|    Nov 16 Fri, 2018 12:34 am
FLASH NEWS

അറിവിന്റെ ആദ്യ മധുരം നുകര്‍ന്ന് കുരുന്നുകള്‍ വിദ്യാലയ മുറ്റത്ത്

Published : 2nd June 2017 | Posted By: fsq

 

മലപ്പുറം: നവാഗതരെ വരവേറ്റ് വിദ്യാലയങ്ങള്‍ പ്രവേശനോല്‍സവം ഉല്‍സവതിമിര്‍പ്പിലാക്കി. ചിണുങ്ങിയും പിണങ്ങിയുമാണ് കുരുന്നുകള്‍ കലാലയ മുറ്റത്തേക്ക് വിദ്യയുടെ ആദ്യമധുരം നുകരാനെത്തിയത്. കരഞ്ഞും ചിരിച്ചുമെത്തിയ തുടക്കകാരെ പിടിച്ചിരുത്താനായി അധ്യാപകര്‍ സകല അടവുകളും പുറത്തെടുത്തു. ഓരോ സ്‌കൂളുകളും കുഞ്ഞുകണ്ണുകളില്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ചകളാണ് ഒരുക്കിയിരുന്നത്. കണ്‍കുളിര്‍മ നല്‍കുന്ന പെയിന്റിങുകളും കാര്‍ട്ടൂണുകളും ബലൂണുകളുമെല്ലാം കൊണ്ട് ക്ലാസ് മുറികള്‍ അലങ്കരിച്ചാണ് വിദ്യാലയങ്ങള്‍ നവാഗതരെ സ്വാഗതം ചെയ്തത്. പുതിയ ബാഗും കുടയുമൊക്കെയായി സ്‌കൂളിലെത്തിയ നവാഗതര്‍ക്ക് പക്ഷേ പുത്തന്‍കുട ബാഗില്‍ നിന്നു പുറത്തെടുക്കേണ്ടിവന്നില്ല. സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിനം മഴയെത്താറുണ്ടെങ്കിലും ഇന്നലെ മഴ വിട്ടുനിന്നത് സ്‌കൂളുകളുടെ പ്രവേശനോല്‍സവത്തിന്റെ ഭംഗി നഷടപ്പെടുത്തിയില്ല. മേഘത്താല്‍ മൂടിയ അന്തരീക്ഷത്തില്‍ വിദ്യയുടെ ആദ്യദിനം കടന്നുപോയി. ജില്ലാതല പ്രവേശനോല്‍സവം ക്ലാരി ഗവ. യുപി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കുക വഴി സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ പരിഷ്‌കരണത്തിന് ആരംഭം കുറിച്ചതായി സ്പീക്കര്‍ പറഞ്ഞു. 1957 കാലഘട്ടത്തില്‍ സമഗ്ര വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയായിരുന്നു കേരളത്തില്‍  ഒന്നാംഘട്ടത്തില്‍ വിദ്യാഭ്യാസ മാറ്റത്തിന് തുടക്കം കുറിച്ചത്. ആ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സംസ്ഥാനത്ത് രൂപപ്പെട്ടു. എന്നാല്‍, അടുത്ത കാലത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ വിദ്യാഭ്യാസ മേഖല വല്ലാതെ പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചു. ഇത് സാമൂഹികരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഒരു പ്രദേശത്തെ 10 കുട്ടികള്‍ 10 സ്‌കൂളുകളിലായി പോവുന്ന കാഴ്ച വേദനിപ്പിക്കുന്നതായി. അടുത്തുള്ള രണ്ട് കുട്ടികള്‍ പരസ്പരം സംസാരിക്കാത്ത അവസ്ഥ ഗുരുതരമായ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുമെന്ന് തിരിച്ചറിവ് പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്ക് കാരണമായതായും സ്പീക്കര്‍ പറഞ്ഞു. ഇപ്പോള്‍ കാണുന്ന പാഠപുസ്തകങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുമെന്ന് അഭിപ്രായപ്പെട്ട സ്പീക്കര്‍ ഇടി മുറികളില്ലാത്ത വിദ്യാഭ്യാസ സംസ്‌കാരവും സാശ്രയ സ്ഥാപനങ്ങളെ ക്യത്യമായി നിയന്ത്രിക്കുന്ന നിയമവും നമുക്ക് ഉണ്ടാവുമെന്നും പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ഡപ്യുട്ടി ഡയറക്ടര്‍ പി സഫറുള്ള വായിച്ചു. പി കെ അബ്ദുറബ്ബ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്യഷ്ണന്‍, സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss