാര്‍ഥന അനുവദിച്ചില്ലെന്നും ജറുസലേം പോലിസ് മേധാവി യോരാം ഹാ ലെവിയെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  അതേസമയം ബത്‌ലഹേമിനടുത്തുള്ള ദഹീശ അഭയാര്‍ഥി ക്യാംപിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു ഫലസ്തീനി യുവാവും കൊല്ലപ്പെട്ടിട്ടുണ്ട്. 18കാരനായ ബരാ ഹമാംദീഹ് ആണ് ബത്‌ലഹേമില്‍ കൊല്ലപ്പെട്ടത്. അഭയാര്‍ഥി ക്യാംപില്‍ വെള്ളിയാഴ്ചരാലിവെ ഇസ്രായേല്‍ പോലിസ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ ബന്ധപ്പെട്ട ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അക്രമത്തെ അപലപിച്ചു.  അതേസമയം ജറുസലേമിലെ ഇമാം ശെയ്ഖ് മുഹമ്മദ് ഹുസയ്‌നെ അല്‍ അഖ്‌സ പള്ളിക്കു സമീപത്തുനിന്ന് ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തു. തന്റെ പിതാവിനെ ഇസ്രായേല്‍ പോലിസ് പിടികൂടി അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ മകന്‍ ഉമര്‍ അറിയിച്ചു. അഖ്‌സ പള്ളിയില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇസ്‌ലാം മതവിശ്വാസികള്‍ ലിയോണ്‍സ് ഗേറ്റില്‍ വച്ചായിരുന്നു ഇന്നലെ ജമുഅ നിര്‍വഹിച്ചത്. അതിനു ശേഷമാണ് ശെയ്ഖ് മുഹമ്മദ് ഹുസയ്‌നെ പോലിസ് പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക