|    Nov 15 Thu, 2018 8:31 pm
FLASH NEWS

അല്ലാഹു സ്വീകരിച്ച ഹദ്‌യ

Published : 4th June 2017 | Posted By: G.A.G

  പരസ്പരം പാരിതോഷികങ്ങള്‍ സമ്മാനിക്കുക അറബികള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടിയ  ശീലമായിരുന്നു. മാനുഷിക ബന്ധങ്ങളിലെ ഊഷ്മളത നിലനിര്‍ത്താന്‍ ഉതകുന്ന ഈ സമ്പ്രദായത്തെ ഇസലാം അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. മുഹമ്മദ് നബി നിയുക്തനാവുന്നതിനു മുമ്പ് അദ്ദേഹത്തെക്കുറിച്ച് പൂര്‍വ വേദങ്ങളില്‍ അറിയിച്ച സുവിശേഷങ്ങളില്‍ ഒന്ന് അദ്ദേഹം സ്വന്തത്തിനു വേണ്ടി ഹദ്‌യ സ്വീകരിക്കുകയും ദാന ധര്‍മ്മങ്ങള്‍ നിരസിക്കുകയും ചെയ്യുമെന്നായിരുന്നു.
പ്രവാചകനു പാരിതോഷികങ്ങള്‍ സമര്‍പ്പിക്കുന്നതും  അവ സ്വീകരിക്കപ്പെടുന്നതും വിശ്വാസികള്‍ ഏറെ വിലമതിച്ചിരുന്നു. പ്രവാചകനു സമര്‍പ്പിക്കപ്പെട്ട ഹദ്‌യ സ്വീകരിച്ചതായി അറിയിച്ചും അവരുടെ സന്മനോഭാവത്തെ പ്രകീര്‍ത്തിച്ചും അല്ലാഹു ആകാശ ലോകത്തു നിന്നും ഖുര്‍ആന്‍ അവതരിപ്പിച്ചാല്‍ വിശ്വാസികളുടെ മനസ് എന്ത് മാത്രം ഹര്‍ഷ പുളകിതമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.അത്തരത്തിലുളള സൗഭാഗ്യം  സിദ്ധിച്ചയാളാണ് നുഅ്മാന്‍ ബിന്‍ മുഖരിന്‍
നുഅ്മാന്‍ ബിന്‍ മുഖരിന്‍ മുസൈന ഗോത്ര തലവനായിരുന്നു.

മദീനയിലേക്കുളള മാര്‍ഗ മധ്യേയായിരുന്നു മുസൈന ഗോത്രത്തിന്റെ അധിവാസം.അതുകൊണ്ടു തന്നെ പ്രവാചകന്റെ ഹിജറയും അനന്തര സംഭവ വികാസങ്ങളുമെല്ലാം അപ്പപ്പോള്‍തന്നെ അവര്‍ അറിയുന്നുണ്ടായിരുന്നു.
‘നല്ലതല്ലാത്ത യാതൊന്നും തന്നെ മുഹമ്മദിനെ പറ്റി കേള്‍ക്കുന്നില്ല. എല്ലാവരും പിന്തുടരുമ്പോള്‍ നമ്മള്‍ മാത്രം അദ്ദേഹത്തെ പിന്തുടരാതിരിക്കുന്നതു ശരിയല്ല. അതിനാല്‍ ഞാന്‍ നാളെ രാവിലെ അദ്ദേഹത്തെ സന്ദര്‍ശിച്ച് സത്യവിശ്വാസം സ്വീകരിക്കാന്‍ പോവുകയാണ്. താല്‍പര്യമുളളവര്‍ക്ക് എന്നോടൊപ്പം വരാം.’നുഅ്മാന്‍ തന്റെ ഗോത്ര സദസ്സില്‍ പ്രഖ്യാപിച്ചു.

നേരം പുലര്‍ന്നപ്പോഴതാ, നുഅ്മാന്റെ പത്തു സഹോദരന്‍മാരും കൂടാതെ നാനൂറ് അശ്വഭടന്‍മാരും നുഅ്മാനോടൊപ്പം പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. സത്യവിശ്വാസം സ്വീകരിക്കാനുളള തന്റെ സഹോദരന്‍മാരുടെയും ഗോത്രാംഗങ്ങളുടെയും സന്നദ്ധത നുഅ്മാനെ സന്തോഷഭരിതനാക്കി. എന്നാല്‍ പാരിതോഷികങ്ങളൊന്നുമില്ലാതെ പ്രവാചക സന്നിധിയിലേക്ക് ചെല്ലാന്‍ നുഅ്മാന് ലജ്ജ തോന്നി. പക്ഷേ വരള്‍ച്ചയെ തുടര്‍ന്നുളള ക്ഷാമ കാലമായതിനാല്‍ കാര്യമായൊന്നും കയ്യിലില്ല താനും. എങ്കിലും തന്റെയും സഹോദരന്‍മാരുടെയും വീടുകളിലുണ്ടായിരുന്ന ഏതാനും ആടുകളെയും കൊണ്ട് അദ്ദേഹവും സംഘവും പ്രവാചക സന്നിധിയിലെത്തി.
നുഅ്മാന്റെയും സംഘത്തിന്റെയും വരവ് മദീന നിവാസികളെ ആഹഌദത്തിലാഴ്ത്തി.

നബിയെ സംബന്ധിച്ചേടത്തോളം ഇത്തരത്തിലുളള കൂട്ട മത പരിവര്‍ത്തനം ആദ്യമായിട്ടായിരുന്നു. നബി അവരുടെ ഹദ്‌യ (പാരിതോഷികം)സ്വീകരിച്ചു. അവര്‍ പ്രവാചകന് ഹദ്‌യ സമര്‍പ്പിച്ചതിനെ പ്രശംസിച്ചു കൊണ്ട് ഖുര്‍ആന്‍ ഇറങ്ങി:
‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും തങ്ങള്‍ ചിലവഴിക്കുന്നത് അല്ലാഹുവിങ്കല്‍ പുണ്യകര്‍മ്മവും പ്രവാചകന്റെ പ്രാര്‍ത്ഥനക്കുളള വഴിയുമായി കണക്കാക്കുകയും ചെയ്യുന്നവരുണ്ട്,അഅ്‌റാബികളുടെ(ഗ്രാമീണ ജനവിഭാഗങ്ങള്‍) കൂട്ടത്തില്‍.അറിയുക!അത് അവര്‍ക്ക് പുണ്യം തന്നെയാണ്.അവരെ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കും.അല്ലാഹു പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു.തീര്‍ച്ച!
(വി.ഖുര്‍ആന്‍ അധ്യായം 9    തൗബ  സൂക്തം 99)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss