|    Nov 20 Tue, 2018 1:04 pm
FLASH NEWS

അറവുകേന്ദ്രം പൂട്ടിയിട്ടും അറവ് നടക്കുന്നതായി പരാതി

Published : 3rd August 2018 | Posted By: kasim kzm

വടകര: നഗരസഭയിലെ അറവു കേന്ദ്രം പൂട്ടിയിട്ടിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഇതോടെ അനധികൃത അറവുകള്‍ വ്യാപകമായി നടക്കുന്നതായി പരാതി. നഗരസഭയുടെ ഏക അറവു കേന്ദ്രമായ താഴെഅങ്ങാടി ഓവര്‍ബ്രിഡ്ജിന് സമീപമുള്ള കേന്ദ്രമാണ് കഴിഞ്ഞ ജനുവരി മാസം മുതല്‍ പൂട്ടിയിട്ടിരിക്കുന്നത്.
ഈ കേന്ദ്രത്തില്‍ നിന്നും മാലിന്യമടക്കമുള്ള വെള്ളം പുറത്തേക്ക് ഒഴുകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അടച്ചു പൂട്ടി പുനപ്രവൃത്തി ചെയ്യാന്‍ തീരുമാനിച്ചത്. പരാതി ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടറി കേന്ദ്രം പരിശോധിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കി 5 ലക്ഷം രൂപ പുനര്‍ പ്രവൃത്തിക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പരാതി നല്‍കിയ നാട്ടുകാര്‍ തന്നെ പിന്നീട് അറവുകേന്ദ്ര പുനപ്രവൃത്തിക്കെതിരെ നീങ്ങിയപ്പോഴാണ് പ്രവൃത്തികള്‍ മുടങ്ങുകയും അറവു കേന്ദ്രം തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലുമായത്.
പുന പ്രവൃത്തി ആരംഭിച്ച സമയത്ത് ഇവിടെയുള്ള മാലിന്യം മറ്റൊരു കുഴിയെടുത്ത് മാറ്റുന്ന സമയത്താണ് വടകര ജെടി റോഡില്‍ നഗരസഭയുടെ സ്ഥലത്ത് തന്നെ ആരംഭിക്കാന്‍ ഉദ്ദേശിച്ച എംആര്‍എഫ് കേന്ദ്രത്തിനെതിരെ സമരത്തിലേര്‍പ്പെട്ട നാട്ടുകാര്‍ അറവു കേന്ദ്രത്തിന്റെ നിര്‍മ്മാണവും തടഞ്ഞത്. ഇതോടെ നിര്‍മ്മാണം നിലക്കുകയും അറവുകള്‍ പല കേന്ദ്രങ്ങളില്‍ നിന്നായി നടക്കുകയുമാണ്. മുന്‍ വര്‍—ഷങ്ങളിലും പ്രസ്തുത പ്രശ്‌നം നിലനിന്നിരുന്നു. എന്നാല്‍ പ്രസ്തുത കേന്ദ്രം നിലനില്‍ക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. എംആര്‍എഫ് കേന്ദ്രത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ പ്രതിപക്ഷ കൗണ്‍സിലര്‍മാറും അറവു കേന്ദ്രത്തിനെതിരെയും തിരിയികയും ചെയ്തു. എംആര്‍എഫ് സമരം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് നാട്ടുകാരോടൊപ്പം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറവു കേന്ദ്രത്തിനെതിരെ തിരിഞ്ഞതെന്നാണ് ആരോപണം. എന്നാല്‍, പുന പ്രവൃത്തികള്‍ മുടങ്ങിയതോടെ അറവു കേന്ദ്രം പൂട്ടിയിടുകയല്ലാതെ വേറെ വഴിയില്ലെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.
ബയോഗ്യാസ് പ്ലാന്റ്, കെട്ടിട പുനര്‍ നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് കേന്ദ്രത്തില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി യുഎല്‍സിസിക്ക് കരാര്‍ നല്‍കുകയും ചെയ്തിരുന്നു. നിര്‍മ്മാണം നടത്തുന്നതിനായി 20 ദിവസത്തോളം അറവു കേന്ദ്രം പൂട്ടാനും തീരുമാനിച്ച് പ്രവൃത്തി ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
അറവു കേന്ദ്രം പൂട്ടിയ സാഹചര്യത്തില്‍ നഗരത്തില്‍ വില്‍പന നടത്തുന്ന ഇറച്ചികള്‍ക്കായുള്ള മാടുകളെ അറക്കുന്നത് പലയിടങ്ങളില്‍ നിന്നായി മാറിയിരിക്കുകകായണ്. കൃത്യമായി വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷമാണ് അറവ് നടത്തേണ്ടതെന്നാണ് നിയമം. എന്നാല്‍ വടകരയില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ കാറ്റില്‍ പറക്കുകയാണ്. മാത്രമല്ല പുതുതായി ബീഫ് സ്റ്റാളുകള്‍ ആരംഭിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കാനും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അനധികൃത അറവുകള്‍ നിയന്ത്രണാതീതമാണെന്നും അത്തരം അറവുകള്‍ വടകരയില്‍ ഇനി ഉണ്ടാവില്ലെന്നുമുള്ള നഗരസഭയുടെ ഉറപ്പാണ് ഇതോടെ ഇല്ലാതായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss