|    Sep 21 Fri, 2018 4:16 am
FLASH NEWS

അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയ വാഹനം പൊളിച്ചുവിറ്റതായി പരാതി

Published : 15th August 2018 | Posted By: kasim kzm

തൃശൂര്‍: അറ്റകുറ്റപ്പണികള്‍ക്കായി രണ്ടര വര്‍ഷം മുമ്പ് ഓട്ടോമൊബൈല്‍ ഷോപ്പില്‍ കൊടുത്ത മാരുതി 800 കാര്‍ തിരികെ കിട്ടിയില്ലെന്നും പരാതി നല്‍കിയപ്പോള്‍ പോലിസ് നീതിയുക്തമായി ഇടപെട്ടില്ലെന്നും ആരോപിച്ച് ഇലക്ട്രീഷ്യനായ മധ്യവയസ്‌കന്‍ വാര്‍ത്താ സമ്മേളനം നടത്തി.
തൃശൂര്‍ താലൂക്ക് പേരാമംഗലം പ്രകൃതി ദേശത്ത് മേയ്ക്കാട്ടുകുളം ജേക്കബിന്റെ മകന്‍ ആന്റോ ആണ് പരാതിക്കാരന്‍. മുണ്ടൂര്‍ ശങ്കരന്‍കണ്ടത്ത് തറയില്‍ ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനം നടത്തുന്ന ബെന്നിയെയാണ് വാഹനം ഏല്‍പ്പിച്ചത്. 15,000 രൂപ അഡ്വാന്‍സും നല്‍കി. പണി കഴിഞ്ഞ ശേഷം എ സി ശരിയാക്കുന്നതിനു വേണ്ടി ബെന്നി തന്നെ കാര്‍ കേച്ചേരിയിലെ എ സി വര്‍ക്‌ഷോപ്പുടമ തേര്‍മഠം ജിന്റോവിന് കൈമാറി. എന്നാല്‍ ജിന്റോ വാഹനം തിരിച്ചുനല്‍കാതെ പല കാരണങ്ങളും പറഞ്ഞ് നീട്ടിക്കൊണ്ടുപോയി.
പിന്നീട് കാറിന്റെ ടയറുകളും ബാറ്ററിയും സെല്‍ഫ് മോട്ടോറും അഴിച്ചുമാറ്റി വര്‍ക്‌ഷോപ്പിന്റെ പിറകിലെ പറമ്പിലേക്കു മാറ്റിയിട്ടതായി കണ്ടപ്പോള്‍ പേരാമംഗലം പോലിസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു. ഇതിനു രശീതി നല്‍കിയില്ല. വീണ്ടും പരാതി നല്‍കി രശീതി ചോദിച്ചു വാങ്ങി.
തുടര്‍ന്ന് വര്‍ക്‌ഷോപ്പുടമകളെ വിളിച്ച് പോലിസ് അന്വേഷിച്ചപ്പോള്‍ വാഹനം നഷ്ടപ്പെട്ടെന്നാണ് പറഞ്ഞത്. അത് സംഭവിച്ചത് കുന്നംകുളം പോലിസ് സ്റ്റേഷനില്‍ പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാന്‍ എന്നോട് അഡീഷണല്‍ എസ് ഐ നിര്‍ദേശിച്ചു.
അങ്ങനെ ചെയ്തിട്ടും തുടര്‍ന്നും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. വാഹനം പൊളിച്ചു വിറ്റെന്നാണ് വര്‍ക് ഷോപ്പുടമകള്‍ ഏറ്റവുമവസാനം പോലിസിനോടു വെളിപ്പെടുത്തിയത്.
വാഹനത്തിന്റെ വില ഈടാക്കി കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും കേസെടുക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള ഉത്തരവുമായി വരണമെന്നും പേരാംമംഗലം എസ് ഐ എന്നോടു പറഞ്ഞു. കൊടുത്ത പരാതി മടക്കിനല്‍കുകയും ചെയ്തു. ഒരുമാസം മുമ്പ് ദുരനുഭവങ്ങളെല്ലാം വിശദീകരിച്ച് സിറ്റി പോലിസ് മേധാവിക്കു പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും ആന്റോ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss