അറ്റുപോയത് പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ കണ്ണി
Published : 18th February 2016 | Posted By: SMR
ബിനോയ് വിശ്വം
അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തിലൂടെ പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ കണ്ണിയാണ് അറ്റുവീണിരിക്കുന്നത്. എഴുത്തുകാരന്, അധ്യാപകന്, വിദ്യാഭ്യാസ വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം അക്ബര്‍ കേരളീയ സമൂഹത്തിന് സുപരിചിതനാണ്. സൗഹൃദത്തിന്റെ ഒരു വിശാലലോകം എല്ലായ്പ്പോഴും അക്ബര്‍ തുറന്നിട്ടിരുന്നു.
നാദാപുരത്തെ ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലത്തുള്‍പ്പെടെ അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരനെയും സുഹൃത്തിനെയും അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വട്ടോളി നാഷനല്‍ സ്കൂള്‍ എന്ന മഹത്തായ വിദ്യാലയവുമായി അക്ബര്‍ ഇഴുകിച്ചേര്‍ന്നിരുന്നു. ആയിരങ്ങള്‍ക്ക് വിദ്യ പകരുന്ന ആ മാതൃകാ—ധ്യാപകനില് നിന്ന് മലയാളത്തിന്റെ മികച്ച ഒട്ടേറെ രചനകള്‍ പുറത്തുവന്നു. ലളിതമായ ഭാഷയില്‍ അക്ബര്‍ എഴുതിയിരുന്ന കൃതികളൊക്കെ ദേശകാലഭേദമെന്യേ മലയാളികളെല്ലാം ആസ്വദിച്ചിരുന്നു. അക്ബറിനെ വ്യക്തിപരമായി അടുത്തറിയുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാന്‍ ഇടയായിട്ടുണ്ട്. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്കുവേണ്ടി കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അക്ബറെപ്പോലുള്ള എഴുത്തുകാര്‍ സമൂഹത്തിന്റെ സത്യസ്ഥിതി തങ്ങളുടെ തൂലിക ഉപയോഗിച്ച് പുറത്തുകൊണ്ടുവന്നു. നാദാപുരം മണ്ഡലത്തിലെ ഒട്ടേറെ പദ്ധതികളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്ത സുഹൃത്ത് എന്നതിലുപരി മികച്ച സാമൂഹിക നിരീക്ഷണമുള്ള ഒരാളുടെ വാക്കുകളും അഭിപ്രായങ്ങളും വിലപ്പെട്ടതാണ്. അവ പ്രാവര്‍ത്തികമാക്കാനുള്ള എളിയ ശ്രമങ്ങള്‍ നടത്തിയിട്ടുള്ളതായും ബിനോയ് വിശ്വം അനുസ്മരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.