|    Apr 21 Sat, 2018 2:49 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

അറിവ് അമേരിക്കയില്‍നിന്നു മാത്രമോ?

Published : 5th November 2015 | Posted By: SMR

സംശയം വേണ്ട, നമ്മുടെ മനശ്ശാസ്ത്രജ്ഞര്‍ തന്നെയാണ് മാതാപിതാക്കളും അധ്യാപകരും കുട്ടികളെ ഭയപ്പെട്ടു കഴിയേണ്ട അവസ്ഥ സൃഷ്ടിച്ചത്. കുട്ടികളെ കെട്ടഴിച്ചുവിടാന്‍ ഉതകുന്നതരത്തിലുള്ള നിയമങ്ങളും സാമൂഹിക ചിന്താഗതികളും നടപ്പാവാന്‍ വഴിതെളിച്ചത് ഇത്തരം ‘വിദഗ്ധര്‍’ അടങ്ങിയ അനുബന്ധസമിതികളുടെ ശുപാര്‍ശകളാണ്. നീതിന്യായവ്യവസ്ഥയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ഈ വിദഗ്ധര്‍ക്കു കഴിയുന്നു.
പടിഞ്ഞാറുനിന്നു വരുന്ന പാരന്റിങ് വിജ്ഞാനീയമാണ് നമ്മുടെ നാട്ടിലെ വിദഗ്ധര്‍ പകര്‍ത്തുന്നത്. അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞരുടെ ‘മണ്ടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍’ കണ്ണുംപൂട്ടി നടപ്പാക്കിയതുമൂലം ആപ്പിലായിപ്പോയവരില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയിലെ അധ്യാപകരും രക്ഷിതാക്കളുമാണ്. കുട്ടിയെ ഒന്നു വഴക്കുപറഞ്ഞാല്‍ മാനസിക പീഡനം! ഒന്നു നുള്ളിയാല്‍ ശാരീരിക പീഡനം! ഒരല്‍പം കടുത്ത സ്വരത്തില്‍ ഉപദേശിച്ചുപോയാല്‍ വ്യക്തിഹത്യ! പോരേ പൂരം? ഇങ്ങനെ നൊന്തുപെറ്റ അമ്മയെയും വളര്‍ത്തി പഠിപ്പിച്ച അച്ഛനെയും ശിഷ്യനന്മ ആഗ്രഹിച്ചുപോയ ഗുരുവിനെയും ഏതൊരു കൊച്ചുകുട്ടിയുടെയും മൊഴി(?)യുടെ അടിസ്ഥാനത്തില്‍ എത്ര കൊല്ലം വേണമെങ്കിലും ‘അകത്തിടാന്‍’ പര്യാപ്തമാണ് അമേരിക്കന്‍ നിയമങ്ങള്‍. തീര്‍ന്നില്ല, കുട്ടിയെ മെച്ചപ്പെട്ട സംരക്ഷണത്തിനായി അവന്റെ/അവളുടെ പ്രിയപ്പെട്ടവര്‍ക്ക് അജ്ഞാതമായ ‘രക്ഷാകര്‍തൃകേന്ദ്ര’ങ്ങളിലേക്ക് പ്രായപൂര്‍ത്തിയാവുന്നതു വരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യും. കുട്ടി ഏത് കേന്ദ്രത്തിലാണ് വളരുന്നതെന്നു മനസ്സിലാക്കാന്‍പോലും മാതാപിതാക്കള്‍ക്കു കഴിയില്ല. ഇങ്ങനെ ‘അപ്രത്യക്ഷരായ’ അമേരിക്കന്‍ കുഞ്ഞുങ്ങളില്‍ ഇന്ത്യക്കാരുടെ മക്കളുമുണ്ട്. ഇക്കണക്കിനു പോയാല്‍ നമ്മുടെ നാട്ടിലും ഈ സമ്പ്രദായങ്ങളൊക്കെ വരാന്‍ അധികം സമയം വേണ്ട.
ഓരോ സംസ്‌കാരത്തിനും അതിന്റേതായ ശിക്ഷണശീലങ്ങളുണ്ട്. പടിഞ്ഞാറുനിന്നു വരുന്നതു മാത്രമാണ് അറിവ് എന്ന തലതിരിഞ്ഞ മനോഭാവം നമ്മുടെ മനശ്ശാസ്ത്രജ്ഞര്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. കുട്ടിയുടെ നല്ല ഭാവി ഉദ്ദേശിച്ച് അച്ഛനോ അധ്യാപകനോ ശിക്ഷയോ ശിക്ഷണമോ നല്‍കിയാല്‍ അത് അവന്റെ മാനസികാവസ്ഥയെ തകര്‍ക്കുമെന്നും, അവന് മാര്‍ഗനിര്‍ദേശം നല്‍കുക മാത്രമേ ചെയ്യാവൂ എന്ന മട്ടിലുള്ള ഉപദേശങ്ങള്‍ ദയവായി നമ്മുടെ മനശ്ശാസ്ത്രജ്ഞര്‍ അവസാനിപ്പിക്കുക. അമേരിക്കന്‍ നിര്‍മിത മനശ്ശാസ്ത്രഗ്രന്ഥങ്ങളിലൂടെ പടച്ചുവിടപ്പെട്ട ഇത്തരം ‘അറിവുകളാ’ണ് സാംസ്‌കാരിക ലോകത്തിന്റെ ഇന്നത്തെ ശാപം. ബാല്യകാലത്തു കാണുന്ന സ്വഭാവശീലങ്ങളെ മുഴുവന്‍ ന്യായീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് കുട്ടികളില്‍ നല്ല ശീലങ്ങളും പെരുമാറ്റമര്യാദകളും വളരുന്നതിനു തടസ്സമാവുന്നു. ആരെങ്കിലും ഒരു നന്മ ചൂണ്ടിക്കാണിച്ചാല്‍ അയാളെ യാഥാസ്ഥിതികന്‍, മതമൗലികവാദി, പിന്തിരിപ്പന്‍ തുടങ്ങിയ കടുത്ത പദങ്ങളിലൂടെ ഭര്‍ത്‌സിക്കുന്നതില്‍ കാര്യമില്ല. ഈശ്വരോ രക്ഷതുഃ

ഡോ. ടൈറ്റസ് പി വര്‍ഗീസ്
കോഴിക്കോട്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss