|    Feb 23 Thu, 2017 10:22 pm

അലിമുക്ക്-അച്ചന്‍കോവില്‍ റോഡ് തകര്‍ന്നുതന്നെ

Published : 15th November 2016 | Posted By: SMR

പത്തനാപുരം:ശബരിമല തീര്‍ഥാടനം നാളെ ആരംഭിക്കാനിരിക്കെ അലിമുക്ക്-അച്ചന്‍കോവില്‍ റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ നടപടികളില്ല. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തില്‍ എത്തിയ ശേഷമാണ് ശബരിമലക്ക് പോകുന്നത്. ഇവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് അച്ചന്‍കോവില്‍ -അലിമുക്ക് ,അച്ചന്‍കോവില്‍- കോന്നി റോഡുകളെയാണ്. ഈ രണ്ട് റോഡും തകര്‍ന്ന് കിടക്കുകയാണ്. കൂടാതെപത്തനാപുരം,കുന്നിക്കോട്, പുനലൂര്‍ ,പിറവന്തുര്‍,പുന്നല, എന്നീ ഭാഗങ്ങളില്‍ നിന്നും യാത്രക്കാര്‍ അച്ചന്‍കോവിലില്‍ പോകാനായി അശ്രയിക്കുന്ന റോഡ് കൂടിയാണിത്. ദേശീയപാതയ്ക്ക് സമാന്തരമായി കിഴക്കന്‍ മേഖലയിലൂടെയുള്ള ഗതാഗതം സുഗമമാക്കാനായി വനംവകുപ്പും എസ്എഫ്‌സികെയും സംയുക്തമായാണ് റോഡ് നിര്‍മിച്ചത്. പാതയില്‍ കറവൂര്‍ മുതല്‍ മുള്ളുമല വരെയും ചെമ്പനരുവി മുതല്‍ അച്ചന്‍കോവില്‍ വരെയുമാണ് വനംവകുപ്പ് നിര്‍മിച്ചത്. മുള്ളുമല മുതല്‍ ചെരിപ്പിട്ടക്കാവ് വരെയുള്ള പാത എസ്എഫ്‌സികെയുടെ നിയന്ത്രണത്തില്‍ ഉള്ളതാണ്. ഇതില്‍ ചെമ്പനരുവി മുതല്‍ തുറ വരെയുള്ള ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. പലഭാഗങ്ങളിലും നാട്ടുകാര്‍ കല്ലുകള്‍ അടുക്കിയാണ് വാഹന ഗതാഗതം സാധ്യമാക്കുന്നത്. അച്ചന്‍കോവില്‍ സ്‌കൂള്‍, ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. റോഡിന്റെ തകര്‍ച്ച കാരണം യാത്രക്കാര്‍ ചെങ്കൊട്ടയെത്തി തമിഴ്‌നാട് വഴി 100 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അച്ചന്‍കോവിലില്‍ എത്തുന്നത്. കുംഭാവുരുട്ടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള ആളുകളും ഈ പാതയിലൂടെയാണ് കടന്ന് പോകുന്നത്. പാതയില്‍ നിന്നും മെറ്റിലുകള്‍ പൂര്‍ണ്ണമായും ഇളകിമാറി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമായിരിക്കുന്നു. കെഎസ്ആര്‍ടിസി അടക്കം ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. തകര്‍ച്ച കാരണം സമാന്തര വാഹനങ്ങളും ഇതുവഴി സര്‍വീസ് നടത്തുന്നില്ല. ഇതിനിടെ അച്ചന്‍കോവില്‍- ചെങ്കോട്ട റോഡ് തമിഴ്‌നാടിന്റെ ഭാഗത്ത് ടാര്‍ ചെയ്തിട്ടുണ്ട്.  അച്ചന്‍കോവില്‍- അലി മുക്ക് റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക