അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ പ്രഥമ നിയമ വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തു
Published : 25th May 2016 | Posted By: SMR
പെരിന്തല്‍മണ്ണ: എട്ടു മാസത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ പ്രഥമ നിയമവിദ്യാര്‍ഥികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തു. 2015 മെയില്‍ പുറത്തിറങ്ങിയ ആദ്യ ബാച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ (ബിസിഐ) പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി ശ്രമിച്ചപ്പോള്‍ അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ ബിഎ എല്‍എ ല്‍ബി (ഹോണേഴ്സ്) കോഴ്സിന് ബിസിഐ അംഗീകാരം ഇല്ലെന്നുള്ള കാരണം പറഞ്ഞ് മാറ്റിനിര്‍ത്തുകയായിരുന്നു.
2012ല്‍ മലപ്പുറം കേന്ദ്രത്തിലെ വിദ്യാര്‍ഥിയായ പരസ് നാഥ് സിങ് ബിസിഐക്ക് കേന്ദ്രത്തിലെ കോഴ്സിന് അംഗീകാരം നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. പരസ്നാഥ് സിങിന്റെ അപേക്ഷ ബിസിഐ അലിഗഡ് എക്സാം കണ്‍ട്രോളര്‍ക്ക് കൈമാറുകയും അതിന്റെ മറുപടിയായി അലിഗഡ് മെയിന്‍ സെന്ററിന് അംഗീകാരം ഉള്ളതിനാല്‍ അതേ സിലബസ് പിന്തുടരുന്ന അലിഗഡിന്റെ തന്നെ കേന്ദ്രമായ മലപ്പുറം കേന്ദ്രത്തിന് പ്രത്യേകം അംഗീകാരം ആവശ്യമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
2011ലാണ് അഞ്ച് വര്‍ഷമുള്ള ബിഎ എല്‍എല്‍ബി കോഴ്സ് മലപ്പുറം കേന്ദ്രത്തില്‍ തുടങ്ങുന്നത്. 2015ല്‍ ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കി ഇറങ്ങി. അവരുടെ എന്റോള്‍മെന്റുമായി ബന്ധപ്പെട്ട് സംസ്ഥാന ബാര്‍ കൗ ണ്‍സിലിനെ സമീപിച്ചപ്പോഴാണു പരസ് നാഥ് സിങിന്റെ അപേക്ഷയ്ക്കു ലഭിച്ച മറുപടിപ്രകാരം എന്റോള്‍ ചെയ്യാന്‍ കഴിയില്ലെന്നു വിദ്യാര്‍ഥികള്‍ക്കു മനസ്സിലായത്. അതോടെയാണ് ബിസിഐ അംഗീകാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. 2015 ഫെബ്രുവരിയില്‍ നാക്ക് സംഘത്തിന്റെ സന്ദര്‍ശനത്തിനു ശേഷം യൂനിവേഴ്സിറ്റി അധികൃതരുടെ നിരന്തര ശ്രമഫലമായി 2015 ഒക്ടോബര്‍ 16ന് ബിസിഐ സംഘം മലപ്പുറം കേന്ദ്രം സന്ദര്‍ശിച്ച് പരിശോധന നടത്തി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2016 ഫെബ്രുവരി 21ന് നടന്ന ബിസി ഐ മീറ്റിങില്‍ 2014-2015, 2015- 2016 ബാച്ചുകള്‍ക്കു വ്യവസ്ഥകള്‍ക്കു വിധേയമായി അംഗീകാരം നല്കി.
ചില സാങ്കേതിക തടസ്സങ്ങ ള്‍ ഉള്ളതുകൊണ്ട് 2011 മുതല്‍ 2014 വരെയുള്ള ബാച്ചുകള്‍ക്ക് അനുമതി ലഭിച്ചില്ല. ഡിഗ്രി, പിജി കോഴ്സുകളുടെ ഇന്റഗ്രേഷന്‍ സംബന്ധിച്ചും പ്രശ്നങ്ങളുണ്ടായി. എന്നാല്‍ ഈ കാലയളവില്‍ ഉയര്‍ന്ന എല്ലാ പ്രശ്നങ്ങ ള്‍ക്കും വിരാമമിട്ടുകൊണ്ടാണു കേന്ദ്രത്തിലെ പ്രഥമ നിയമവിദ്യാര്‍ഥികള്‍ ബിസിഐയില്‍ എന്റോള്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം അവസാനത്തിലാണ് അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ 2010-2011 ബാച്ച് മുതല്‍ 2014-2015 വരെയുള്ള ബിഎ എ ല്എല്ബി കോഴ്സിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം ലഭിച്ചത്.
2015-2016 ബാച്ചിനുള്ള അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഇതോടെ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയവര്‍ക്ക് കേരള ഹൈകോര്‍ട്ടില്‍ എന്റോള്‍ ചെയ്യുന്നതിനുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും നീങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളിലാണ് എന്റോള്‍ മെന്റ് ചടങ്ങ് നടന്നത്.
ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ ചെയര്മാന് അഡ്വ. ജോസഫ് ജോണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ്കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ 28 വിദ്യാര്‍ഥികളടക്കം 124 പേരാണ് ഇന്നലെ എന്റോ ള്‍ ചെയ്തത്. കേന്ദ്രത്തിലെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വര്‍ഷങ്ങളായി അലട്ടിയ ആശങ്കകള്‍ക്കു കൂടിയാണ് ഇതോടെ അറുതിയാവുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.