|    Dec 15 Sat, 2018 1:19 am
FLASH NEWS
Home   >  Editpage  >  Editorial  >  

അറബി സര്‍വകലാശാലയ്ക്ക് എത്ര കാത്തിരിക്കണം?

Published : 18th November 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – എം എ സമദ്, കൊല്ലം
കേരളത്തില്‍ മുന്‍ സര്‍ക്കാരുകള്‍ അംഗീകരിച്ച് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട അറബി സര്‍വകലാശാലയുടെ സംസ്ഥാപനം ഇനിയും വൈകരുത്. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായ പതിനൊന്നംഗ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ് സംസ്ഥാനത്ത് അറബി സര്‍വകലാശാല സ്ഥാപിക്കുകയെന്നത്. അന്താരാഷ്ട്ര നിലവാരമുള്ളതും ലോക തൊഴില്‍ കമ്പോളത്തില്‍, പ്രത്യേകിച്ച് അറബ് മേഖലയില്‍ മികച്ച പരിഗണന ലഭിക്കുമാറ് അറബിയില്‍ പ്രാവീണ്യം നേടിയ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതുമായ ഒരു അറബി സര്‍വകലാശാല കേരളത്തിന് ഒരുപാട് ഗുണം ചെയ്യും.
അറബിഭാഷയുടെ പഠനവും പരിശീലനവും, വിവര്‍ത്തന പരിശീലനം, ഇന്റര്‍നെറ്റ് അധിഷ്ഠിത കോഴ്‌സുകളുടെ പ്രയോഗം, ഗവേഷണം, പരിഭാഷകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പുതിയ ചക്രവാളങ്ങള്‍ തുറക്കല്‍ എന്നിവ കൂടുതല്‍ തൊഴില്‍ സാധ്യത നല്‍കും. 2013ലെ കണക്ക് അനുസരിച്ച് 35 ലക്ഷം വരുന്ന ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്ക് 75,000 കോടി രൂപയുടെ വിദേശ പണം അയച്ചിട്ടുണ്ട്. ഈ തുകയുടെ ഒരു ശതമാനം മാത്രം മതിയാകും ഒരു സര്‍വകലാശാല കെട്ടിപ്പടുക്കാന്‍.
അന്താരാഷ്ട്ര നിലവാരമുള്ള ഒരു സര്‍വകലാശാല സ്ഥാപിച്ചാല്‍ അറബ് നാടുകള്‍ ഉള്‍പ്പെടെ അനേകം രാജ്യങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെയും ഗവേഷകരെയും പരിശീലകരെയും പ്രതീക്ഷിക്കാം. അത്തരമൊരു സര്‍വകലാശാല നല്‍കുന്ന ബിരുദങ്ങള്‍ക്ക് വിദേശ രാഷ്ട്രങ്ങളില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാവും. വിദേശ വിദ്യാര്‍ഥികളും പരിശീലകരും ധാരാളം എത്തുമ്പോള്‍ വിദേശനാണ്യ ഇനത്തിലും സംസ്ഥാനത്തിനു മികച്ച വരുമാനമുണ്ടാവും. പുറമേ പല വിദേശ സര്‍വകലാശാലകളുമായി അധ്യാപക-ഗവേഷണ-വിദ്യാര്‍ഥി വിനിമയം നടപ്പാവുകയും അതിലൂടെ ബൗദ്ധിക-സാംസ്‌കാരിക മേല്‍ക്കോയ്മ നേടാനും കഴിയും. ദേശീയ വിജ്ഞാന കമ്മീഷന്‍ പറയുന്നത് രാജ്യത്ത് അടുത്ത മൂന്നു ദശകങ്ങളില്‍ ഉണ്ടാകാവുന്ന വിവര്‍ത്തനരംഗത്തെ തൊഴില്‍സാധ്യതകളില്‍ പകുതിയിലധികം അറബിഭാഷയിലായിരിക്കുമെന്നാണ്.
സ്മാര്‍ട്ട് സിറ്റി പോലുള്ള, പ്രധാനമായും അറബ് നിക്ഷേപത്തെ ആശ്രയിക്കുന്ന സംരംഭങ്ങളും ഈയൊരു ആവശ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ആഗ്രഹവും കഴിവുമുള്ള ഏതൊരാള്‍ക്കും പ്രായ-ലിംഗ-വര്‍ഗ-ജാതി ഭേദമില്ലാതെ പഠനവും ഗവേഷണവും നടത്താന്‍ അവസരം ലഭിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ മുതല്‍ ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ ബിരുദങ്ങള്‍ തുടങ്ങി എല്ലാ തലത്തിലുമുള്ള കോഴ്‌സുകളും സര്‍വകലാശാലയ്ക്ക് നടത്താം.
അറബി സര്‍വകലാശാലയ്ക്ക് പല സര്‍വകലാശാലകളെയും മാതൃകയാക്കാം. നാഗ്പൂരിലെ മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാലയും ഹൈദരാബാദിലെ മൗലാനാ ആസാദ് ഉര്‍ദു സര്‍വകലാശാലയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ മുമ്പിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്താരാഷ്ട്ര സര്‍വകലാശാലകള്‍ക്ക് മാതൃകയായി നിര്‍ദിഷ്ട അന്താരാഷ്ട്ര അറബി സര്‍വകലാശാല സ്ഥാപിച്ചു കേരളം വഴികാട്ടേണ്ടിയിരുന്നു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ വ്യത്യസ്ത മേഖലകളില്‍ ഇന്ന് അനേകം അറബി പഠനകേന്ദ്രങ്ങളും സംവിധാനങ്ങളുമുണ്ട്. അറബി കോളജുകള്‍, മദ്‌റസകള്‍, അറബി ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോളജുകള്‍, പള്ളി ദര്‍സുകള്‍ എന്നിവ അവയില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. യൂനിവേഴ്‌സിറ്റികളുമായി അഫിലിയേറ്റ് ചെയ്ത 11 അറബി കോളജുകളും അഫിലിയേറ്റ് ചെയ്യാത്ത 60 സ്ഥാപനങ്ങളും പാരമ്പര്യ രീതിയില്‍ അറബി പഠിപ്പിക്കുന്ന 54 അറബി കോളജുകളും അറബി പഠിപ്പിക്കുന്ന യൂനിവേഴ്‌സിറ്റി ഡിപാര്‍ട്ട്‌മെന്റുകളും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss