|    Feb 20 Mon, 2017 11:38 pm
FLASH NEWS

അലിഗഡ് മലപ്പുറം കേന്ദ്രം സ്തംഭനാവസ്ഥയില്‍; ഉത്തരേന്ത്യന്‍ ലോബിക്ക് പങ്കെന്ന് ആക്ഷേപം

Published : 4th November 2016 | Posted By: SMR

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ അലിഗഡ് മലപ്പുറം കേന്ദ്രം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന കാരണം സ്തംഭനാവസ്ഥയില്‍. സച്ചാര്‍ സമിതിയുടെ ശുപാര്‍ശയനുസരിച്ച് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ സെന്ററുകള്‍ തുടങ്ങാനുള്ള തീരുമാനപ്രകാരമാണ് അഭിമാന പദ്ധതിയായി ഈ കേന്ദ്രം തുടങ്ങിയത്.
രണ്ടു മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍, ഡിഗ്രി മുതല്‍ ഡെ ന്റല്‍-എന്‍ജിനീയറിങ് കോളജ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ എന്നിവയായിരുന്നു ലക്ഷ്യംവച്ചിരുന്നത്. ഉത്തരേന്ത്യയിലെ അലിഗഡ് മുസ് ലിം സര്‍വകലാശാലയുടെ തനി പകര്‍പ്പ്.
2011 ഫെബ്രുവരി 28ന് ബിഎ എല്‍എല്‍ബി, എംബിഎ എന്നീ കോഴ്‌സുകളുമായി തുടങ്ങിയ ഈ കാംപസ് 2020ഓടുകൂടി സ്വതന്ത്ര സര്‍വകലാശാലയായി മാറുന്ന വിധത്തിലുള്ള പദ്ധതികളാണ് കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാനിലുള്ളത്.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ 2011ല്‍ തുടങ്ങി 2020 വരെ ഓരോ വര്‍ഷവും കാംപസില്‍ വരേണ്ട കോഴ്‌സുകളും വികസനങ്ങളും കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. അതുപ്രകാരം 2016ല്‍ ഏകദേശം 25ഓളം പഠനവിഭാഗങ്ങളും 12,000ഓളം വിദ്യാര്‍ഥികളും കാംപസില്‍ ഉണ്ടാവണം. എന്നാല്‍, ബിഎഡ് കോഴ്‌സ് അല്ലാതെ മറ്റൊരു കോഴ്‌സും ഇതുവരെ തുടങ്ങിയിട്ടിെല്ലന്നതാണ് യാഥാര്‍ഥ്യം. രണ്ടു പ്രാവശ്യം തറക്കല്ലിടല്‍ നടന്നതല്ലാതെ സ്ഥിരം കെട്ടിടംപോലും ഇതുവരെയായിട്ടില്ല. സ്ഥിരം ജീവനക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ഈ അവസ്ഥയില്‍ ഒരു സാമൂഹിക ഓഡിറ്റും ഇടപെടലും ഈ കാംപസിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.
അലിഗഡ് യൂനിവേഴ്‌സിറ്റി കാംപസ് മലപ്പുറത്ത് ആരംഭിക്കുന്നതിനുവേണ്ടി 343 ഏക്കര്‍ ഭൂമിക്കായി 48 കോടി രൂപ, താല്‍ക്കാലിക റോഡിന് ഒരു കോടി രൂപ, കാംപസിലേക്ക് വെള്ളം എത്തിക്കുന്നതിനായി 43 ലക്ഷം രൂപ, വൈദ്യുതി എത്തിക്കുന്നതിനായി 14 ലക്ഷം രൂപ തുടങ്ങി ഏകദേശം 50 കോടിയോളം രൂപ കേരള സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഇതിനു പുറമേ തുടക്കത്തില്‍ ഒരു വര്‍ഷത്തിലധികം താല്‍ക്കാലിക കെട്ടിടങ്ങളുടെ വാടകയിനത്തില്‍ ഏകദേശം 50 ലക്ഷത്തോളം രൂപയും കേരള സര്‍ക്കാര്‍ നല്‍കി.
1,200 കോടി രൂപയുടെ പദ്ധതിയായിരുന്നു തുടക്കത്തില്‍ അലിഗഡ് സര്‍വകലാശാല മാനവ വിഭവശേഷി വകുപ്പിന് നല്‍കിയിരുന്നത്. അത് പിന്നീട് ചുരുക്കി 140 കോടി രൂപ മാത്രം അംഗീകരിച്ച് യുജിസിയിലേക്ക് നല്‍കിയ ശേഷമാണ് മുന്‍ സര്‍ക്കാര്‍ പടിയിറങ്ങിയത്. 2013 ഏപ്രില്‍ 18ന് യുപിഎ സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രത്തിന്റെ ഡിപിആര്‍ പ്രകാരം അനുവദിച്ച 140 കോടി രൂപയില്‍ 60 കോടി രൂപ മാത്രമാണ് ഇതുവരെ യൂനിവേഴ്‌സിറ്റി കൈപ്പറ്റിയത്. ബാക്കി 80 കോടി രൂപ ഇതുവരെ നേടിയെടുക്കാനായിട്ടില്ല.
12ാം പഞ്ചവല്‍സരപദ്ധതിയില്‍ അനുവദിച്ച ഈ തുക 2017 മാര്‍ച്ച് മാസത്തിനകം ഉപയോഗിക്കാത്തപക്ഷം നഷ്ടപ്പെടും. കേരളത്തിന്റെ സാഹചര്യത്തി ല്‍ ഒരുതരത്തിലും ആവശ്യമില്ലാത്ത ബിഎഡ് കോഴ്‌സ് തുടങ്ങിയത് ഫീഡിങ് സെന്ററുകളായ സ്‌കൂള്‍ ആരംഭിക്കാം എന്നു പറഞ്ഞായിരുന്നു. എന്നാല്‍, സ്‌കൂളും ഇതുവരെ തുടങ്ങിയിട്ടില്ല. മലയാളി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യവും കാംപസില്‍ കുറവാണ്. 20 ശതമാനത്തില്‍ താഴെ മാത്രമാണ് മൊത്തം മലയാളി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം.
2011ല്‍ വാടകക്കെട്ടിടത്തില്‍ ആരംഭിച്ച കാംപസിന് 2011 ഡിസംബര്‍ 24ന് ചേലാമലയില്‍ ഏറ്റെടുത്ത ഭൂമിയില്‍ തറക്കല്ലിട്ടു. 2012 ജൂണ്‍ 1ന് ചേലാമലയിലെ താല്‍ക്കാലിക കെട്ടിടത്തിലേക്ക് കാംപസ് മാറ്റി. 2015 മെയ് 26ന് വീണ്ടും തറക്കല്ലിട്ടു. 2011ല്‍ നടത്തിയത് അഡ്മിനിസ്‌ട്രേറ്റീവ്-അക്കാദമിക്ക് ബ്ലോക്കിന്റേതാണ് എന്നായിരുന്നു വാദം. എന്നാല്‍, 2011ല്‍ ഇട്ട കല്ലിന്റെ മുകളില്‍ ഒരു കല്ലുപോലും വയ്ക്കാതെയായിരുന്നു രണ്ടാമത്തെ തറക്കല്ലിടല്‍.
മാസ്റ്റര്‍പ്ലാനോ ടെന്‍ഡറോ എസ്റ്റിമേറ്റോ ഒന്നുമില്ലാതെ വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട്. യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കിട്ടിയ വിവരാവകാശരേഖകള്‍ ഇതിനു തെളിവാണ്. ആ ചടങ്ങില്‍ ബയോഗ്യാസ് പ്ലാന്റ്, വീഡിയോ കോണ്‍ഫറന്‍സിങ്, കാംപസ് വൈഫൈ തുടങ്ങിയ പദ്ധതികള്‍ എല്ലാം ഉദ്ഘാടനം ചെയ്തിരുന്നു. ഈ പറഞ്ഞ ഒരു പദ്ധതിയും അവിടെയില്ല എന്നതാണ് യാഥാര്‍ഥ്യം.
യൂനിവേഴ്‌സിറ്റി ചെയ്യേണ്ട കാര്യങ്ങളൊന്നും കൃത്യമായി ചെയ്യാതെ അനുവദിച്ച തുക നേടിയെടുക്കാതെ സാങ്കേതികതകള്‍ പറഞ്ഞ് പതിയെ ഈ കാംപസിനെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. അനുവദിച്ച തുക 2017 മാര്‍ച്ചോടെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേന്ദ്ര യൂനിവേഴ്‌സിറ്റിയില്‍ പിടിമുറുക്കിയ ഉത്തരേന്ത്യന്‍ ലോബിയാണ് മലപ്പുറം കേന്ദ്രത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക