|    Jul 28 Fri, 2017 10:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അല്‍ഷയുടെ പോരാട്ടം പെണ്‍കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍

Published : 23rd August 2016 | Posted By: SMR

എ പി വിനോദ്

കാഞ്ഞങ്ങാട്: സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ മുടി രണ്ടായി പിന്നിക്കെട്ടണമെന്ന നിര്‍ദേശത്തിനെതിരേ പ്ലസ്ടു വിദ്യാര്‍ഥിനി പി എസ് അല്‍ഷ നല്‍കിയ പരാതി പെണ്‍കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിന്. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത കര്‍ശന നിര്‍ദേശങ്ങള്‍ പെണ്‍കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നതിനെതിരേയാണ് തന്റെ പോരാട്ടമെന്ന് അല്‍ഷ തേജസിനോട് പറഞ്ഞു.
സ്‌കൂളില്‍ മുടി രണ്ടായി പിന്നിയിടണമെന്ന നിര്‍ദേശത്തിനെതിരേ ബാലാവകാശ കമ്മീഷന് നല്‍കിയ ഹരജിയിലാണ് മുടി പിന്നിക്കെട്ടേണ്ട, ഒതുക്കിയിട്ടാല്‍ മതിയെന്ന് നിര്‍ദേശിക്കാമെന്ന വിധി പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശവും നല്‍കി. കുളിച്ച ഉടനെ മുടി രണ്ടായി പിന്നിക്കെട്ടിയാല്‍ ദുര്‍ഗന്ധമുണ്ടാവാനും മുടി പൊട്ടാനും മുടിയില്‍ താരനുണ്ടാവാനും ഇടയാക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി. ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയായ അല്‍ഷ ജൂണ്‍ 20നാണ് കാസര്‍കോട്ട് ബാലാവകാശ കമ്മീഷന്‍ സിറ്റിങില്‍ പരാതി നല്‍കിയത്.
സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃസമിതി യോഗത്തി ല്‍ അല്‍ഷയുടെ അമ്മ മുടി രണ്ടായി പിന്നിക്കെട്ടുന്നതിനെതിരേ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഭൂരിപക്ഷം രക്ഷിതാക്കളും ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് അല്‍ഷ വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ജില്ലാ ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്കു പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ബാലാവകാശ കമ്മീഷണര്‍ ആര്‍ ബിജു സ്‌കൂളിനോട് വിശദീകരണം ചോദിച്ചെങ്കിലും പിടിഎയുടെ ഭൂരിപക്ഷ തീരുമാന പ്രകാരമാണ് ഇങ്ങനെ നിര്‍ദേശം നല്‍കിയതെന്നാണ് അറിയിച്ചത്. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 79 പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് മുടി രണ്ടായി പിന്നിക്കെട്ടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ജില്ലാ ബാലാവകാശ കമ്മീഷന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. ബാലാവകാശ കമ്മീഷന്‍ ഉത്തരവ് വന്നതിനുശേഷം ഇന്നലെയും മുടി രണ്ടായി പിന്നിക്കെട്ടിയാണ് അല്‍ഷ ക്ലാസിലെത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു വന്നതിനുശേഷം മാത്രമേ മുടി പിന്നിക്കെട്ടാതെ സ്‌കൂളില്‍ വരുകയുള്ളൂവെന്നും സ്‌കൂളിന്റെ അച്ചടക്കം പാലിക്കുമെന്നും അല്‍ഷ പറഞ്ഞു.
പരാതി സ്‌കൂളിനെതിരേയുള്ളതല്ല. പെണ്‍കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ളതാണ്. എന്നാല്‍, സ്‌കൂളിന്റെ അച്ചടക്കം മുന്‍നിര്‍ത്തിയാണ് മുടി കെട്ടുന്നതിന് നിര്‍ദേശം പുറപ്പെടുവിച്ചതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു വന്നാല്‍ അത് നടപ്പാക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രഭാവതി തേജസിനോട് പറഞ്ഞു. ചീമേനിയിലെ സനല്‍ഷ-പ്രിയ (സിവില്‍ പോലിസ് ഓഫിസര്‍) ദമ്പതികളുടെ മകളാണ് അല്‍ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക