|    Nov 20 Tue, 2018 3:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അലോക് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ സന്ദര്‍ശിച്ചു

Published : 10th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ചുമതലകളില്‍ നിന്നു നീക്കിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരിയെ സന്ദര്‍ശിച്ചു. തനിക്കെതിരേ സിബിഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനു (സിവിസി) മുമ്പാകെ വര്‍മ നിഷേധിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ഓഫിസില്‍ എത്തിയത്. വിജിലന്‍സ് കമ്മീഷണര്‍ ശരത് കുമാറിനെയും വര്‍മ സന്ദര്‍ശിച്ചു.
വര്‍മയ്ക്കു നേരെ അസ്താന ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ മാസം 26നു സുപ്രിംകോടതി സിവിസിയോട് നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിവിസിക്കു നല്‍കിയ മറുപടിയില്‍ തനിക്കു നേരെയുള്ള ആരോപണങ്ങളെല്ലാം വര്‍മ നിഷേധിച്ചു. സുപ്രിംകോടതിയിലെ മുന്‍ ജസ്റ്റിസ് എ കെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് വര്‍മയ്‌ക്കെതിരായ ആരോപണങ്ങള്‍ സിവിസി അന്വേഷിക്കുന്നത്.
ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള ചോദ്യാവലി ശനിയാഴ്ച കമ്മീഷന്‍ വര്‍മയ്ക്കു കൈമാറിയിരുന്നു. ഇതിനാണ് അദ്ദേഹം രേഖാമൂലം മറുപടി നല്‍കിയത്. ഹൈദരാബാദില്‍ നിന്നുള്ള വ്യവസായി സന സതീഷ് ബാബുവില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നത് ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ അസ്താന ഉന്നയിച്ചിരുന്നു. ഇവയെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് വര്‍മ മറുപടി നല്‍കി.
താന്‍ അന്വേഷിക്കുന്ന കേസുകളില്‍ വര്‍മ അവിഹിതമായി ഇടപെടുന്നുവെന്നും അപമര്യാദയായി പെരുമാറുന്നുവെന്നും ആരോപിച്ച് അസ്താന കാബിനറ്റ് സെക്രട്ടറിക്കു പരാതി നല്‍കിയിയിരുന്നു. ഈ വര്‍ഷം ആഗസ്തിലാണ് പരാതി നല്‍കിയത്. പരാതി പിന്നീട് വിജിലന്‍സ് കമ്മീഷനു കൈമാറുകയായിരുന്നു. ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ മാസം 24ന് ഇരുവരെയും പദവികളില്‍ നിന്ന് മാറ്റി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അസ്താനയുടെ പരാതിയില്‍ പറയുന്ന കേസുകള്‍ അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ സിവിസി ചോദ്യം ചെയ്തിരുന്നു. സിവിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനു മുമ്പാകെ സിബിഐയിലെ ഇന്‍സ്‌പെക്ടര്‍ മുതല്‍ സൂപ്രണ്ട് വരെയുള്ള തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss