|    Jan 23 Mon, 2017 10:27 pm

അല്‍ അഖ്‌സയ്ക്കായി സാമൂഹിക മാധ്യമങ്ങളില്‍ ഫലസ്തീനി യുവാക്കള്‍

Published : 28th July 2016 | Posted By: SMR

ജറുസലേം: അല്‍ അഖ്‌സ പള്ളിയില്‍ വച്ചുള്ള വിവാഹമെന്ന പാരമ്പര്യത്തെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ജറുസലേമില്‍ നിന്നുള്ള ഫലസ്തീനി യുവാക്കള്‍. വിവാഹത്തിന്റെ ഭാഗമായി മസ്ജിദില്‍ നടത്തുന്ന ഇസ്‌ലാമികാചാരപ്രകാരമുള്ള ചടങ്ങുകളുടെ ദൃശ്യങ്ങളും അല്‍ അഖ്‌സയുടെ താഴികക്കുടത്തിന്റെ പശ്ചാത്തലത്തിലെടുത്ത ചിത്രങ്ങളും ഓണ്‍ലൈന്‍ ഇടങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുന്നു.
ഇസ്‌ലാമിന്റെ മൂന്നാമത്തെ പ്രധാനപ്പെട്ട പുണ്യകേന്ദ്രത്തില്‍ ആരാധന ചെയ്യുന്നതിനുള്ള അവകാശം സംബന്ധിച്ച പ്രസ്താവനകൂടിയാവുകയാണ് ഫലസ്തീന്‍ യുവാക്കളുടെ പോസ്റ്റുകള്‍. പ്രതിരോധത്തിന്റെ ഒരു മാര്‍ഗം എന്ന നിലയ്ക്കാണ് അല്‍ അഖ്‌സയില്‍ നടന്ന തങ്ങളുടെ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചതെന്നു ജറുസലേമിലെ അല്‍ഖുദ്‌സ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ കൂടിയായ റാമി മജ്ദി കസ്സാസ് (25), ആമിറ അസം ഗയ്ത്(20) എന്നിവര്‍ പറയുന്നു.
അല്‍ അഖ്‌സയില്‍ പ്രാര്‍ഥനയ്ക്കു വരാത്ത യുവാക്കള്‍ പോലും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവാഹത്തിന് ഇവിടം തിരഞ്ഞെടുക്കുകയും ചടങ്ങുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇസ്രായേലില്‍ കഴിയുന്ന ഫലസ്തീനി സുഹൃത്തുക്കളില്‍ പലരും അല്‍ അഖ്‌സ വിവാഹവേദിയാക്കാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു.
അല്‍ അഖ്‌സ മസ്ജിദ് തകര്‍ക്കുന്നതിനായി തീവ്ര വലതുപക്ഷ ജൂത സംഘടനകള്‍ പ്രചാരണം നടത്തുന്നതിനിടെയാണ് തങ്ങളുടെ പ്രതിരോധമെന്ന് ഫലസ്തീന്‍കാരനായ തല്‍ഹാ സെര്‍ഹാന്‍ (26) പറഞ്ഞു. അല്‍ അഖ്‌സയുടെ നിലനില്‍പ്പ് ജറുസലേമിലെ ഫലസ്തീനികളെ സംബന്ധിച്ച് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 299 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക