|    Jan 24 Tue, 2017 6:43 am

അറുപതാം പിറന്നാളിന്റെ നിറവില്‍ മനോഹാരിത വിരിയിച്ച് മലമ്പുഴ ഉദ്യാനം

Published : 3rd February 2016 | Posted By: SMR

പാലക്കാട്: അറുപതാം പിറന്നാളിന്റെ നിറവിലും അഴകിന്റെ മനോഹാരിത വിരിയിച്ച് ഹരിതഭംഗിയില്‍ കൂടുതല്‍ സുന്ദരിയാകാനൊരുങ്ങുകയാണ് ഉദ്യാനറാണി. വൃന്ദാവനമെന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനത്തിലെ ചുവരുകളിലും മതിലുകളിലുമെല്ലാം പച്ചപ്പുല്ലിന്റെ നിറം നല്‍കിക്കൊണ്ടാണ് ഉദ്യാനറാണിയെ കൂടുതല്‍ സൗന്ദര്യവതിയാക്കുന്നത്.
ഇതിനായി പ്രത്യേകതരം ഫഌറസെന്റ് പെയിന്റുപയോഗിച്ചാണ് നിറം നല്‍കുന്നത്. പകല്‍ സമയത്ത് പച്ചപ്പുല്‍ വിരിച്ച മൈതാനംപോലെ തോന്നുന്ന ഇതു രാത്രിയില്‍ വെട്ടിത്തിളങ്ങുമെന്നതിനാല്‍ സന്ദര്‍ശകരില്‍ വേറിട്ട നവ്യാനുഭൂതിയുണര്‍ത്തും. ഇത്തരം പെയിന്റടിക്കുമ്പോള്‍ ചെളി പിടിക്കാനുള്ള സാധ്യത കുറവായതിനാല്‍ ഉദ്യാനത്തിന്റെ പ്രവേശനകവാടം മുതല്‍ അണക്കെട്ടിനു താഴെവരെയുള്ള ഭാഗങ്ങളില്‍ ഈ പെയിന്റ് ഉപയോഗിച്ചാണിപ്പോള്‍ നിറം നല്‍കിയിട്ടുള്ളത്. ഉദ്യാനനഗരിയിലെ പൂങ്കാവനങ്ങളുടെ ചുവരുകളിലും പച്ചപ്പുല്ലിന്റെ നിറം നല്‍കിക്കഴിഞ്ഞു.
ഈ മാസം അവസാനത്തോടെ പെയന്റിങ് പണികള്‍ പൂര്‍ത്തിയാവുമെന്നാണ് ഗാര്‍ഡര്‍ ഓവര്‍സിയര്‍ ആര്‍ പ്രസാദ് അറിയിച്ചിട്ടുള്ളത്. നിറം മാറ്റുന്നതിനൊപ്പം ഉദ്യാനത്തിനകത്ത് സൂര്യകാന്തി, ലില്ലി, ഡാലിയ പുഷ്പങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഉദ്യാനത്തിനകത്തെ മുപ്പതോളം ശില്‍പങ്ങളും അറ്റകുറ്റപ്പണി നടത്തി പുതിയ പെയിന്റ് നല്‍കി മനോഹരമാക്കിക്കഴിഞ്ഞു.
പ്രശസ്ത ശില്‍പിയായ കാനായി കുഞ്ഞിരാമന്റെ ഉദ്യാനത്തിലെ ശില്‍പങ്ങളായ മലമ്പുഴ യക്ഷി, മുതല, നന്ദി ശില്‍പം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി അദ്ദേഹം നേരിട്ടെത്തുമാണ് അധികൃതര്‍ പറയുന്നത്. അടുത്തമാസം ഏഴു മുതല്‍ ഉദ്യാനത്തില്‍ പുഷ്‌പോല്‍സവമൊരുക്കും. ഉദ്യാനത്തിലെ പുഷ്‌പോല്‍സവത്തിനായി സ്വദേശിയും വിദേശിയുമായുള്ള ഒന്നരലക്ഷത്തോളം പൂക്കള്‍ ജലസേചന വകുപ്പിന്റെ ഓഫിസിനു സമീപത്തായി ഒരുങ്ങിക്കഴിഞ്ഞു. ഫ്രഞ്ച് മേരി ഗോള്‍ഡ്, ആഫ്രിക്കന്‍ മേരി ഗോള്‍ഡ്, വിങ്ക, ഗൗഫോര്‍മ ഫിലോഷ്യ തുടങ്ങി വിദേശയിനങ്ങളും പാല്‍സല്‍, ബാല്‍സം, ആന്തൂറിയം, പ്ലാമേറിയ, ഡാലിയ, സൂര്യകാന്തി തുടങ്ങിയ സ്വദേശി ഇനങ്ങളുമാണ് പുഷ്പമേളക്കായി ഒരുക്കിയിട്ടുള്ളത്.
നൂറ്റമ്പതില്‍പരം വിഭിന്നമായ റോസ് പുഷ്പങ്ങളുമൊരുക്കുന്നുണ്ട്. മാര്‍ച്ച് ഏഴുവരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേള ഗാര്‍ഡന്‍ ഓവര്‍സിയര്‍ ആര്‍ പ്രസാദ്, ക്യൂറേറ്റര്‍ മോഹന്‍ദാസ്, സൂപ്പര്‍വൈസര്‍ അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. പുഷ്‌പോല്‍വത്തിനു മുന്നോടിയായി ഉദ്യാന നഗരി പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. അറുപതാം പിറന്നാളാഘോഷിച്ച മലമ്പുഴയിലെ പ്രശസ്തമായ യക്ഷിയുടെ ശില്പത്തിനു സമാനമായി മറ്റൊരു ശില്പം കൂടി ഉദ്യാന നഗരിയില്‍ നിര്‍മിക്കാന്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ തയ്യാറാവുന്നുണ്ട്.
സപ്‌നാത്ഭുതങ്ങളുടെ മനോഹാരിതയിലും അറുപതിന്റെ അഴകുവിരിയിച്ച് സന്ദര്‍ശകരില്‍ ആസ്വാദനത്തിന്റെ മനോഹാരിത നല്‍കി കൂടുതല്‍ സുന്ദരിയാകുകയാണ് ഉദ്യാനറാണി. സപ്താത്ഭുതങ്ങള്‍ക്കൊപ്പം വൈഫൈ സൗകര്യമുള്ള ഉദ്യാനറാണിയില്‍ മധ്യവേനലവധിയാവുന്നതോടെ കൂടുതല്‍സന്ദര്‍ശകരെത്തുമെന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജലസേചന വകുപ്പധികൃതര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക