|    Mar 20 Tue, 2018 11:48 am
FLASH NEWS
Home   >  Editpage  >  Editorial  >  

അറുപതു തികയുന്ന കേരളം

Published : 1st November 2016 | Posted By: SMR

kerala-new

എഡിറ്റോറിയല്‍
കേരള സംസ്ഥാനത്തിന് ഇന്നു ഷഷ്ടിപൂര്‍ത്തി. 1956 നവംബര്‍ ഒന്നിനാണ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ഈ അവസരം കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതോടൊപ്പം ഭാവിയെ സംബന്ധിച്ച് ഉല്‍ക്കണ്ഠപ്പെടുകയും ചെയ്യേണ്ട സന്ദര്‍ഭമാണ്.
സാമൂഹികക്ഷേമ മേഖലകളില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നത് അഭിമാനപൂര്‍വം എടുത്തുപറയേണ്ട സംഗതിയാണ്. ആരോഗ്യം, കുടുംബക്ഷേമം, വിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങിയ മേഖലകളില്‍ നേടിയ സമുജ്വലമായ മുന്നേറ്റമാണ് ഇതിനു കാരണമായത്. മനുഷ്യവിഭവ സൂചികയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലം ഒന്നാം സ്ഥാനത്ത് കേരളത്തെ നിലനിര്‍ത്തിയതും അതുതന്നെ.
പക്ഷേ, മറ്റു പല സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ മേഖലകളില്‍ കാര്യമായ മുന്നേറ്റം നേടിയെടുത്തിട്ടുണ്ട്. അതിനാല്‍, ഇനിയങ്ങോട്ടുള്ള കാലത്ത് കേരളത്തിന്റെ പ്രധാന കടമ സാമൂഹികക്ഷേമരംഗത്തെ നേട്ടങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ വികസനരംഗത്ത് ഒരു വന്‍ കുതിച്ചുചാട്ടത്തിനു കളമൊരുക്കുക എന്നതുകൂടിയാണ്. വികസനരംഗത്ത് മുന്നേറ്റം നടത്താതെ സാമ്പത്തികരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനാവില്ല. സാമ്പത്തിക സുസ്ഥിരതയില്ലാതെ സമൂഹത്തിന്റെ ക്ഷേമവും ഐശ്വര്യവും നിലനിര്‍ത്താനും നമുക്കാവില്ല.
എന്നാല്‍, വികസനരംഗത്തെ നമ്മുടെ നേട്ടങ്ങള്‍ അഭിമാനജനകമല്ല. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങള്‍ ഏതാണ്ട് തകര്‍ന്നടിഞ്ഞുകഴിഞ്ഞു. കമ്പോളമല്‍സരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കുന്നതില്‍ നാം പരാജയപ്പെടുകയായിരുന്നു. കാര്‍ഷികരംഗത്തും തിരിച്ചടികളും പ്രതിസന്ധികളുമാണ് കേരളം അഭിമുഖീകരിക്കുന്നത്. ഭക്ഷ്യോല്‍പാദനം നെല്‍കൃഷിയുടെ തകര്‍ച്ചയോടെ തുലോം അപര്യാപ്തമായ നിലയിലാണ്. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. ഭക്ഷ്യസുരക്ഷയില്ലാത്ത സമൂഹം അപകടകരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്.
പകരം, നാം സ്വീകരിച്ച വിളകള്‍ കയറ്റുമതിയെ ലക്ഷ്യമാക്കിയുള്ളവയായിരുന്നു. ആഗോള കമ്പോളത്തില്‍ വിലയുടെ വേലിയേറ്റവും വേലിയിറക്കവും പതിവാണ്. ഫലമോ, തേങ്ങയുടെയും റബറിന്റെയും കാപ്പിയുടെയും തേയിലയുടെയും ആഗോള വിപണി ഇടിയുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ പാപ്പരായി. നൂറുകണക്കിനു കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്ത അനുഭവങ്ങള്‍ അത്ര പഴയതല്ല.
പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ മലയാളി യുവതീയുവാക്കളെ കയറ്റിയയക്കുന്ന പരിപാടിയാണ് കാര്യമായി നടന്നത്. അങ്ങനെ കേരളം ഒരു പ്രവാസി സമൂഹമായി മാറി. അത് ഉണ്ടാക്കുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികള്‍ ചില്ലറയല്ലെന്നു സമീപകാല കേരളത്തിന്റെ അവസ്ഥ അറിയുന്ന ആര്‍ക്കും വ്യക്തമാണ്. ഇപ്പോഴാകട്ടെ, പ്രവാസികളുടെ മുഖ്യ അത്താണിയായ ഗള്‍ഫ് മേഖലയും പ്രതിസന്ധിയിലാണ്.
അതിനാല്‍, 60 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ പഴയ പ്രതാപത്തെക്കുറിച്ചല്ല, ഭാവിയുടെ വെല്ലുവിളികളെക്കുറിച്ചാണ് നാം യഥാര്‍ഥത്തില്‍ ചിന്തിക്കേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss