|    Oct 24 Wed, 2018 8:49 am
FLASH NEWS

അലക്‌സാണ്ടര്‍ : വനനിയമത്തിലെ അപാകതയുടെ കര്‍ഷക രക്തസാക്ഷി

Published : 15th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: വന നിയമത്തിലെ അപാകതയാണ് അത്തിയടുക്കത്തെ അലക്്‌സാണ്ടര്‍ എന്ന കര്‍ഷകന്റെ മരണത്തിലേക്ക് നയിച്ചത്. വിലകൊടുത്തു വാങ്ങിയ വര്‍ഷങ്ങളായി കൈവശം വച്ച ഭൂമി വന ഭൂമിയാണെന്ന് പ്രഖ്യാപിച്ച് നികുതി സ്വീകരിക്കാതായതോടെ ദുരിതത്തിലായ 39 കര്‍ഷക കുടുംബങ്ങളുടെ രോധനമാണ് അലക്‌സാണ്ടറുടെ മരണത്തിലൂടെ വെളിവാകുന്നത്. കാര്‍ഷിക വായ്പയോ വിദ്യാഭ്യാസ വായ്പയോ ലഭിക്കാതെ അര്‍ദ്ധ പട്ടിണിയില്‍ കഴിയുന്ന കുടിയേറ്റ കര്‍ഷകരുടെ ദുരന്തമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കുടിയേറ്റ കര്‍ഷകനായ ചിറയ്ക്കല്‍ തെക്കേകൂറ്റ് എന്‍ ജെ അലക്‌സാണ്ടര്‍ കഴിഞ്ഞ ദിവസമാണ് പാലക്കാട് ജില്ലയിലെ ഒലവക്കോട് ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ നിന്നും 1978ലാണ് ബളാല്‍ പഞ്ചായത്തില്‍പ്പെട്ട അത്തിയടുക്കത്ത് മൂന്ന് എക്കറോളം ഭുമി വിലയ്ക്ക് വാങ്ങി വീട് വച്ച് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ബളാല്‍ പഞ്ചായത്തിലെ മാലോം വില്ലേജില്‍പ്പെട്ട സര്‍വേ നമ്പര്‍ 201/1പ്പെട്ട 39 ഓളം കുടുംബങ്ങളാണ് 2006 മുതല്‍ വസ്തു നികുതി അടയ്ക്കാന്‍ കഴിയാതെ ദുരിതം പേറുന്നത്. ഇതില്‍ 10 ഓളം ആദിവാസികുടുംബങ്ങളും ഉള്‍പ്പെടും.  ഇവരില്‍ ഭൂരിഭാഗവും 60 വര്‍ഷം മുമ്പ് തന്നെ ഇവിടെ താമസിച്ച് കൃഷി ചെയ്തു ജീവിക്കുന്നവരാണ്. കൈവശഭൂമിയില്‍ നിന്നും എന്ന് കുടിയിറങ്ങേണ്ടിവരുമെന്ന് അറിയാതെ ഭൂമിയിലെ അവകാശ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഇവര്‍. 2006ല്‍ ഒലവക്കോട് ഫോറസ്റ്റ് കസ്റ്റോഡിയന്‍ ഓഫിസില്‍ നിന്നും മാലോം വില്ലേജിലേക്ക് ഈ സ്ഥലത്തെ നികുതി സ്വീകരിക്കുന്നത് നിരോധനം ഏര്‍പ്പെടുത്തി നോട്ടീസ് വന്നു. ഉടനെ സ്ഥലമുടമകള്‍ വില്ലേജ് ഓഫിസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു പരാതി നല്‍കിയെങ്കിലും ഒന്നിലും ഫലം കണ്ടില്ല. എന്നാല്‍ 2012ല്‍ ഈ കര്‍ഷകര്‍ക്ക് കുടിയിറക്ക് നോട്ടീസ് നല്‍കി. തുടര്‍ന്ന് സ്ഥലം എംപി പി കരുണാകരനും സ്ഥല എംഎല്‍എയും പ്രദേശിക ജനപ്രതിനിധികളും പ്രശ്‌നത്തില്‍ ഇടപ്പെടുകയും മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ഒരു വര്‍ഷത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നും തല്‍ക്കാലം കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങാനും നിര്‍ദ്ദേശിച്ചു. അങ്ങനെ കുടിയിറക്കിന് താല്‍ക്കാലിക പരിഹാരമുണ്ടായെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പോലും പ്രശ്‌നം പരിഹരിക്കുന്നതിന് കാര്യമായ ഇടപെടലൊന്നും നടത്തിയിരുന്നില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറങ്ങണമെന്ന വിഷമവുമാണ് അലക്‌സാണ്ടര്‍ എന്ന കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss