|    Jul 23 Sun, 2017 2:34 pm
FLASH NEWS
Home   >  Pravasi   >  

അല്‍റയ്യാന്‍ റോഡിന്റെ 2.9 കിലോമീറ്റര്‍ തുറന്നു

Published : 20th March 2017 | Posted By: fsq

 

ദോഹ: എജുക്കേഷന്‍ സിറ്റിക്ക് സമീപം യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി അല്‍റയ്യാന്‍ റോഡ് നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം ഗതാഗതത്തിനായി തുറന്നു. എട്ട് വരികളുള്ള എക്‌സ്പ്രസ് വേയുടെ ന്യൂഅല്‍റയ്യാന്‍ റൗണ്ട്എബൗട്ട് മുതല്‍ ബനീ ഹാദര്‍ റൗണ്ട്എബൗട്ട് വരെയുള്ള 2.9 കിലോമീറ്റര്‍ ഭാഗമാണ് തുറന്നത്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി  മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി, പൊതുമരാമത്ത് അതോറിറ്റി പ്രസിഡന്റ് ഡോ. എന്‍ജിനീയര്‍ സഅദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി, ആഭ്യന്തര മന്ത്രാലയം, അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇരുവശത്തേക്കും നാലു വരികളും ചില സര്‍വീസ് റോഡുകളും പുതിയ പദ്ധതിയില്‍പ്പെടും. എന്നാല്‍, ഇപ്പോള്‍ ഇരുവശത്തേക്കും മൂന്നു വരികള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. അല്‍റയ്യാനും റോഡിനും അല്‍ശാഫി സ്ട്രീറ്റിനും ഇടയിലും അല്‍റയ്യാന്‍ റോഡിനും അല്‍ഖലാ സ്ട്രീറ്റിനും ഇടയിലുള്ള ഇന്റര്‍ചേഞ്ചുകളും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. അല്‍വജ്ബ സ്ട്രീറ്റിലുള്ള മൂന്നാമത്തെ ഇന്റര്‍ചേഞ്ച് ഉടന്‍ തുറക്കും. നിശ്ചിത ഷെഡ്യൂളിന് മുമ്പേ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഗതാഗത മന്ത്രി അശ്ഗാലിനെ അഭിനന്ദിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ അല്‍റയ്യാന്‍, മൈദര്‍, അല്‍ഷാഫി, ബാനി തുടങ്ങി പരിസര പ്രദേശങ്ങളില്‍ ഗതാഗതം സുഗമമാക്കാന്‍ സഹായകമാകുമെന്ന് പരിസ്ഥിതി മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ അവശേഷിക്കുന്ന ഘട്ടവും പൂര്‍ത്തിയാകുന്നതോടെ ദോഹയില്‍ നിന്നും ദുഖാനിലേക്കുള്ള ഗതാഗതം സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ ഈ മേഖലയിലെ യാത്രാ സമയം 20 മുതല്‍ 30 ശതമാനം വരെ കുറക്കാന്‍ കഴിഞ്ഞതായി അശ്ഗാല്‍ പ്രസിഡന്റ് വ്യക്തമാക്കി. അല്‍ റയ്യാന്‍ ദുഖാന്‍ കോറിഡോര്‍ പദ്ധതി 2018 ല്‍ പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം പകുതിയിലധികം കുറക്കാന്‍ കഴിയും. ഗതാഗതത്തിനായി തുറന്ന രണ്ട് കിലോമീറ്റര്‍ റോഡില്‍ സര്‍വീസ് റോഡുകളുമുണ്ട്. സൈക്കിള്‍ സവാരിക്കാര്‍ക്കായി പ്രത്യേക പാതയും പദ്ധതിയിലുണ്ട്. സര്‍വീസ് തുരങ്കം, അഞ്ച് കിലോമീറ്ററോളം ഡ്രെയിനേജ് നെറ്റ്‌വര്‍ക്ക്, സ്വീവേജ് ശൃംഖല, തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനുള്ള  സംവിധാനങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഒളിംപിക് റൗണ്ട് എബൗട്ടിന്റെ പടിഞ്ഞാറ് നിന്ന് ദുഖാന്‍ റോഡിലേക്ക് അല്‍ഷിഹാനിയ, അല്‍ഒട്ടോറിയ, ലെജ്‌മെലിയ റോഡ് എന്നിവയെ ബന്ധിപ്പിച്ചുള്ള 45 കിലോമീറ്റര്‍ റോഡാണ് അല്‍റയ്യാന്‍ ദുഖാന്‍ കോറിഡോര്‍ പദ്ധതിയിലുള്ളത്. 2018 ഓടെ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ മറ്റ് ഭാഗങ്ങളും ഈ വര്‍ഷത്തിനിടെ തുറക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക