|    Aug 17 Fri, 2018 11:17 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ഖോര്‍ എക്‌സ്പ്രസ്‌വേ നിര്‍മാണം തുര്‍ക്കി കമ്പനിക്ക്

Published : 25th August 2016 | Posted By: SMR

ദോഹ: അല്‍ഖോര്‍ എക്‌സ്പ്രസ് വേ പദ്ധതിയുടെ നിര്‍മാണ ചുമതല തുര്‍ക്കി കമ്പനിക്ക്. എക്‌സ്പ്രസ്‌വേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഖത്തര്‍, തുര്‍ക്കി കമ്പനിയായ ടെക്‌ഫെനുമായി 760 കോടി റിയാലിന്റെ കരാറിലൊപ്പിട്ടു.  പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി, തുര്‍ക്കി ഗതാഗത മന്ത്രി അഹമ്മദ് അര്‍സ്‌ലാന്‍, ടെക്‌ഫെന്‍ ഹോള്‍ഡിങ് കണ്‍സ്ട്രക്ഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, തുര്‍ക്കിയിലെ ഖത്തരി അംബാസഡര്‍ സാലിം മുബാറക് അല്‍ശാഫി എന്നിവര്‍ അങ്കാറയില്‍ നടന്ന ഒപ്പിടല്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
34 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന എക്‌സ്പ്രസ്‌വേയില്‍ 12 പാലങ്ങളും ക്രോസിങ്ങുകളും ഉള്‍പ്പെടും. ദോഹയില്‍ നിന്ന് ലുസൈലിലേക്കു നീളുന്ന ഈ എക്‌സ്പ്രസ്‌വേ അല്‍ഖോറിനെയും പുതിയ സ്റ്റേഡിയത്തെയും ബന്ധിപ്പിക്കും. ഇരുവശത്തേക്കും അഞ്ചു വരികള്‍ വീതമുള്ള പാത 30 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
നിര്‍ദിഷ്ട എക്‌സ്പ്രസ്‌വേയില്‍ എട്ട് ഇന്റര്‍ സെക്ഷനുകളും നടപ്പാതകളും ബൈസൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ ലൈനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്തംബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌ഫെന്‍ കമ്പനി പവര്‍ ജനറേഷന്‍, വിമാനത്താവളങ്ങള്‍, പെട്രോളിയം, നിരത്തുകള്‍, അടിസ്ഥാന വികസന പദ്ധതികള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ  നിര്‍മാണത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
തുര്‍ക്കി, മിഡില്‍ ഈസ്റ്റ്, കാസ്പിയന്‍ മേഖല, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലാണ് ടെക്‌ഫെന്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഖത്തറില്‍ തുര്‍ക്കി കമ്പനികള്‍ ഏറ്റെടുത്ത് ചെയ്യുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 119ലെത്തിയതായും ഇത് 1500 കോടി ഡോളറിന് സമാനമായ കരാറുകളാണെന്നും തുര്‍ക്കി മന്ത്രി അര്‍സ്‌ലാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഖത്തറും തുര്‍ക്കിയും തമ്മിലുള്ള വ്യാപാര വ്യാപ്തി വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളുടെയും ഇടയിലുണ്ടായ നയതന്ത്ര വിജയമാണിതെന്നും അദ്ദേഹം പഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss