|    Jan 25 Wed, 2017 4:59 am
FLASH NEWS

അറേബ്യന്‍ കുഴിമന്തിയോടുള്ള മലപ്പുറത്തുകാരുടെ മുഹബ്ബത്ത് കുറയുന്നു

Published : 7th December 2015 | Posted By: SMR

പൊന്നാനി: മലബാറിലെ തീ ന്‍മേശകളില്‍ തരംഗമായിരുന്ന അറേബ്യന്‍ വിഭവം കുഴി മന്തിയോടുള്ള മുഹബ്ബത്ത് കുറയുന്നു. വിവിധ ഹോട്ടലുകളില്‍ മന്തിക്ക് ഡിമാന്റ് കുറഞ്ഞതായി ഹോട്ടലുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അമിതമായ അളവില്‍ അജനാമോട്ടോ ഉപയോഗിച്ചതും തനത് രൂപത്തില്‍ നിന്ന് ഉണ്ടാക്കുന്നതും വര്‍ധിച്ചതാണ് മന്തിയോടുള്ള പ്രിയം കുറയാന്‍ കാരണം.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തതും മന്തിയോടുള്ള താല്‍പര്യം കുറയാന്‍ ഇടയാക്കി .ഈ വര്‍ഷം ജില്ലയില്‍ മാത്രം 20 മന്തി ഹോട്ടലുകള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയെടുത്തിട്ടുണ്ട് .
മട്ടന്‍ മന്തി, ചിക്കന്‍ മന്തി, ഫിഷ് മന്തി തുടങ്ങിയ വിഭവങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മലബാറിലെ തീന്‍മേശകളില്‍ തരംഗമായിരുന്നു.
മിക്ക ഹോട്ടലുകളിലും ഉച്ചക്കും രാത്രിയിലും പ്രധാന ഭക്ഷണവും ഇതായിരുന്നു. ജില്ലയിലെ മിക്ക പട്ടണങ്ങളിലും ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ അഞ്ചിലേറെ മന്തി ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് ഗണ്യമായി കുറഞ്ഞിട്ടുണ്ട് . മന്തി മാത്രം വിളമ്പുന്ന പ്രത്യേക റെസ്റ്റോറന്റുകളും മലപ്പുറത്തിന്റെ പ്രത്യേകതയാണ്. മാസങ്ങള്‍ക്ക് മുമ്പ് വരെ ബിരിയാണി ഒഴിവാക്കി മിക്ക ഉപഭോക്താക്കളും മന്തിയിലേക്ക് മാറിയിരുന്നു. കല്യാണ സല്‍ക്കാരങ്ങളിലും മന്തി വിഭവമായിരുന്നു.ഇപ്പോള്‍ അതിനെല്ലാം മാറ്റം വന്നു. മലബാറില്‍ മന്തി വന്‍ വിജയമായതോടെ തിരുവനന്തപുരത്തും എറണാംകുളത്തും മന്തി ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല.
ബിരിയാണിയെ അപേക്ഷിച്ച് എണ്ണയും മസാലകളും വളരെ കുറവാണെന്നതാണ് മന്തിയെ ജനപ്രിയമാക്കിയത്. ആട്ടിറച്ചിയോ കോഴിയിറച്ചിയോ ബസ്മതി അരിയില്‍ ചേര്‍ത്താണ് മന്തി തയ്യാറാക്കുന്നത്. മസാലകള്‍ പരമാവധി ഒഴിവാക്കി വേവിച്ചെടുക്കുന്ന അരിയില്‍ അല്‍പ്പം മഞ്ഞളും കുരുമുളകും ഉപ്പും മാത്രമാണ് ചേര്‍ക്കുന്നത്. പാകം ചെയ്യുന്ന ഇറച്ചിയിലും എണ്ണ പുരട്ടാറില്ല . മന്തി വ്യാപകമായതോടെ ഒരു പാട് പേര്‍ക്ക് തൊഴിലവസരം ലഭിച്ചിരുന്നു.
മന്തി നിര്‍മാണത്തില്‍ കൃത്രിമം കാണിച്ച് രുചി കൂട്ടിയതോടെ മന്തി ആരോഗ്യത്തിന് ഹാനികരമായി തുടങ്ങി. മന്തി പാകം ചെയ്യാന്‍ ഹോട്ടലില്‍ പ്രത്യേകം ആളെ നിയമിക്കുന്നത് നഷ്ടം വന്നതോടെ പലരും റെഡിമെയ്ഡ് മന്തികളെ ആശ്രയിക്കാന്‍ തുടങ്ങി. പലരും ഫ്രീസര്‍ ചിക്കന്‍ ഉപയോഗിക്കുന്നതും മന്തിയുടെ ഡിമാന്റ് വിപണിയില്‍ കുറച്ചു. മന്തി ഹോട്ടലുകളിലും ദിവസവും നൂറിലേറെ മന്തികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിറ്റിരുന്നത് .ചിലയിടങ്ങളില്‍ ഇത് 500 ഉം കടന്ന് പോയിരുന്നു .എന്നാല്‍ ഇപ്പോഴിത് 20 ല്‍ താഴെ മാത്രമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക