|    Dec 11 Tue, 2018 10:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘അറബ് മുസ്‌ലിം സമൂഹങ്ങള്‍ സ്വന്തം സ്ഥാനം നിര്‍ണയിക്കണം

Published : 1st December 2018 | Posted By: kasim kzm

‘ഫലസ്തീനില്‍ നിലവിലുള്ള സാഹചര്യം, ഇസ്രായേലിന്റെ ഭീഷണി, അമേരിക്കയുടെയും മുസ്‌ലിം രാഷ്ട്രങ്ങളുടെയും നിലപാട് എന്നിവയെക്കുറിച്ച് ഏഷ്യാ മിഡില്‍ ഈസ്റ്റ് ഫോറം ചെയര്‍മാന്‍ ഡോ. മുഹമ്മദ് മക്‌റമുമായി ഇസ്താംബൂളില്‍ തേജസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ് നടത്തിയ അഭിമുഖം:

ഫലസ്തീനിലെ യഥാര്‍ഥ പ്രശ്‌നം ഇപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്നെയാണ്. അറബ് നാടുകളിലെ ആഭ്യന്തരസംഘര്‍ഷം നെതന്യാഹുവിന് പ്രചോദനവും ആവേശവും നല്‍കുന്നു. ഇത്രത്തോളം സുരക്ഷിതത്വം ഇസ്രായേല്‍ ഒരുകാലത്തും അനുഭവിച്ചിട്ടില്ല. അവര്‍ക്ക് രണ്ടു ശത്രുക്കളാണുള്ളത്. ഒന്ന് വലുതും മറ്റൊന്ന് ചെറുതും. വലിയ ശത്രു ഇറാനാണ്. ചെറിയ ശത്രു ഗസയും.
വലിയ ശത്രുവിനെ നേരിടാന്‍ ഇപ്പോള്‍ അവര്‍ക്ക് എളുപ്പമാണ്. കാരണം, അറബ് ഭരണകൂടങ്ങള്‍ എല്ലാം ചേര്‍ന്ന് ഇറാനെ രാക്ഷസരൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഇറാനും കുറേ വീഴ്ചകള്‍ പറ്റി. സൈനികമായി ഇറാനെ നേരിടാന്‍പോലും നെതന്യാഹു തയ്യാറായെന്നു വരും. അറബ്, മുസ്‌ലിം നാടുകള്‍ ആരും ഇറാനെ പിന്തുണയ്ക്കാനുണ്ടാവില്ല. മുസ്‌ലിംകളെ, വിശേഷിച്ച് യുവാക്കളെ ഇളക്കിവിടാനായി ഇറാന്റെ ഭീഷണി ഉയര്‍ത്തിക്കാട്ടുകയാണ് അവര്‍. സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇയിലെ മുഹമ്മദ് ബിന്‍ സാഇദും ചേര്‍ന്ന്് മുസ്‌ലിം നാടുകളുടെ പരസ്പര ബന്ധങ്ങള്‍ മുമ്പില്ലാത്തവിധം തകര്‍ത്തിരിക്കുന്നു.
പാകിസ്താനി പാര്‍ലമെന്റംഗം ഈയിടെ നെതന്യാഹുവിനെ പ്രശംസിച്ച് പ്രസ്താവന നടത്തി. ജൂതര്‍ക്കും ഇസ്രായേലിനും അനുകൂലമായാണ് അദ്ദേഹം സംസാരിച്ചത്. ഇതൊരു മോശമായ സൂചനയാണ്.
ന്യൂയോര്‍ക്കില്‍ നെതന്യാഹുവുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് ഇന്തോനീസ്യന്‍ വൈസ് പ്രസിഡന്റ് പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. അതായത് ചുറ്റുപാടുകള്‍ പൊതുവില്‍ ഇസ്രായേലിനും നെതന്യാഹുവിനും അനുകൂലമാണ്. ഗസയുമായുള്ള ഇസ്രായേലിന്റെ യുദ്ധം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നു. എല്ലാം തകര്‍ക്കുന്നതുമാണ് അത്. ഇതു തടയാന്‍ അറബ് ഭരണകൂടങ്ങള്‍ ഒന്നും ചെയ്യില്ല. ഫലസ്തീന്റെ വടക്ക് ഇറാനും സിറിയയും ഹിസ്ബുല്ലയുമുണ്ട്. തെക്ക് ഗസയും. വടക്കുഭാഗത്ത് ഇസ്രായേലില്‍ തകൃതിയായ ഒരുക്കങ്ങള്‍ നടക്കുന്നു.
ഗസയില്‍ മുന്നേറാനുള്ള ഇസ്രായേലിന്റെ സൈനികനീക്കത്തെക്കുറിച്ച്് മുന്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ തുറന്നുപറഞ്ഞു. എന്നാല്‍, ഇസ്രായേല്‍ അധീന മേഖലയിലേക്ക് ഇതാദ്യമായി ഫലസ്തീനികള്‍ 500ലധികം റോക്കറ്റുകള്‍ പായിച്ചു. ഇതുവഴി അഭൂതപൂര്‍വമായ നാശനഷ്ടങ്ങളാണ് തെക്കന്‍ ഇസ്രായേലിലുണ്ടായത്. ഒന്നരദിവസംകൊണ്ട്് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇസ്രായേലിനെ സംരക്ഷിക്കാന്‍ നെതന്യാഹുവിന്റെ മന്ത്രിസഭയ്ക്ക് കഴിയുന്നില്ലെന്നാണ് ലീബര്‍മാന്‍ കുറ്റപ്പെടുത്തിയത്.
അടുത്ത ഏപ്രിലില്‍ മിക്കവാറും നെതന്യാഹു പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കേണ്ടത്. തന്റെ ശേഷി തെളിയിക്കാനായി സര്‍വശേഷിയും സമാഹരിച്ച് ഗസയെ ആക്രമിക്കാനാണു സാധ്യത.
ഇസ്രായേലികള്‍ക്കു വേണ്ടത് ഫലസ്തീനികള്‍ക്ക് ഏറ്റവും ക്രൂരമായ പീഡനം ഏല്‍പിക്കാന്‍ കഴിയുന്ന നേതാവിനെയാണ്. എത്ര ഫലസ്തീനികളെ കൊല്ലാം എന്നതിലാണ് ഇസ്രായേലി നേതാക്കളുടെ മല്‍സരം.
വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ഇസ്രായേലില്‍ നിലനി ല്‍ക്കുന്നത്. ഇപ്രാവശ്യം എത്രമാത്രം കരുത്തുറ്റതായിരുന്നു ഇസ്രായേലിനു നേരിട്ട തിരിച്ചടിയെന്ന് ലീബര്‍മാന്റെ പ്രതികരണത്തില്‍ വ്യക്തമായിരുന്നു. ഇസ്രായേല്‍ സൈന്യം അജയ്യരാണെന്ന ധാരണ അതു തിരുത്തിക്കുറിച്ചു. ഇസ്രായേലിന്റെ മുഖ്യ എതിരാളിയായി ഫലസ്തീന്‍ നിലനില്‍ക്കുന്നു.
ഫലസ്തീന്റെ അവസ്ഥ വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. പലരും ചരിത്രത്തിന്റെ പാഠങ്ങള്‍ ഫലസ്തീനില്‍ പ്രയോഗിക്കാന്‍ ഞങ്ങളോട് ഉപദേശിക്കുന്നു, അതിനായി ശ്രമിക്കുന്നു. ഇന്ത്യക്കാര്‍ പറയുന്നു: അക്രമരാഹിത്യം പകര്‍ത്തൂ, ദക്ഷിണാഫ്രിക്കക്കാര്‍ പറയുന്നു: വര്‍ണവിവേചനത്തിനെതിരായ ഞങ്ങളുടെ പോരാട്ടം മാതൃകയാക്കൂ എന്ന്. എന്നാല്‍, ഫലസ്തീന്റെ പോരാട്ടം പലനിലയ്ക്കും അതുല്യമാണ്, വ്യത്യസ്തവും.
ബ്രിട്ടന്റെ കോളനിയായിരുന്നു ഇന്ത്യ. ഇന്ത്യക്കാരെ ആരും നാട്ടില്‍ നിന്ന് അടിച്ചോടിച്ചില്ല. പകരം വിദേശികളെ കൊണ്ടുവന്ന് താമസിപ്പിച്ചില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്നത് സാമൂഹിക-രാഷ്ട്രീയ പോരാട്ടമായിരുന്നു.
ഫലസ്തീനികളെ ജന്മനാട്ടില്‍ നിന്നു കുടിയൊഴിപ്പിച്ചാണ് സയണിസ്റ്റ് പ്രസ്ഥാനം ഇസ്രായേല്‍ സ്ഥാപിച്ചത്.ഫലസ്തീനികളെ ഒന്നാകെ അടിച്ചോടിച്ചു. ഫലസ്തീന്‍ ജനത വേണ്ട, ഫലസ്തീന്റെ ചരിത്രവും ആചാരരീതികളും വേണ്ട എന്നായിരുന്നു നിലപാട്.

(അവസാനിക്കുന്നില്ല)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss