|    May 30 Tue, 2017 1:13 pm
FLASH NEWS

അല്‍പം വൈകിയിരുന്നെങ്കില്‍ സംഭവിക്കുക വലിയ ദുരന്തം

Published : 4th August 2016 | Posted By: SMR

ദുബയ്: ദുബയ് വിമാനാപകടത്തിന്റെ നടുക്കം മാറാതെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇ കെ -521 ബോയിങ് 777 വിമാനത്തിലെ യാത്രക്കാര്‍. തിരുവനന്തപുരത്ത് നിന്നെത്തിയ എമിറേറ്റ്‌സ് വിമാനം ദുബയ് വിമാനത്താവളത്തില്‍ ഇറങ്ങവെ തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ലെന്നും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നുമാണ് ആദ്യം കരുതിയതെന്ന് യാത്രക്കാരിലൊരാളായ സായ് ഭാസ്‌കര്‍ പറഞ്ഞു. മലയാളികളായിരുന്നു യാത്രക്കാരില്‍ ഭൂരിപക്ഷവും. സാങ്കേതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല.
പുകയുയരുന്നതുകണ്ടാണ് വിമാനത്തിന് അപകടം പറ്റിയതായി മനസ്സിലായത്. ആദ്യഘട്ടത്തില്‍ സുരക്ഷാ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ശ്രമം വിജയിക്കുകയായിരുന്നു. ഒരു മിനിറ്റ് കൂടി വിമാനത്തിനകത്തു കഴിഞ്ഞിരുന്നെങ്കില്‍ വലിയ ദുരന്തമായിരുന്നു സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വാതിലിലൂടെ ചാടുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്കു പരിക്കു പറ്റിയിരുന്നു.
വിമാനം ഇടിച്ചിറങ്ങിയ ഉടന്‍ തന്നെ എന്‍ജിന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് യാത്രക്കാരിലൊരാളായ ഷാജി പറഞ്ഞു. വിമാനം നിലത്തിറങ്ങാനായപ്പോള്‍ ഒരു ശബ്ദം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന്, പുക ഉയരുന്നതും ശ്രദ്ധയില്‍പ്പെട്ടു. സുരക്ഷാവാതിലുകള്‍ പെട്ടെന്നു തുറക്കാനായതിനാലാണ് എല്ലാവര്‍ക്കും രക്ഷപ്പെടാനായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കണ്ണുകളെ വിശ്വസിക്കാനിയില്ലെന്നും ആകെ പരിഭ്രമിച്ചതായും അപകടത്തിനു ദൃക്‌സാക്ഷിയായ സാറാ ലൂയിസെ ഷെര്‍വുഡ് പറഞ്ഞു.
തീ പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് പലര്‍ക്കും ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടു. ഇവരെ അല്‍ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം 12.45ന് ദുബയ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തറയില്‍ തട്ടുകയും ലാന്റിങ് ഗിയര്‍ തകര്‍ന്ന് വലതുഭാഗത്ത് തീപിടിക്കുകയുമായിരുന്നു. ദുരന്തത്തിന്റെ കാരണമെന്താണെന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day