|    Apr 24 Tue, 2018 2:48 am
FLASH NEWS
Home   >  Agriculture   >  

അലങ്കാരമല്‍സ്യകൃഷിയില്‍ ന്യൂജനറേഷന്‍ തരംഗം

Published : 3rd August 2015 | Posted By: admin

cherryഅജയമോഹന്‍


അലങ്കാരമല്‍സ്യ വിപണിയില്‍ പ്രകടമായ മാറ്റങ്ങളാണ് സമീപകാലത്ത് സംഭവിച്ചത്. മീനുകളുടെ കാര്യത്തിലും വളര്‍ത്തുന്ന രീതിയിലുമെല്ലാം മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. നല്ല രീതിയില്‍ കൃഷി ചെയ്തിരുന്ന പലര്‍ക്കും പഴയതുപോലെ ലാഭം കിട്ടുന്നില്ല എന്ന പരാതിയും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. വിപണിയുടെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് കൃഷിചെയ്യുന്ന അലങ്കാരമല്‍സ്യകര്‍ഷകര്‍ക്കാകട്ടെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുമുണ്ട്.


ചുരുങ്ങിയ കാലംകൊണ്ട് കുറഞ്ഞ മുതല്‍മുടക്കില്‍ തരക്കേടില്ലാത്ത വരുമാനം, അതും കാര്‍ഷികമേഖലയില്‍ നിന്ന്. ഇത്തരമൊരു അന്വേഷണമാണ് കേരളത്തില്‍ പലരേയും മല്‍സ്യകൃഷിയിലേക്ക് നയിക്കുന്നത്. ഭക്ഷ്യാവശ്യത്തിനുള്ള മല്‍സ്യങ്ങളേക്കാള്‍ വിലലഭിക്കുമെന്നതും താരതമ്യേന കുറഞ്ഞ സ്ഥലം മതിയെന്നതും ഇവരില്‍ പലരേയും അലങ്കാര മല്‍സ്യകൃഷിയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

bettaഎന്നാല്‍ ആദ്യമൊക്കെ കാര്യങ്ങള്‍ നന്നായി നടന്നുപോയ ചിലരെങ്കിലും ഈ മേഖലയില്‍ വലിയ ലാഭമില്ല എന്ന് പരാതിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഉല്‍പാദിപ്പിക്കുന്ന മല്‍സ്യങ്ങള്‍ക്ക് വേണ്ടത്ര വിപണി ലഭിക്കുന്നില്ല എന്നാണ് ഇവരില്‍ പലരുടെയും പരാതി. അല്‍പം ശ്രമിച്ചാല്‍ ഇത്തരം പരാതികള്‍ ഒഴിവാക്കാമെന്ന് ഇപ്പോഴും ഈ രംഗത്ത് പിടിച്ചു നില്‍ക്കുന്നവരുടെ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.എതാനും വര്‍ഷങ്ങളായി അലങ്കാരമല്‍സ്യകൃഷിയിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വളര്‍ത്തുന്ന രീതിമുതല്‍ തിരഞ്ഞെടുക്കുന്ന മീനിനങ്ങള്‍ വരെ നിരവധി കാര്യങ്ങളില്‍ ഈ ന്യൂജനറേഷന്‍ തരംഗം പ്രകടമാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് കൃഷിചെയ്താല്‍ ലാഭം ഇരട്ടിയാക്കാമെന്നു മാത്രമല്ല, വര്‍ധിച്ചുവരുന്ന കയറ്റുമതി സാധ്യതകള്‍ പോലും പ്രയോജനപ്പെടുത്താമെന്ന്് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

ഗപ്പികളുടെ ഗമയേറുന്നു
ഗപ്പി പ്ലാറ്റി, മോളി തുടങ്ങിയ പ്രസവിക്കുന്ന മല്‍സ്യങ്ങളും എയ്ഞ്ചല്‍, ഗോള്‍ഡ്ഫിഷ്, കോയ്കാര്‍പ്പ്, ഫൈറ്റര്‍ തുടങ്ങിയ മുട്ടയിടുന്ന മല്‍സ്യങ്ങളുമൊക്കെയാണ് കേരളത്തില്‍ ഏറ്റവും ഡിമാന്റുള്ള മല്‍സ്യങ്ങള്‍. മുപ്പതുവര്‍ഷം മുന്‍പും ഇതായിരുന്നു സ്ഥിതി എങ്കിലും ചിലതെല്ലാം ഈയടുത്തകാലത്ത് ഇവയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഉദാഹരണം ഗപ്പികളാണ്. ഏറ്റവും വിലകുറഞ്ഞ മീന്‍ എന്ന നിലയിലാണ് ഗപ്പി കണക്കാക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്് സ്ഥിതി മാറി. അഞ്ചും പത്തും രൂപയ്ക്  ലഭിക്കുമായിരുന്ന ഗപ്പികളുടെ സ്ഥാനത്ത്് പുതിയ പുലികള്‍ കടന്നുവന്നു. ജോഡിക്ക് ഇരുന്നൂറ്റമ്പതും അഞ്ഞൂറും വരെ വിലയുള്ള ഹോള്‍റെഡ്, ആല്‍ബിനോ റെഡ്, റെഡ് ഐ, മോസ്‌കോ, തുടങ്ങിയ ഇനങ്ങളാണ് ഇന്ന് ഗപ്പിയിലെ താരങ്ങള്‍.

Guppy-Superior-Red-Ribbonsവളരെയെളുപ്പം പ്രസവിച്ച് പെരുകുമെന്നതിനാല്‍ വിലകൂടുന്തോറും ലാഭമുണ്ടാക്കാമെന്ന കണക്കൂ കൂട്ടലിലാണ് ഇവ ഹോബിയിസ്റ്റുകള്‍ (മീന്‍ വളര്‍ത്തല്‍ ഹോബിയാക്കിയവരെ ഇങ്ങിനെയാണ് വിപണിയില്‍ വിളിക്കുന്നത്) വാങ്ങിക്കൊണ്ടുപോകുന്നത്. പ്രജനനത്തില്‍ അതീവ വിദഗ്ദരായ ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം മീനിന് എത്ര വില കൂടിയാലും അത്രയും സന്തോഷമാണ്. ഒരാറ്റ നിബന്ധന മാത്രം. ഇനങ്ങള്‍ ഇടകലര്‍ത്തി വര്‍ഗഗുണം നഷ്ടപ്പെടാതെ വേണം വിപണിയില്‍ എത്തിക്കാന്‍.
ഫൈറ്ററിലും ഈ ന്യൂജനറേഷന്‍ താരങ്ങള്‍ക്ക് വലിയ ഡിമാന്റാണ്. ഒന്നിന് 25 ഓ മുപ്പതോ വിലയുള്ള സാധാരണ ഫൈറ്റര്‍ ഇപ്പോഴും വിപണിയില്‍കിട്ടും. എന്നാല്‍ അവയേക്കാള്‍ ഡിമാന്റ് ഹാഫ് മൂണ്‍, ഫുള്‍മൂണ്‍, എലിഫന്റ് ഇയര്‍, ക്രൗണ്‍ടെയില്‍ പ്ലക്കാര്‍ട് തുടങ്ങിയ പുതിയ ഇനങ്ങള്‍ക്കാണ്. ഇവയെ ജോഡിയായി വാങ്ങാന്‍ അപൂര്‍വമായേ ലഭിക്കൂ എങ്കിലും ചൂടപ്പം പോലെയാണ് വിറ്റുപോവുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. വിലകേട്ടാല്‍ സാധാരണ ഫൈറ്റര്‍ ഇനങ്ങള്‍ നാണിച്ചുപോകും.beta1 ജോഡിക്ക്  അഞ്ഞുറും അതിലേറെയും വരെ വിലയാണ് കടകളില്‍. കടകളിലെ വില കര്‍ഷകര്‍ക്ക് കിട്ടില്ല. മൂന്നിലൊന്ന് വിലയാണ് പൊതുവേ അലങ്കാരമല്‍സ്യവിപണിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുക. ആഴ്ചകളോളം കടയില്‍ സൂക്ഷിക്കുമ്പോള്‍  ചത്തു പോകുന്നതിനുള്ള സാധ്യ കണക്കിലെടുത്താണ് കടക്കാര്‍ മൂന്നിരട്ടി ലാഭമെടുക്കുന്നത്. ഇത്തരത്തില്‍ മൂന്നിലൊന്ന് വിപണിവില പ്രതീക്ഷിക്കുന്ന കൃഷിക്കാര്‍ക്ക് നഷ്ടം വരാറില്ലെന്നതാണ് അനുഭവം.

കുളമായാല്‍ കാര്‍പ്പുവേണം
ഉദ്യാനക്കുളത്തില്‍ കടും നിറമുള്ള കാര്‍പുകള്‍ ആകര്‍ഷകമായ കാഴ്ചതന്നെയാണ്. ആധുനിക രീതിയിലുള്ള ലാന്‍ഡ് സ്‌കേപ് – പൂന്തോട്ടങ്ങളില്‍ കുളം ഒരു അവിഭാജ്യ ഘടകമായതോടെ കോയ് കാര്‍പ്പ് മല്‍സ്യങ്ങളുടെ ഡിമാന്‍ഡ് ഏറിയിട്ടുണ്ട്. എന്നാല്‍ ഡിമാന്റ് പുതിയ ഇനങ്ങള്‍ക്കാണെന്ന്് മാത്രം. പഴയ നരച്ച നിറമുള്ള കാര്‍പ്പുകള്‍ക്കു പകരം കടും നിറങ്ങളിലുള്ള ജാപ്പനീസ് കാര്‍പ്പുകളും ആകര്‍ഷകമായ ചിറകുകളുള്ള സില്‍വര്‍ കാര്‍പ്പുമൊക്കെയാണ് വിപണിയില്‍ ഏറെ വിറ്റുപോകുന്നത്.

koi
ജപ്പാനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നവ പോലും വിപണിയില്‍ കിട്ടാനുണ്ട്. അതിനാല്‍ ഇവയുടെ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വലുതാക്കി കടയില്‍തിരികെ നല്‍കുന്ന കൃഷിരീതിയാണ് പലരും ചെയ്യുന്നത്്.വിലകേട്ടാലും ഞെട്ടും. രണ്ടായിരവും അതിലേറെയുമൊക്കെ കൊടുത്ത് ലക്ഷണമൊത്ത കാര്‍പ്പുകളെ കൊത്തിക്കൊണ്ടുപോകാന്‍ ആളുണ്ട്. കര്‍ഷകനെ സംബന്ധിച്ചിടത്തോളം 200-250 രൂപയ്ക്ക് കിട്ടുന്ന കുഞ്ഞുങ്ങളെ ആറുമാസം വളര്‍ത്തിയാല്‍ ഈ വിലയുടെ മൂന്നിലൊന്ന്് ലഭിക്കും. ലാന്‍ഡ് സ്‌കേപ്പിങ്-പോണ്ട് ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പരിചയമുണ്ടെങ്കില്‍ വിപണിവിലയുടെ അടുത്തു തന്നെ കര്‍ഷകന് നേടിയെടുക്കാം.

പ്രിയം കുറയാതെ പഴയതാരങ്ങള്‍

കര്‍ഷകര്‍ക്ക് ലാഭം തരുന്ന പഴയ താരങ്ങളില്‍ ഗോള്‍ഡ് ഫിഷ് തന്നെയാണ് മുന്‍പില്‍. ഒറാണ്ട, റാഞ്ചു, തുടങ്ങിയ താരതമ്യേന പുതിയ ഇനങ്ങളും പേള്‍സ്‌കെയില്‍, ഷിബുന്‍കിന്‍ തുടങ്ങിയ പഴയ ഇനങ്ങളും ഏറെ നാളായി വിപണിയിലുണ്ടെങ്കിലും കോമണ്‍ ഗോള്‍ഡ് എന്ന സാധാരണ ഗോള്‍ഡ്ഫിഷ് ഇനത്തോളം അവയൊന്നും വിറ്റുപോകുന്നില്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത് അത്രയെളുപ്പമായതിനാല്‍ ഓ്‌സ്‌കാര്‍, അരോണ തുടങ്ങിയ വലിയ മീനുകള്‍ക്ക് തീറ്റയായി പോലും ഗോള്‍ഡ് ഫിഷിനെ ഉപയോഗിക്കുന്നവരുണ്ട്. ഫീഡര്‍ എന്നറിയപ്പെടുന്ന ഇത്തരം സ്വര്‍ണമീന്‍കുഞ്ഞുങ്ങള്‍ക്ക് കാര്യമായ നിറമോ ആരോഗ്യമോ ഉണ്ടാകാറില്ല. എന്നാല്‍ ഈ കുഞ്ഞുങ്ങളെ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി, നല്ല പരിചരണം നല്‍കി വലുതാക്കി വില്‍ക്കുന്ന കര്‍ഷകരുണ്ട്. തരക്കേടില്ലാത്ത കൃഷിയാണിതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ബാലാരിഷ്ടതകള്‍ തരണം ചെയ്താല്‍പ്പിന്നെ അവ വളര്‍ന്നുകൊള്ളുമെന്നാണ് കര്‍ഷകരുടെ അനുഭവം. ഗോള്‍ഡ് ഫിഷ് ഇനത്തില്‍പ്പെട്ട തവളക്കണ്ണന്‍ എന്നറിയപ്പെടുന്ന ബ്ലാക്ക് മൂറിനും ഡിമാന്റ് ഏറെയുണ്ട്.moor 2
എയ്ഞ്ചലില്‍ തൂവെള്ള നിറത്തിലുള്ള പ്ലാറ്റിനം ഇനത്തിനും കറുത്ത നിറമുള്ളവയ്ക്കും നിറങ്ങള്‍ ഇടകലര്‍ന്ന കോയ് ഇനത്തിനും നല്ല ഡിമാന്റുണ്ട്്. ഇവയുടെ നീണ്ട തൊങ്ങലുകളുള്ള വെയ്ല്‍ടെയ്ല്‍ ഇനങ്ങളും കര്‍ഷകര്‍ക്ക് ലാഭം ഉറപ്പാക്കുന്നവയാണ്.

ബ്ലാക്ക് മോളി, സില്‍വര്‍ മോളി എന്നിവയ്ക്ക് പഴയതുപോലെ ഗ്ലാമറില്ലെങ്കിലും ധാരാളമായി വിറ്റുപോകുന്നുണ്ട് ഇപ്പോഴും. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കേരളത്തിലെ കര്‍ഷകരെ ഇവ വളര്‍ത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. സിക്ലിഡ് ഇനത്തില്‍പ്പെട്ട ഫ്രണ്‍ടോസ, ഇനിയും കേരളത്തില്‍ പ്രചാരം കിട്ടിയിട്ടില്ലാത്ത മീനാണ്. എന്നാല്‍ പുറം വിപണിയില്‍ ഏറെ ഡിമാന്റുണ്ട് ഇതിന്. ഏറെ ഡിമാന്റുള്ള മറ്റൊരു മല്‍സ്യമാണ് നിയോണ്‍ ടെട്ര. ആകര്‍ഷകമായ നിയോണ്‍ വെളിച്ചം പുറപ്പെടുവിക്കുന്നതുപോലെയുള്ള ഈയിനം പ്ലാന്റഡ് അക്വേറിയങ്ങള്‍ ഹരമായവര്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഇനമാണ്. neonഎന്നാല്‍ തേടി നടന്നാല്‍പ്പോലും ഈ ഇനത്തിനെ കിട്ടാനില്ലെന്ന് ഹോബിയിസ്റ്റുകള്‍ പറയുന്നു.

കണ്ടാല്‍ ആരും വാങ്ങിപ്പോകുന്ന ഈ പൊടിമീനുകള്‍ കൃഷി ചെയ്യാന്‍ കൂടുതല്‍പേര്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. വിദേശ വിപണിയിലും ഏറെ ഡിമാന്റുള്ള ഇനമാണിത്.

ചെമ്മീനും ചെടികളും

അലങ്കാരമല്‍സ്യമേഖലയില്‍ ഏറ്റവും പുതിയ ട്രെന്‍ഡാണ് പ്ലാന്റഡ് അക്വേറിയങ്ങള്‍. മീനുകളേക്കാള്‍ ജലസസ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയാണിത്. ആകര്‍ഷകമായ ജലസസ്യങ്ങളും പായലും പന്നലുകളുമൊക്കെ ഉപയോഗിച്ച്് അക്വേറിയം സെറ്റു ചെയ്യുന്ന ഈ സമ്പ്രദായത്തില്‍ പൊടിമീനുകള്‍ക്കാണ് സ്ഥാനംbee. ഇവയില്‍ പ്രധാനം ചെമ്മീനുകളാണ്. ചുവന്ന നിറത്തിലുള്ള ചെറി ഷ്രിംപും വരകളും പുള്ളികളുമുള്ള ബംബിള്‍ ബീ ഷ്രിംപും സാകുരാ ഷ്രിംപുമൊക്കെയാണ് ഇവയിലെ സൂപ്പര്‍ താരങ്ങളെങ്കിലും പലതിന്റെയും പ്രജനനം പ്രയാസമേറിയതാണ്. എന്നാല്‍ ചെറി ഷ്രിംപ് കേരളത്തില്‍ ചിലര്‍ പ്രജനനം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഇതുമൊന്ന് പരീക്ഷിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss