|    Jul 21 Sat, 2018 8:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അല്‍ഫോണ്‍സ് കണ്ണന്താനം ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി

Published : 12th September 2017 | Posted By: fsq

 

കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി, പാലാ രൂപതാ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം,  പാലാ ബിഷപ്പ് ഹൗസ്  സന്ദര്‍ശിച്ച് മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുമായായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ രാവിലെ ചങ്ങനാശ്ശേരി അരമനയിലെത്തിയാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനുശേഷം സഹോദരന്റെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് പാലായിലേക്ക് പോയത്. കസ്തൂരിരംഗന്‍, റബര്‍ വിലയിടിവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ക്രൈസ്തവസഭയുടെ ആശങ്കകള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് ബിഷപ്പുമാരെ സന്ദര്‍ശിച്ചശേഷം കേന്ദ്രമന്ത്രി പ്രതികരിച്ചു. കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലവിലുള്ള പ്രകൃതിയെ സംരക്ഷിക്കുന്നതിനും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ഒരുപോലെ പ്രാധാന്യം നല്‍കും. എല്ലാവരെയും ഒരുപോലെ യോജിപ്പിച്ചു കൊണ്ടുപോവണമെന്ന മോദി സര്‍ക്കാരിന്റെ നയം നടപ്പിലാക്കും. ഒറ്റപ്പെട്ട ചില കൊലപാതകങ്ങളും അക്രമസംഭവങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായേക്കാം. അമേരിക്കയില്‍ പോലും വിവിധ അക്രമസംഭവങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നുണ്ട്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയുടെ പിന്തുണ വേണമെന്നും അദ്ദേഹം  പറഞ്ഞു. കണ്ണന്താനം കേന്ദ്രമന്ത്രിയായത് സഭ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹവുമായി സഭയ്ക്ക് നല്ല ബന്ധമാണുള്ളതെന്നും സഭാനേതൃത്വം വ്യക്തമാക്കി. ഉച്ചയ്ക്ക് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലും സന്ദര്‍ശനം നടത്തി. കാഞ്ഞിരപ്പള്ളി പൗരാവലി 15ന് ജന്‍മനാട്ടില്‍ മന്ത്രിക്ക് നല്‍കുന്ന പൗരസ്വീകരണം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് വിവരം. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം എം മണി, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ പി ജെ ജോസഫ്, എന്‍ ജയരാജ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എമാരായ കെ ജെ തോമസ്, ജോര്‍ജ് ജെ മാത്യു, ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss