|    Jul 28 Fri, 2017 4:32 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അറബ് ലോകത്തെ വൈവിധ്യങ്ങള്‍ വരച്ചുകാട്ടി സ്റ്റാമ്പ് പ്രദര്‍ശനം

Published : 9th October 2016 | Posted By: SMR

ദോഹ: അറബ് ലോകത്തെ വൈവിധ്യവും സാംസ്‌കാരിക തനിമയും വരച്ചു കാട്ടുന്ന കത്താറയിലെ സ്റ്റാമ്പ് പ്രദര്‍ശനം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അറബ് പോസ്റ്റല്‍ സ്റ്റാമ്പ്‌സ് മ്യൂസിയത്തിലാണ്  അറബ് ലോകത്തെ വിവിധ സംസ്‌കാരങ്ങളും നാഗരികതകളും പരിചയപ്പെടുത്തുന്ന സ്റ്റാമ്പ് ശേഖരം പ്രദ ര്‍ശിപ്പിച്ചിരിക്കുന്നത്. അറബ് ചരിത്രത്തിന്റെയും നാഗരികതയുടെയും വിവിധ കാലങ്ങള്‍ അനുഭവിച്ചറിയാവുന്ന 22 അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സ്റ്റാമ്പ് ശേഖരങ്ങളാണ് ഇവിടെയുള്ളത്.
അറബ് ലോകത്തിന്റെ സൗന്ദര്യാത്മകതയെ മാത്രമല്ല അവിടുത്തെ വീരന്മാരുടെയും നേതാക്കളുടെയും കാഴ്ചയുമുണ്ട് ഇവിടെ. കുതിരകള്‍ മുതല്‍ പുഷ്പങ്ങള്‍ വരെയും പൗരാണിക നാഗരികത മുതല്‍ തനത് വസ്ത്രധാരണ രീതികള്‍ വരെയും കായികം മുതല്‍ വാസ്തുശില്‍പം വരെയുള്ള അറബ് ജീവിതത്തിന്റെ ഓരോ അംശവും ഉള്‍ക്കൊള്ളിച്ചതാണ് പ്രദര്‍ശനമെന്ന് സന്ദര്‍ശകര്‍ പറയുന്നു.
പഴയതും പുതിയതുമായ സ്റ്റാമ്പുകളുടെ ശ്രദ്ധാപൂര്‍ണമായ തിരഞ്ഞെടുപ്പാണ് ഈ ശേഖരം. പശ്ചാത്യ സന്ദര്‍ശകരെ മാത്രമല്ല, തദ്ദേശീയര്‍ക്കും അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും പഠനാര്‍ഹമാണ് പ്രദര്‍ശനം. തപാല്‍ സ്റ്റാമ്പ് വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയൊരു അത്ഭുതലോകം തന്നെയായിരിക്കും.
സ്റ്റാമ്പുകളില്‍ പലതും ആദ്യമായാണ് കാണുന്നതെന്ന് സൗദിയില്‍ നിന്നുള്ള സന്ദര്‍ശകന്‍ പറഞ്ഞു. അറേബ്യന്‍ കുതിരകളുടെ ചിത്രമുള്ള സ്റ്റാമ്പും ഫലസ്തീനിലെ ഒലീവ് മരത്തിന്റെ പടമുള്ള ബ്ലൂ മഡോണയും സിറിയയുടെ വര്‍ണപൂരിത പുഷ്പങ്ങളുള്ള സ്റ്റാമ്പും സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഖത്തറിന്റെ പുതിയതും പഴയതുമായ സ്റ്റാമ്പുകളുടെ വലിയ ശേഖരമാണ് മ്യൂസിയത്തിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക