|    May 1 Mon, 2017 11:48 am
FLASH NEWS

അറ്റകുറ്റപ്പണിയില്‍ ക്രമക്കേടെന്ന് ആക്ഷേപം

Published : 8th September 2016 | Posted By: SMR

കല്‍പ്പറ്റ: കല്‍പ്പറ്റ-പിണങ്ങോട് റോഡില്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്തതില്‍ ക്രമക്കേട് നടന്നതായി ആരോപണം. ടൗണുകളിലെ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ പാടില്ലെന്ന നിയമം മറികടന്നാണ് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കിയതെന്നാണ് ആക്ഷേപം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ എസ്എല്‍ടിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 1.800 കിലോമീറ്റര്‍ ദൂരത്തേക്കാണ് റോഡിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. പിണങ്ങോട് റോഡിന്റെ തുടക്കത്തിലും തുര്‍ക്കിയിലേക്ക് തിരിയുന്ന താഴ്ന്ന പ്രദേശത്തും ഇന്റര്‍ലോക്ക് പാകാനും മുമ്പത്തെ എസ്റ്റിമേറ്റില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പ്രസ്തുത റോഡിന്റെ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷം റോഡ് റീകാസ്റ്റ് ചെയ്ത് കോണ്‍ക്രീറ്റാക്കി മാറ്റുകയായിരുന്നു. എന്നാല്‍, ദീര്‍ഘവീക്ഷണമില്ലാതെയാണ് പ്രവൃത്തി നടത്തിയതെന്നാണ് ആരോപണം. ഡ്രെയിനേജിന്റെ പ്രവൃത്തി നടത്താതെയാണ് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ജലസേചനവകുപ്പിന്റെ പൈപ്പുകളും ടെലിഫോണ്‍ കേബിളുകളും ഈ റോഡിനടിയിലൂടെ കടന്നുപോവുന്നുണ്ട്. കോണ്‍ക്രീറ്റ് ചെയ്തതോടെ എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ വന്നാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാവും. ടൗണുകളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ പാടില്ലെന്നു പറയാനുള്ള പ്രധാന കാരണം വേനല്‍ക്കാലത്തുണ്ടാവുന്ന അസഹ്യമായ പൊടിശല്യമാണ്. ഇതു വ്യാപാര സ്ഥാപനങ്ങളെയും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നവരെയും ഗുരുതരമായി ബാധിക്കും. 1.800 കിലോമീറ്ററുണ്ടായിരുന്ന റോഡ് കേവലം 143 മീറ്ററായി ചുരുങ്ങുകയും ചെയ്തു. ഇതോടെ തുര്‍ക്കിയിലേക്കുള്ള ജങ്ഷന്‍ കഴിഞ്ഞാല്‍ പിന്നെ കാല്‍നടയാത്ര പോലും ദുസ്സഹമാവുന്ന അവസ്ഥയാണ്. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുമ്പോള്‍ സാധാരണ റോഡിനടിയിലൂടെ ജിഎസ്പി മെറ്റീരിയലാണ് ഇടേണ്ടത്. ഇതിന് 300 അടിക്ക് 30,000 രൂപ വില വരും. എന്നാല്‍, കേവലം 300 അടിക്ക് 3,000 രൂപ വിലവരുന്ന ക്വാറി വേസ്റ്റാണ് ഉപയോഗിച്ചിട്ടുള്ളത്. എം സാന്റ് ഉപയോഗിക്കുന്നതിന് പകരം ഫില്‍ട്ടര്‍ ചെയ്യാത്ത ക്രഷര്‍ പൊടിയാണ് ഉപയോഗിച്ചത്. ബ്രാന്റഡ് സിമന്റിന് പകരം കേട്ടുകേള്‍വിയില്ലാത്ത കമ്പനിയുടെ സിമന്റാണ് ഉപയോഗിച്ചതെന്നും വ്യക്തമാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day