|    Aug 16 Thu, 2018 7:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അറസ്റ്റ് ചെയ്യാതെ കൊലപ്പെടുത്തിയത് എന്തിനെന്നു യുവാവിന്റെ പിതാവ്

Published : 6th August 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ വസതിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ സുരക്ഷാ സൈനികര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്. പൂഞ്ച് ജില്ലയിലെ മെന്താര്‍ സ്വദേശി സൈദ് മുര്‍ഫാദ് ഷാ ആണു കഴിഞ്ഞദിവസം സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത്. വെടി വച്ച് കൊല്ലുന്നതിനു പകരം എന്തുകൊണ്ട് മുര്‍ഫാദിനെ അറസ്റ്റ് ചെയ്യാതിരുന്നതെന്നാണ് പിതാവിന്റെ ചോദ്യം. ജിമ്മില്‍ പോയ മകന്റെ മരണവാര്‍ത്തയാണു തങ്ങളെ തേടിയെത്തിയത്. സൈനികരുടെ നടപടിയില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കൊലപാതകം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്‌കാരത്തിനെത്തിയ ജനക്കൂട്ടം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജമ്മു-ബന്ധലാബ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിനു നീതി കിട്ടണമെന്നു മാത്രമാണു തങ്ങളുടെ ആവശ്യമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സംഭവത്തില്‍ സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ജുഡീഷല്‍ അന്വേഷണത്തിനു ഗവര്‍ണര്‍ ഉത്തരവിടണമെന്നു ജമ്മുകശ്മീര്‍ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവും സംസ്ഥാന ലീഗല്‍ എയിഡ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഭീം സിങും ആവശ്യപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണു യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് തങ്ങള്‍ക്കു മനസ്സിലാവുന്നതെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഭട്ടിന്‍ഡിയിലെ ഫാറൂഖിന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss